
ന്യൂഡൽഹി: തുടർച്ചയായി നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കിൽ ഉടൻ വർധനവുണ്ടാകില്ലെന്ന ആശ്വാസമാണ് ആർബിഐയുടെ പുതിയ തീരുമാനം നൽകുന്നത്. പണനയ നിർണയ സമിതി (എംപിസി) യോഗത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. സമ്പദ്വ്യവസ്ഥയോടുള്ള 'ന്യൂട്രൽ' നിലപാട് തുടരാനും സമിതി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
എണ്ണവിലയിലെ ചാഞ്ചാട്ടം, പണപ്പെരുപ്പം ഉയരാനുള്ള സാധ്യത, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവ വെല്ലുവിളികളായി തുടരുന്നുണ്ടെങ്കിലും ആഭ്യന്തര സമ്പദ്വ്യവസ്ഥ ശക്തമായ നിലയിലാണ് മുന്നേറുന്നതെന്ന് ആർബിഐ വിലയിരുത്തി.
വിദേശ നിക്ഷേപ ഒഴുക്ക് വർധിച്ചതും ആർബിഐയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം 41 ബില്യൺ ഡോളർ (ഏകദേശം 3.89 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് എത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചെങ്കിലും ഇന്ത്യയിലെ മാനുഫാക്ചറിങ് മേഖല, കോർപ്പറേറ്റ് പ്രകടനം, സ്വകാര്യ നിക്ഷേപം, ആഭ്യന്തര ഉപഭോഗം, ഉപഭോക്തൃ ചെലവഴിക്കൽ, ഉൽപ്പന്ന-സേവന കയറ്റുമതി എന്നിവയിൽ മികച്ച പുരോഗതിയുണ്ടായതായി ഗവർണർ വ്യക്തമാക്കി. ഇതാണ് ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച കൈവരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറക്കുമതി ചെലവ് ഉയരുന്നത് മാനുഫാക്ചറിങ് മേഖലയ്ക്ക് സമ്മർദമാകുന്നുണ്ടെന്നും, വായ്പാ വളർച്ചയും അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള സർക്കാരിന്റെ ഉയർന്ന മൂലധന ചെലവും സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്ന ഘടകങ്ങളാണെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി. അതേസമയം, നടപ്പുവർഷത്തെ പണപ്പെരുപ്പ നിരക്കിനുള്ള അനുമാനം കുറച്ചതും ശ്രദ്ധേയമാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ ശക്തമായതോടെ വായ്പാ പലിശ വർധനയുടെ സാധ്യതയും കുറഞ്ഞിരിക്കുകയാണ്. ഇത് സാധാരണ ഉപഭോക്താക്കൾക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.










