
ന്യൂഡൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരമായി പ്രത്യേക തരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പോളിമർ കറൻസികൾ അവതരിപ്പിക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയും 20 രൂപയും ഉള്ള നോട്ടുകളാകും പുറത്തിറക്കുക.
ഇപ്പോൾ പ്രചാരത്തിലുള്ള നോട്ടുകൾ കോട്ടൺ അധിഷ്ഠിത പേപ്പറിൽ അച്ചടിക്കുന്നതിനാൽ വെള്ളം, പൊടി, സ്ഥിരമായ ഉപയോഗം, മടക്കിവയ്ക്കൽ തുടങ്ങിയ കാരണങ്ങളാൽ വേഗത്തിൽ മുഷിയാറുണ്ട്. സാധാരണയായി മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ ഇത്തരം നോട്ടുകൾ കേടാകുന്നതായാണ് കണക്ക്. എന്നാൽ പോളിമർ നോട്ടുകൾ കൂടുതൽ ദീർഘകാലം ഈടുനിൽക്കുന്നതും എളുപ്പത്തിൽ കേടാകാത്തതുമാണ്. കനം കുറവായതിനാൽ ഉപയോഗത്തിനും സൗകര്യപ്രദമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 2380 കോടി മുഷിഞ്ഞ നോട്ടുകളാണ് റിസർവ് ബാങ്ക് വിപണിയിൽ നിന്ന് പിൻവലിച്ചത്. മുൻവർഷത്തേക്കാൾ 12.3 ശതമാനം കൂടുതലാണിത്. പിൻവലിച്ച നോട്ടുകളിൽ കൂടുതലും 500 രൂപയുടെ നോട്ടുകളായിരുന്നു.
പോളിമർ നോട്ടുകളുടെ മറ്റൊരു പ്രധാന ഗുണം കള്ളനോട്ടടിക്ക് നിയന്ത്രണം വരുത്താനാകുമെന്നതാണ്. പ്ലാസ്റ്റിക് അധിഷ്ഠിതമായതിനാൽ കൂടുതൽ സുരക്ഷാ സവിശേഷതകളും പ്രത്യേക മഷികളും ഉൾപ്പെടുത്താൻ കഴിയും. അതുവഴി വ്യാജനോട്ടുകൾ നിർമ്മിക്കുക കൂടുതൽ ബുദ്ധിമുട്ടാകും.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായിട്ടും കറൻസി ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിലുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ശതമാനം വർധനവാണിത്. മൊത്തം പ്രചാരത്തിലുള്ള കറൻസികളിൽ 40 ശതമാനവും 500 രൂപ നോട്ടുകളാണ്.
കറൻസി അച്ചടിക്കായി 2024-25ൽ റിസർവ് ബാങ്ക് ചെലവഴിച്ചത് 6372.8 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ചെലവ് ഗണ്യമായി ഉയർന്നു. പോളിമർ നോട്ടുകൾ കൂടുതൽ കാലം നിലനിൽക്കുന്നതിനാൽ അച്ചടി ചെലവ് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർബിഐ.
ഇത് ആദ്യമായല്ല പോളിമർ കറൻസിയെ കുറിച്ചുള്ള ആലോചന. 2012ലും കൊച്ചി, മൈസൂർ, ജയ്പുർ, ഷിംല, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപ പോളിമർ നോട്ടുകൾ ഇറക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം പദ്ധതി നടപ്പായില്ല. ഇപ്പോൾ എടിഎം സംവിധാനങ്ങളടക്കമുള്ള സാങ്കേതിക പുരോഗതികൾ അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തൽ.
1988ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി അവതരിപ്പിച്ചത്. ഇന്ന് കാനഡ, യുകെ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, ന്യൂസിലൻഡ് ഉൾപ്പെടെ 60ഓളം രാജ്യങ്ങൾ ഇത്തരം നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന 10, 20 രൂപ നോട്ടുകൾ വിജയകരമായാൽ മറ്റ് മൂല്യമുള്ള നോട്ടുകളിലേക്കും പോളിമർ സംവിധാനം വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ നീക്കം.










