
ന്യൂഡൽഹി: രൂപയുടെ മൂല്യം സംരക്ഷിക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നടപടികൾ പ്രവാസി ഇന്ത്യക്കാർക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തൽ. പ്രത്യേകിച്ച് ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) അഥവാ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്.
പ്രവാസികൾക്ക് വിദേശ കറൻസിയിൽ തന്നെ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് എഫ്സിഎൻആർ (ബി) അക്കൗണ്ട്. ഡോളർ, യൂറോ, പൗണ്ട്, യെൻ, ഓസ്ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ തുടങ്ങിയ കറൻസികളിൽ നിക്ഷേപം നടത്താനാകും. നിക്ഷേപത്തുകയും പലിശയും അതേ വിദേശ കറൻസിയിൽ തന്നെയാണ് ലഭിക്കുക.
ഇതുവരെ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങൾക്ക് 3 മുതൽ 4.5 ശതമാനം വരെ മാത്രമാണ് പലിശ ലഭിച്ചിരുന്നത്. രാജ്യത്തെ സാധാരണ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്ന 6 മുതൽ 7 ശതമാനം വരെയുള്ള പലിശയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറഞ്ഞ നിരക്കായതിനാൽ പ്രവാസികൾക്ക് ഈ പദ്ധതിയോട് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. ഇതിന്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത്തരം നിക്ഷേപങ്ങളിൽ വലിയ ഇടിവും രേഖപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് ബാങ്കുകൾ നേരിടുന്ന വിനിമയനിരക്ക് അപകടസാധ്യതയുടെ (ഹെഡ്ജിങ്) ചെലവ് താൽക്കാലികമായി റിസർവ് ബാങ്ക് ഏറ്റെടുക്കുമെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30 വരെ ഈ ഇളവ് ബാധകമായിരിക്കും.
ബാങ്കുകളുടെ ചെലവ് കുറയുന്നതോടെ അതിന്റെ പ്രയോജനം നിക്ഷേപകർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ 3–4.5 ശതമാനം പലിശനിരക്ക് 6–6.5 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പുതിയ നടപടികളിലൂടെ സെപ്റ്റംബർ മാസത്തോടെ മാത്രം 5,000 കോടി ഡോളർ (ഏകദേശം 4.75 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ നിക്ഷേപകർക്കായി പ്രഖ്യാപിച്ച മറ്റ് ഇളവുകളും കൂടി ചേർത്താൽ 7,000 കോടി ഡോളർ വരെ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ഇതോടെ പ്രവാസികൾക്ക് വിദേശ വരുമാനം രൂപയാക്കി മാറ്റാതെ തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ കൂടുതൽ ലാഭകരമായി നിക്ഷേപിക്കാൻ അവസരം ലഭിക്കും. ഉയർന്ന പലിശനിരക്കിനൊപ്പം വിദേശ കറൻസിയിൽ തന്നെ നിക്ഷേപം നിലനിർത്താനാകുന്നതും എഫ്സിഎൻആർ (ബി) അക്കൗണ്ടുകളുടെ പ്രധാന ആകർഷണമായി മാറും.










