
ഇൻഡസ്ഇൻഡ് ബാങ്കിന്റെ സിഇഒ സുമന്ത് കത്പാലിയയോടും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അരുൺ ഖുറാനയോടും രാജിവയ്ക്കാൻ നിർദ്ദേശിച്ച് റിസർവ് ബാങ്ക്. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ ഇൻഡസിന്റെ നിലവിലെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി റിസർവ് ബാങ്ക് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ പ്രവർത്തനത്തിൽ തടസ്സങ്ങളില്ലാതെയാകണം നേതൃമാറ്റം എന്നാണ് ആർബിഐയുടെ നിർദ്ദേശം. അതിനാൽ കത്പാലിയയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്. പുതിയ നേതൃത്വം ഇൻഡസ്ഇൻഡിന് പുറത്തുനിന്നുള്ളവരായിരിക്കണമെന്ന് ബാങ്കിന്റെ റെഗുലേറ്ററും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബാങ്കിന്റെ സിഇഒയുടെയും ഡെപ്യൂട്ടി സിഇഒയുടെയും കാലാവധി സംബന്ധിച്ച റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്നാണ് ബാങ്കിന്റെ നിലപാട്. "ബാങ്കിന്റെ സിഇഒയുടെയും ഡെപ്യൂട്ടി സിഇഒയുടെയും കാലാവധി സംബന്ധിച്ച സമീപകാല മാധ്യമ റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു," ബാങ്ക് അധികൃതർ പറഞ്ഞു.
ഫോറെക്സ് നിക്ഷേപം, ഡെറിവേറ്റിവ് ഇടപാടുകൾ എന്നിവയിലെ ചില പൊരുത്തക്കേടുകൾ പുറത്തുവന്നതോടെയാണ് ഇൻഡസിൻഡ് ബാങ്കിൽ പ്രതിസന്ധി ഉടലെടുത്തത്. 1500 കോടി രൂപയുടെ ഇടപാടുകൾ സംശയത്തിന്റെ നിഴലിൽ വന്നതോടെ ബാങ്കിൻെറ ഓഹരികളിൽ കനത്ത നഷ്ടം നേരിട്ടിരുന്നു.











