04:59am 17 September 2026
NEWS
റവാഡ കേവലമൊരു പേരുമാത്രമല്ല...; കണ്ണൂരിലെ സഖാക്കൻമാരുടെ നെഞ്ചകം കത്തുന്നു; പിന്നിൽ നടക്കുന്നത് എന്ത് ?
04/08/2025  07:00 PM IST
അനീഷ് മോഹനചന്ദ്രൻ
റവാഡ കേവലമൊരു പേരുമാത്രമല്ല...;  കണ്ണൂരിലെ സഖാക്കൻമാരുടെ നെഞ്ചകം കത്തുന്നു; പിന്നിൽ നടക്കുന്നത് എന്ത് ?

ഒരിക്കൽ ശത്രുപക്ഷത്ത് കണ്ടാൽ പിന്നെ അയാൾ മരണംവരെയും ശത്രുപക്ഷത്ത് തന്നെ ആയിരിക്കും. സൂര്യൻ പടിഞ്ഞാറുദിച്ചാലും അതിൽ മാറ്റമുണ്ടാകില്ല. പൊതുവേ സി.പി.എമ്മിന്റെ നയസമീപനം ഈ ലൈനിലാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ചിലത് സംഭവിക്കുമ്പോൾ വെളിവാകുന്നത് കൃത്യമായ ചില രാഷ്ട്രീയ ദിശാസൂചികകളാണ്. സംസ്ഥാന പൊലീസ്‌മേധാവി സ്ഥാനത്തേയ്ക്ക് ഡി.ജി.പി. റവാഡ ചന്ദ്രശേഖറിനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിയെ രാഷ്ട്രീയകേരളം അങ്ങിനെയാണ് വിലയിരുത്തുന്നത്. പ്രത്യക്ഷത്തിൽ രണ്ടുനാൾ നീണ്ട വാർത്താപ്രാധാന്യം മാത്രമേ റവാഡയുടെ നിയമനത്തിനുള്ളൂ എങ്കിലും സി.പി.എമ്മിനുള്ളിൽ വിശിഷ്യാ പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. 

1991 ബാച്ച് കേരളാകേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ തലശ്ശേരി എ.എസ്.പി. ആയിരിക്കെയാണ് കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായത്. പ്രസ്തുത സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് രക്തസാക്ഷികളായത്. ഇതേത്തുടർന്ന് സസ്‌പെൻഷനിലായ റവാഡ അന്നുമുതൽ സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു. തുടർന്ന് ഇ.കെ. നയനാർ മന്ത്രിസഭയുടെ കാലത്തും വി.എസ്. അച്യുതാനന്ദന്റെ കാലത്തും റവാഡ കേരള പൊലീസിൽ ഉണ്ടായിരുന്നെങ്കിലും തന്ത്രപ്രധാനമായ ചുമതല കളൊന്നും വഹിച്ചിരുന്നില്ല. സി.പി.എമ്മിന് അദ്ദേഹത്തോടുണ്ടായിരുന്ന അതൃപ്തി തന്നെയായിരുന്നു പ്രശ്‌നകാരണം. കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ റവാഡ അന്വേഷണസംഘത്തിന് നൽകിയ മൊഴി പാർട്ടിക്കെതിരായിരുന്നു എന്നതാണ് വിരോധത്തിന്റെ ആണിക്കല്ല്. അതായത് വെടിവെയ്പ്പിനേക്കാൾ വലിയ പാതകമായി പാർട്ടി കാണുന്നത് അതിനെ ന്യായീകരിച്ച മൊഴിയാണ് എന്ന് സാരം. 

അന്ന് മന്ത്രി ആയിരുന്ന എം.വി. രാഘവനെ കൊല്ലാൻ സി.പി.എമ്മുകാർ ആസൂത്രണം ചെയ്തിരുന്നെന്നും പ്രതിഷേധക്കാർക്കുനേരെ പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ മന്ത്രിയുടെ ജീവൻ ആപത്തിൽപെടുമായിരുന്നു എന്നുമായിരുന്നു റവാഡയുടെ അന്നത്തെ മൊഴി. പാർട്ടിയുടെ കണ്ണിലെ കരടാകാൻ ഇതിലും വലുത് വേറൊന്ന് വേണ്ടല്ലോ. ഏതായാലും കഴിഞ്ഞ 16 കൊല്ലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടർന്ന റവാഡ ഇപ്പോൾ സ്വന്തം കേഡറിലേക്ക് മടങ്ങിയെത്തിയത് സംസ്ഥാന പൊലീസ് സേനയുടെ അമരക്കാരനാകാൻ വേണ്ടിയാണ്. പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ വേണ്ടി യു.പി.എസ്.സി. കൈമാറിയ മൂന്നംഗപട്ടികയിൽ രണ്ടാമനായിരുന്നു റവാഡ. ഒന്നാമൻ നിതീഷ് അഗർവാളും മൂന്നാമൻ യോഗേഷ് ഗുപ്തയും സർക്കാരിന് അനഭിമതനായിരുന്നു. രണ്ടാമൻ റവാഡയോട് ആകെയുള്ളത് പാർട്ടി വിരോധം മാത്രം. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തെ ഒഴിവാക്കി നാലാമനെ പുറത്തുനിന്നും കൊണ്ടുവന്ന് ഇൻചാർജ്ജ് ഭരണം നൽകാൻ സർക്കാർ ആലോചിച്ചെങ്കിലും നിയമക്കുരുക്ക് ഭയന്ന് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 

പ്രത്യക്ഷത്തിൽ മേൽപ്പറഞ്ഞ കഥകളെല്ലാം തൃപ്തികരവും നീതിയുക്തവുമെന്ന് തോന്നാമെങ്കിലും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ ചില പദ്ധതികളുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കേന്ദ്രത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള റവാഡ ഏറെനാൾ ഇന്റലിജൻസ് ബ്യൂറോയിൽ താക്കോൽ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുമായിട്ടും അത്യാവശ്യം നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. അങ്ങിനൊരുദ്യോഗസ്ഥൻ സംസ്ഥാന പൊലീസ് സേന നയിക്കാനെത്തിയാൽ രണ്ടുണ്ട് ഗുണം. ഒന്ന് കേന്ദ്രവുമായുള്ള സ്മൂത്ത് ലെയ്‌സൺ വർക്ക് നടക്കും. അതിനോടൊപ്പം കേന്ദ്ര ഏജൻസികളിൽ നിന്നും നിർണ്ണായകവിവരങ്ങളോ നീക്കങ്ങളോ ചോർത്തി യെടുക്കാനോ മുൻകൂട്ടി അറിയാനോ സാധിക്കും. ഇത് സർക്കാർ തലത്തിലും വ്യക്തിപരമായി തനിക്കും മുതൽക്കൂട്ടാകും എന്നുതന്നെയാണ് മുഖ്യമന്ത്രി കരുതുന്നത്. 

എന്നാൽ മുഖ്യന്റെ തീരുമാനം കണ്ണൂരിലെ സഖാക്കൻമാർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്താണ്. മുൻ ജില്ലാസെക്രട്ടറിയും ഇപ്പോൾ പിണറായിയുടെ എതിർപക്ഷത്തെ പ്രമുഖനുമായ പി. ജയരാജനാണ് റവാഡയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. എന്നാൽ അദ്ദേഹത്തെ തിരുത്തി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യന്റെ വിശ്വസ്തനായ കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷും രംഗത്തുവന്നത് വെറുതേ ആയിരുന്നില്ല. പി. ജയരാജന്റെ നീക്കത്തിന് പാർട്ടിയുടെ പിന്തുണ ഉണ്ടാകില്ല എന്ന കൃത്യമായ സന്ദേശം കണ്ണൂരിലെ സഖാക്കൻമാർക്ക് പകർന്നുനൽകുക എന്നതായിരുന്നു തത്പരകക്ഷികളുടെ ലക്ഷ്യം. തന്റെവാദം പാർട്ടി നിലപാടിന് എതിരല്ലെന്ന ന്യായീകരണം പിന്നീട് പി. ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞെങ്കിലും കാര്യങ്ങൾ അത്രകണ്ട് പന്തിയല്ല എന്നാണ് ലഭ്യമാകുന്ന വിവരം. 

ആര് എന്തുപറഞ്ഞാലും ആര് എന്തുൾക്കൊണ്ടാലും ഇല്ലെങ്കിലും റവാഡ കണ്ണൂരിലെ സഖാക്കൻമാർക്ക് വില്ലൻ തന്നെയാണ്. തങ്ങളുടെ സഹപ്രവർത്തകരെ വെടിവെച്ച ഓഫീസറെ ഒരുതരത്തിലും അംഗീകരിക്കാൻ പാർട്ടിക്കാർ തയ്യാറല്ല എന്നാണ് ഗ്രൗണ്ട് ലെവലിൽ നിന്നും ലഭ്യമാകുന്ന വിവരം. ഇവിടെ പി. ജയരാജൻ ഉയർത്തുന്ന ഒറ്റപ്പെട്ട എതിർപ്പ് മാറ്റിനിർത്തിയാൽപ്പോലും കണ്ണൂരിലെ സഖാക്കൻമാരുടെ നെഞ്ചിൽ കത്തുന്ന തീ പാർട്ടിക്ക് പ്രതികൂലമായി ഭവിക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വം കണ്ണൂരിലെ പല തലമുതിർന്ന നേതാക്കൻമാരേയും അലോസരപ്പെടുത്തുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അവർ റവാഡ വിഷയത്തെ മേൽപ്പറഞ്ഞ അലോസരത്തോട് ചേർത്തു വായിക്കാനാണ് താത്പര്യപ്പെടുന്നത്. എം.വി. ജയരാജന് ശേഷം കെ.കെ. രാഗേഷിനെ കണ്ണൂർ ജില്ലാസെക്രട്ടറിയായി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. പാർട്ടിയെ തന്റെ വരുതിക്കുള്ളിൽ തന്നെ നിർത്തുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട. എന്നാൽ കണ്ണൂരിലെ അടിസ്ഥാനവർഗ്ഗം ഇപ്പോഴും മുൻ ജില്ലാസെക്രട്ടറി പി. ജയരാജനും യുവജനവിഭാഗം മുൻ എം.എൽ.എ. ടി.വി. രാജേഷിനുമൊപ്പമാണ്. പാർട്ടി ഗ്രാമങ്ങളിൽപ്പോലും സി.പി.എമ്മിന് വേട്ടുചോർച്ചയുണ്ടാകുന്നത് ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട സംഗതിയാണ്. ഇവിടെ ആരും പാർട്ടിക്കെതിരായി നിൽക്കുകയോ വോട്ടുകച്ചവടം നടത്തുകയോ ചെയ്യുന്നില്ല. അടിസ്ഥാനപരമായി പിണറായിക്ക് കണ്ണൂരിൽ സ്വീകാര്യത കുറഞ്ഞുവരുന്നു (താഴെത്തട്ടിൽ) എന്നതാണ് വസ്തുത. എന്നാൽ പാർട്ടി സംവിധാനങ്ങളും സർക്കാരുമൊക്കെ അദ്ദേഹത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് എന്നതിനാൽ ആരും ഒന്നും തുറന്നുപറയുന്നില്ലെന്ന് മാത്രം. 

എന്നാൽ ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ ഇതെല്ലാം പാർട്ടിക്ക് ദോഷം ചെയ്യും എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം. സി.പി.എമ്മിനെ കണ്ണൂരിൽ ഒറ്റയ്ക്ക് എതിർത്തുനിൽക്കുന്ന കെ. സുധാകരന്റെ കാലം ഏറെക്കുറേ കഴിഞ്ഞു എന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിന്റെ പിന്തുടർച്ച ക്കാരനായി വന്ന സണ്ണി ജോസഫിന്റെ തട്ടകം കണ്ണൂർ തന്നെയാണ്. കെ.പി.സി.സി. പ്രസിഡന്റായ ശേഷവും സണ്ണി ജോസഫ് അധികസമയവും ചെലവഴിക്കുന്നത് കണ്ണൂരിലാണ്. ഇതിന് പിന്നിൽ കെ. സുധാകരന്റെ കൃത്യമായ പ്ലാനിംഗ് ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. കണ്ണൂരിലെ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ഇതിലുംനല്ല അവസരം വേറില്ല എന്നാണ് സുധാകരൻ ക്യാമ്പ് കണക്കുകൂട്ടുന്നത്. എ.ഡി.എം. നവീൻ കുമാർ വിഷയവുമായി ബന്ധപ്പെട്ട് സാമാന്യ ജനങ്ങൾക്കെല്ലാം സി.പി.എമ്മിനോട് നല്ല നീരസമുണ്ട്. ഇതിനുപുറമേയാണ് സി.പി.എമ്മിനകത്തെ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ. ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള പല പ്രമുഖരും പ്രത്യക്ഷത്തിൽ പാർട്ടി ക്കൊപ്പമാണെങ്കിലും ഉള്ളുകൊണ്ട് പിൻവിലഞ്ഞ് നിൽക്കുകയാണ്. ഇതെല്ലാം 2005ലെ തദ്ദേശതിരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്. 

എം.വി.ആറിനില്ലാത്ത അയിത്തം എന്തിന്? 

അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന് പറയുന്നതുപോലെ റവാഡ വിഷയത്തിലും സി.പി.എമ്മിനുള്ളിൽ ചില വേറിട്ടസ്വരങ്ങൾ ഉയരുന്നുണ്ട്. കൂത്തുപറമ്പ് വിഷയത്തിൽ പാർട്ടി പ്രതിസ്ഥാനത്ത് നിർത്തുന്ന പ്രമുഖൻ അന്തരിച്ച മുൻമന്ത്രിയും സി.എം.പി. നേതാവുമായിരുന്ന എം.വി. രാഘവനാണ്. അദ്ദേഹത്തെ കണ്ണൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു സഖാക്കൻമാർ ഏറെനാൾ സമരം നടത്തിയത്. എന്നാൽ തന്റെ അവസാനകാലത്ത് മറവിരോഗത്തിന് അടിമപ്പെട്ട രാഘവനെ സി.പി.എം. ഏറെക്കുറേ ഏറ്റെടുത്തിരുന്നു. രാഘവനെ പാർട്ടിയുടെ താത്വികാചാര്യനായിപ്പോലും ചിലർ പാടിപ്പുകഴ്ത്തി. കണ്ണൂരിലെ സഖാക്കൻമാരുടെ നെഞ്ചിലെ കനൽ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ചിലർ നടത്തിയ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. എം.വി. രാഘവന്റെ മൂത്തമകൻ എം.വി. ഗിരീഷ്‌കുമാർ മാത്രമാണ് അതിനെതിരെ അന്ന് പരസ്യമായി രംഗത്തുവന്നത്. 

ശേഷം എം.വി. രാഘവന്റെ ഇളയമകനും മാധ്യമ പ്രവർത്തകനുമായ എം.വി. നികേഷ് കുമാറിനെ 2016 ൽ പാർട്ടി അഴീക്കോട് മത്സരിപ്പിച്ചെങ്കിലും തോറ്റുപോയി. തുടർന്ന് അദ്ദേഹം വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞെങ്കിലും ഇപ്പോൾ എല്ലാം വിട്ട് വീണ്ടും പാർട്ടിയിൽ സജീവസാന്നിദ്ധ്യമായി നിലകൊള്ളുന്നു. അനിയാ... ഒന്നുമറിയാത്ത കുരങ്ങനെപ്പോലെ നീ പാർട്ടിക്കുവേണ്ടി ചുടുചോറ് വാരരുത് എന്നായിരുന്നു ഗിരീഷ് കുമാർ അന്ന് നികേഷിനോട് പറഞ്ഞത്. ഏതായാലും പാർട്ടി പക്ഷത്ത് ശക്തിയുക്തം നിലകൊള്ളുന്ന നികേഷ് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും സി.പി.എമ്മിനുവേണ്ടി മത്സരിക്കുമെന്നുറപ്പാണ്. ഈ സാഹചര്യവും കണ്ണൂരിലെ സഖാക്കൻമാർ ന്യായീകരണക്യാപ്‌സൂളായി ഉപയോഗിക്കുന്നുണ്ട്. കൂത്തുപറമ്പിന്റെ മൂലകാരണക്കാരനായ എം.വി.ആറിനോടും മകനോടും പാർട്ടിക്ക് അയിത്തമില്ലെങ്കിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിൽ വെടിവെയ്ക്കാൻ ഉത്തരവിട്ട പൊലീസ് ഓഫീസറോട് എന്തിനീവിരോധം എന്നാണ് പാർട്ടിയിലെ ഒരു ന്യൂനപക്ഷം ചോദിക്കുന്നത്. 

ചോദ്യത്തിൽ ലേശം കഴമ്പുണ്ടെങ്കിലും സഖാക്കൻമാർ പലരും പ്രതികരിക്കാൻ മടിക്കുകയാണ്. 2026 ൽ നികേഷ്‌കുമാറിന് വേണ്ടി തങ്ങൾ പ്രചാരണത്തിനിറങ്ങേണ്ടി വരും എന്നതുതന്നെയാണ് പലരേയും പിന്തിരിപ്പിക്കുന്നത്. ചിലരെങ്കിലും പരോക്ഷമായോ സൈബർ ഇടങ്ങളിലോ മറുവാദങ്ങൾ ചോദിക്കുന്നുണ്ട്. ചിലർക്ക് ഉന്നയിക്കാൻ ഒരു ഗാനം മാത്രമാണുള്ളത്  പുഷ്പനെ അറിയാമോ... നമ്മുടെ പുഷ്പനെ അറിയാമോ... സഖാവിനെ അറിയാമോ... ആ ഗാനത്തിൽ എല്ലാമുണ്ട്. 

രേഖകൾ പുറത്ത്, മുഖ്യൻ പ്രതിരോധത്തിൽ

പാർട്ടിക്ക് റവാഡയോട് വിരോധമൊന്നുമില്ല എന്നാണ് ടീം പിണറായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിന് വിരുദ്ധമാണ്, അന്ന് കൂത്തുപറമ്പ് എം.എൽ.എ. ആയിരുന്ന പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം. കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി പിണറായി നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങിനെ:  കൂത്തുപറമ്പിൽ നടന്നത് ആസൂത്രിത നരവേട്ടയാണ്. അതിന് കാരണക്കാരനായ എ.എസ്.പി. റവാഡയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ക്രൂരതയുടെ മനുഷ്യരൂപം പൂണ്ട കണ്ണൂർ ഡിവൈ.എസ്.പി. ഹക്കീം ബത്തേരിയും മന്ത്രി എം.വി. രാഘവനും ചേർന്നാണ് എല്ലാം നടപ്പാക്കിയത്. പ്രവർത്തകരെ വെടിവെയ്ക്കരുതെന്നും അവർ കരിങ്കൊടികാട്ടിയിട്ട് തിരിച്ചുപോകുമെന്നും സ്ഥലത്തുണ്ടായിരുന്ന എം.വി. ജയരാജൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് വെടിവെയ്പ്പ് ഒരു പരിശീലനമാണ് എന്നാണ് റവാഡ പറഞ്ഞത്. ചെറുപ്പക്കാരെ വെടിവെയ്ക്കുന്നത് പരിശീലനമാക്കിയ റവാഡയെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം. 

തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം പുറത്തുവന്നിട്ടും അധികൃതർ ആരും അതേക്കുറിച്ച് മിണ്ടുന്നില്ല. മാത്രമല്ല സൈബർ ഇടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ക്യാപ്‌സൂളുകളും വലുതായി സർക്കുലേറ്റ് ചെയ്യപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് പോരാളി ഷാജിക്ക് സമാന്തരമായി പുതിയ സൈബർപ്പട സജ്ജമാ ക്കുന്നതിനെക്കുറിച്ചുപോലും പാർട്ടി ചിന്തിക്കുന്നതത്രേ. എം.വി. നികേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സൈബർ സ്‌പേസിൽ ഒരു പതിനായിരപ്പട സജ്ജമാക്കുന്ന കാര്യം പാർട്ടിയുടെ സജീവപരിഗണനയിലാണ്. തന്റെ രാഷ്ട്രീയ നിലനിൽപ്പിന് സൈബർപ്പടയുടെ ആവശ്യകത അനിവാര്യമാണെന്ന് നികേഷ്‌കുമാറും തിരിച്ചറിയുന്നു. എന്നാൽ ഇത് പാർട്ടിക്ക് തന്നെ തിരിച്ചടിയാകാനുള്ള സാദ്ധ്യതയും നേതാക്കൻമാർ തള്ളുന്നില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img