
തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ നായക നടനാണ് രവി മോഹൻ.
കഴിഞ്ഞ കുറച്ച് കാലമായി വിവാഹ മോചന തർക്കങ്ങൾ, ഗായിക കെനിഷയുമായുള്ള അടുത്ത സൗഹൃദം എന്നിങ്ങനെ വിവിധ വിവാദങ്ങളിലും, വാർത്തകളിലും ഇടം നേടിക്കൊണ്ടിരിക്കുകയാണ് രവി മോഹൻ. എന്നിരുന്നാലും, തന്റെ പ്രൊഫഷണൽ രംഗത്ത്, അദ്ദേഹം വളരെ തിരക്കിട്ടു പ്രവർത്തിച്ച് വരികയുമാണ്. ഈയിടെ സ്വന്തം സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയ രവി മോഹൻ, ഇപ്പോൾ 'യോഗി' ബാബുവിനെ നായകനാക്കി ഒരു ചിത്രം ഒരുക്കി വരികയാണ്. അതേ സമയം 'കരാത്തെ ബാബു', 'ബ്രോ കോഡ്, 'ജീനി' തുടങ്ങിയ ചില സിനിമകളിലും അഭിനയിച്ച് കൊണ്ടിരിക്കുന്ന രവി മോഹൻ സുഹൃത്തായ കെനിഷയോടൊപ്പം സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും, പൊതുചടങ്ങുകളിലും പതിവായി പങ്കെടുക്കാറുമുണ്ട്. ഇത് വേർപിരിഞ്ഞ ഭാര്യ ആരതിയെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കുന്നതെന്നുള്ള വിമർശനങ്ങളും ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് രവി മോഹൻ അടുത്ത് തന്നെ ഗോവയിൽ സെറ്റിലാവാൻ പോകുകയാണ് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. അതിനായി ഗോവയിൽ ഒരു വീടും, സ്ഥലവും വാങ്ങിയതായും അവിടെ സ്ഥിരതാമസമാക്കാനാണ് രവി മോഹൻ ഉദ്ദേശിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ചെന്നൈയിലെ കോടമ്പാക്കത്തുള്ള മാതാപിതാക്കളുടെ വീട്ടിലാണ് രവിമോഹൻ മുമ്പ് താമസിച്ചിരുന്നത്. പിന്നീട് ചെന്നൈ ECR റോഡ് ഏരിയാവിലുള്ള ഒരു വിശാലമായ വസതിയിലേക്ക് രവി മോഹൻ താമസം മാറുകയും ചെയ്തിരുന്നു. ഇപ്പോൾ തമിഴ് സിനിമയിലെ സൂര്യ, എ.ആർ.റഹ്‌മാൻ, യുവൻ ശങ്കർ രാജ തുടങ്ങിവർക്ക് പിന്നാലെ രവി മോഹനും വേറൊരു സംസ്ഥാനത്തേക്ക് താമസം മാറ്റാൻ പോകുന്ന എന്ന വാർത്ത അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന്റെ പിന്നിൽ കെനിഷയാണ് പ്രധാന പങ്കു വഹിക്കുന്നതെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.
Photo Courtesy - Google










