09:19pm 14 June 2024
NEWS
ആ ശബ്ദമെല്ലാം എന്റേത് തന്നെ... അമ്മയുടെ മകൾ, ഡബ്ബിംഗിൽ താരമാകാൻ രവീണ രവി
11/06/2024  08:13 AM IST
ശരത് സുബ്രഹ്മണ്യൻ
ആ ശബ്ദമെല്ലാം എന്റേത് തന്നെ... അമ്മയുടെ മകൾ, ഡബ്ബിംഗിൽ താരമാകാൻ രവീണ രവി
HIGHLIGHTS

ആസൂത്രണങ്ങളൊന്നും കൂടാതെ, സ്വാഭാവികമായിത്തന്നെ കുടുംബ തുടർച്ചയെന്നോണം ഡബ്ബിംഗ് രംഗത്തേയ്ക്ക് പ്രവേശിക്കുന്ന രവീണ രവിയുടെ വിശേഷങ്ങളിലേക്ക്...

?അമ്മയുടെ ഒൻപത് മക്കളിൽ ഒരാളാണ് ശ്രീജ. ഡബ്ബിംഗ് പോകുമ്പോൾ ശ്രീജയെ മാത്രം കൊണ്ടുപോകാനുള്ള കാരണം എന്തായിരുന്നു.
ഞാൻ എട്ടാമത്തെ ആളാണ്. എന്റെ മൂത്ത ചേച്ചിയും, 3 ചേട്ടന്മാരും അന്ന് ഓരോ ജോലിയിൽ കയറിയിരുന്നു... പിന്നെ ഒരു ചേച്ചി ഹോമിയോ ഡോക്ടർ ആയിരുന്ന മൂത്ത ചേച്ചിയുടെ കൂടെ തുണയ്ക്ക് പോയിരുന്നു. ഏറ്റവും ഇളയ(ജ്യോതിഷ്‌കുമാർ) അനിയനും എന്റെ നേരെ മൂത്ത ഏട്ടന്മാർ പ്രകാശ് ബാബുവും, റാസിഖ്‌ലാലും. റാസിഖ്‌ലാലിനെ ബേബി എന്നുവിളിക്കും. ഞങ്ങൾ 4 പേരാണ് ചെന്നൈയ്ക്ക് അമ്മയുടെ കൂടെ പോയത്. ബേബിയും ജ്യോതിഷ്‌കുമാറും അഭിനയവും ഡബ്ബിംഗും ചെയ്യാറൊക്കെയുണ്ട്.

?അന്നുതന്നെ ഡബ്ബിംഗ് ആണ് ജീവിതമാർഗ്ഗം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ.
ആദ്യമൊക്കെ അത് തീരെ കാര്യമാക്കിയിരുന്നില്ല. എന്തെങ്കിലും ശബ്ദം മൈക്കിന് മുന്നിൽ ചെന്നുപറഞ്ഞാൽ അതിനുള്ള കാശ് വൈകുന്നേരം ആവുമ്പോഴേക്കും കിട്ടും. അന്ന് ഡബ്ബിംഗ്.. ഞാൻ സ്‌ക്കൂൾ കുട്ടി ആയിരുന്ന സമയത്ത് തന്നെ വൈകുന്നേരങ്ങളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. അത് ചെയ്തുകൊണ്ടിരുന്നപ്പോൾ അവസരങ്ങൾ കൂടുതൽ വന്നു. പിന്നീടാണ് ഇത് ജീവിതമാർഗ്ഗം തന്നെ എന്ന് തിരിച്ചറിഞ്ഞത്.

?മകൾക്ക് എങ്ങനെയായിരുന്നു ഡബ്ബിംഗിലേക്കുള്ള പ്രവേശനം.
ഞാൻ അമ്മയുടെ കൂടെ ഡബ്ബിംഗ് സ്റ്റുഡിയോകളിൽ പോകുന്ന പോലെ ഞാനും രവിയേട്ടനും ഞങ്ങടെ മോളെ എവിടെപ്പോയാലും കൊണ്ടുപോകുമായിരുന്നു. ഒന്നേ മുക്കാൽ വയസ്സിൽ ആണ് ശരിക്കും അവൾ മൈക്കിന് മുന്നിൽ നിൽക്കുന്നത്. തോട്ടം ചിണുങ്ങി എന്ന ഞാൻ ദേവയാനിക്ക് ഡബ്ബ് ചെയ്ത പടത്തിന്റെ റേഡിയോ പരസ്യത്തിനെത്തുന്നു. അതിന് ശേഷം നിരവധി പരസ്യങ്ങൾക്ക് ഡബ്ബ് ചെയ്തു. വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാലേട്ടന്റെ മകൾക്കും, എഫ്.ഐ.ആർ എന്ന സിനിമയിൽ സുരേഷ് ഗോപി ഏട്ടന്റെ മകൾക്കും ഡബ്ബ് ചെയ്തു. കോളേജിൽ എത്തിയപ്പോൾ ആണ് നായികമാർക്ക് ചെയ്യാൻ അവസരം ലഭിക്കുന്നത്.

?മകളുടെ ഈ വാസന അമ്മ എങ്ങനെയാണ് തിരിച്ചറിഞ്ഞത്.
അവൾ കേൾക്കുന്നതെന്തും റിപ്പീറ്റ് ചെയ്യുമായിരുന്നു. പിന്നെ നല്ല ശബ്ദവും തന്നെയാണ്. ഞാൻ പറഞ്ഞ ഒരു വാക്ക് റിപ്പീറ്റ് ചെയ്തിട്ടാണ് അവൾ ആദ്യം ഡബ്ബിംഗിലേക്ക് വരുന്നത്.

?അമ്മ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം മകൾ എപ്പോഴാണ് തിരിച്ചറിഞ്ഞത്.
അമ്മ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ ഞാനും കൂടെ പോകും. ചില സമയങ്ങളിൽ ഒറ്റസ്‌ട്രെച്ച് ഉള്ള ഡയലോഗുകൾ ഒറ്റയടിക്ക് പറഞ്ഞുതീർക്കും. ചിലപ്പോൾ തൊണ്ട പൊട്ടും. ഇതൊക്കെ കാണുമ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞതാണ് അമ്മ ചെയ്യുന്ന ജോലിയുടെ മഹത്വം.

?അമ്മയിൽ മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം.
അമ്മ ഭയങ്കര സ്‌നേഹമാണ്. എന്നോട് എപ്പോഴും ഒരു കെയർ അമ്മയ്ക്കുണ്ട്. ഞാൻ എന്ത് തെറ്റ് ചെയ്താലും അമ്മ ക്ഷമിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അത്രത്തോളം ക്ഷമയും അമ്മയ്ക്കുണ്ട്.

?അമ്മ ഡബ്ബ് ചെയ്തതിൽ മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വോയ്‌സ്.
എനിക്ക് എപ്പോഴും ഇഷ്ടം, അമ്മ കാവ്യാമാധവന് ഡബ്ബ് ചെയ്യുന്നതാണ്. അമ്മയ്ക്ക് കൂടുതൽ ഇഷ്ടം ശാലിനിയാണ്.

?വാലാട്ടി എന്ന സിനിമയിൽ പട്ടിക്ക് വേണ്ടിയാണല്ലോ രണ്ടുപേരും ഡബ്ബ് ചെയ്തത്.
ശ്രീജ: ഞാൻ ഇതിന് മുൻപ് 'കാടിന്റെ മക്കൾ' എന്ന സിനിമയിൽ ഒരു ആനക്കുട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഇത് എന്റെ രണ്ടാമത്തെ അനുഭവമാണ്. പക്ഷേ ഇത് ഭയങ്കര രസകരമായിരുന്നു.
രവീണ: ഇതെന്റെ ആദ്യത്തെ സിനിമയാണ്. ഇതിന് മുന്നേ പട്ടിക്ക് ഒന്നും ചെയ്തിട്ടില്ല. അത് ചെയ്തുകഴിഞ്ഞപ്പോൾ എനിക്ക് എന്നോടുതന്നെ ഒരു അഭിമാനം തോന്നി.

?ശബ്ദം യുവത്വത്തോടെ നിലനിർത്താൻ എന്തൊക്കെ റെമഡി ചെയ്യാറുണ്ട്.
അങ്ങനെ ഒന്നും നമ്മൾ വിചാരിച്ചാൽ ശബ്ദത്തിൽ യുവത്വം നിലനിർത്താൻ ആകില്ല. അത് ദൈവാനുഗ്രഹം മാത്രമാണ്.
പിന്നെ തണുത്ത വെള്ളം അങ്ങനെ കൂടുതൽ കുടിക്കാറില്ല. ചൂടുവെള്ളം ആണ് എപ്പോഴും കുടിക്കുക. ഐസ്‌ക്രീം ഇഷ്ടം പോലെ കഴിക്കും. വേറെയൊന്നും പ്രത്യേകിച്ച് ചെയ്യാറില്ല.

?രവീണയ്ക്ക് അഭിനയം ആണോ ഡബ്ബിംഗ് ആണോ കൂടുതൽ ഇഷ്ടം.
എനിക്ക് രണ്ടും ഒരുപോലെ ഇഷ്ടമാണ്. രണ്ടും എനിക്ക് നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട് എന്നത് എന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM