
ഡൽഹി ജെഎൻയു സർവകലാശാലയിൽ സംഘർഷം. എബിവിപി നടത്തിയ ഘോഷയാത്രക്കു പിന്നാലെയാണ് സംഘർഷാവസ്ഥയുണ്ടായത്. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച രാവണദഹനമാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. ജെഎൻയുവിലെ പൂർവ വിദ്യാർത്ഥികളായ മർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ചായിരുന്നു എബിവിപിയുടെ ഘോഷയാത്ര. ഇതിനെ എസ്എഫ്ഐ - ഐസ പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി രാവണദഹനം ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ചെന്നാണ് ആരോപണം. എന്നാൽ, രാവണദഹന ഘോഷയാത്രയെ ഇടതുസംഘടനകൾ ആക്രമിക്കുകയായിരുന്നെന്നാണ് എബിവിപി ആരോപിക്കുന്നത്. ഒരു മതപരിപാടിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, വിദ്യാർഥികളുടെ വിശ്വാസങ്ങൾക്കും സർവകലാശാലയുടെ ഉത്സവപാരമ്പര്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണിതെന്ന് എബിവിപി അധ്യക്ഷൻ മായങ്ക് പാൻചാൽ പറഞ്ഞു.











