
യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണടിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫിൻലന്റിൽ സ്ഥിരതാമസക്കാരനായ സനൽ ഇടമുറകിനെതിരെ 2020ലാണ് ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്.
മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനായി മാർച്ച് 28ന് പോളണ്ടിലെത്തിയപ്പോഴാണ് സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. സനൽ ഇടമുറക് അറസ്റ്റിലായതായി ഫിൻലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
2012ൽ മതനിന്ദയ്ക്ക് കേസെടുത്തതിനു പിന്നാലെയാണ് സനൽ ഫിൻലന്റിലേക്ക് പോയത്. ദീർഘകാലമായി ഫിൻലന്റിൽ തുടരുകയായിരുന്നു സനൽ. 2018ൽ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിലും സനൽ പ്രതിയായി. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്.











