
കേരളത്തിൽ റേഷനരിയുടെ വില വർധിപ്പിച്ചേക്കും. മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില വർധിപ്പിക്കാനാണ് നീക്കം. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള നാലുരൂപ ആറുരൂപയായി വർധിപ്പിക്കണമെന്നാണ്സർക്കാർ സമിതിയുടെ ശുപാർശ. മാസം 3.14 കോടിരൂപയുടെ അധിക വരുമാനം സർക്കാരിന് ഇതിലൂടെ ലഭിക്കും.
സബ്സിഡിയുള്ള മുൻഗണനേതര കാർഡുകാർക്കും സബ്സിഡിയില്ലാത്ത മുൻഗണനേതര കാർഡുകാർക്കും അരി വിതരണംചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നൽകുന്നില്ല. എൻപിഎൻഎസ് അരിയുടെ വിലയായി എഫ്സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്ക്കേണ്ടത്. ഈ അരിക്ക് റേഷൻ വ്യാപാരികൾ 8.90 രൂപനൽകും. വിലകൂട്ടിയാൽ രണ്ടുവിഭാഗങ്ങൾക്കുമുള്ള അരിവിലയിനത്തിൽ വർഷം 50 കോടി രൂപ അധികമായി സർക്കാർ ഖജനാവിലെത്തുമെന്നാണ് സമിതി വ്യക്തമാക്കുന്നത്.
റേഷൻകടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്. രാവിലെ ഒൻപതുമുതൽ ഒരുമണിവരെയും വൈകിട്ട് നാലുമുതൽ ഏഴുമണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കണം എന്നാണ് ശുപാർശ. 3782 റേഷൻ കടകൾ പൂട്ടാനും ശുപാർശയുണ്ട്. ഇതിനെതിരേ വ്യാപാരികൾ രംഗത്തുവന്നതിനാൽ ചർച്ചനടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.











