01:20am 06 November 2026
NEWS
റേഷന്‍ വിതരണ പ്രതിസന്ധി: റേഷന്‍ കടകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി
28/01/2025  08:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റേഷന്‍ വിതരണ പ്രതിസന്ധി: റേഷന്‍ കടകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി

കൊച്ചി: റേഷൻ പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധാർഷ്ട്യം ആണെന്ന് കെപിസിസി രാഷ്ട്രകാര്യ സമിതി അംഗം റോജി എം ജോൺ എംഎൽഎ.സർക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കെപിസിസി ആഹ്വാനപ്രകാരം ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധർണകളുടെ ജില്ലാതല ഉദ്ഘാടനം അങ്കമാലിയിലെ തുറവൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സർക്കാരായി ഈ സർക്കാർ മാറിയിരിക്കുകയാണ്. ജനങ്ങളിൽ നിന്നും സെസ് പിരിക്കുവാനുള്ള നടപടി വിരോധാഭാസമാണ്. ഈ വർഷം തന്നെ നിരവധി തവണയാണ് റേഷൻ മുടങ്ങിയത്. ജനങ്ങൾ പൊതു വിപണിയിൽ നിന്നും വലിയ വിലയ്ക്ക് സാധനങ്ങൾ വാങ്ങേണ്ട സ്ഥിതിയാണ്. സർക്കാർ പൊതു സംവിധാനങ്ങളെ തകർത്തുകൊണ്ട് മറ്റു വിപണികളെ ശക്തിപ്പെടുത്തുവാനുള്ള സർക്കാരിന്റെ സമീപനം വഞ്ചനയാണ്. നിത്യേന വിലവർധനവ് ഉണ്ടാകുമ്പോൾ അതിനെ നിയന്ത്രിക്കേണ്ട നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിലാണ് റേഷൻകടകൾക്ക് മുൻപിൽ പ്രതിഷേധ സമരം നടന്നത്. ബാക്കിയുള്ള 50 കേന്ദ്രങ്ങളിൽ  ഇന്ന് സമരം നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്,അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img