04:51am 14 July 2026
NEWS
കേരളത്തിനു തിരിച്ചടിയാകുന്ന റേഷൻ വിതരണ ഭേദഗതി; ഭക്ഷ്യധാന്യം വെട്ടിക്കുറയ്ക്കൽ എഥനോൾ ഉൽപാദനത്തിനെന്നു സംശയം
13/07/2026  06:32 PM IST
ചവറ സുരേന്ദ്രൻപിള്ള
കേരളത്തിനു തിരിച്ചടിയാകുന്ന റേഷൻ വിതരണ ഭേദഗതി; ഭക്ഷ്യധാന്യം വെട്ടിക്കുറയ്ക്കൽ എഥനോൾ ഉൽപാദനത്തിനെന്നു സംശയം

ഭക്ഷ്യധാന്യവിതരണത്തിലെ അഴിമതികളും വെട്ടിപ്പുകളും തടയാനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം റേഷൻ വിതരണ സമ്പ്രദായത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ തയ്യാറാകുന്നു. ഇതനുസരിച്ച് 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്ത് നിലനിൽക്കുന്ന പൊതുവിതരണ സംവിധാനത്തിന്റെ സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമായിട്ടാണ് സംസ്ഥാനങ്ങൾ ഇതിനെ കാണുന്നത്. സാർഥക് പി.ഡി.എസ്. എന്ന പദ്ധതി 2026 മേയ് മാസത്തിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2031 വരെയുള്ള ഈ സാർഥക് പൊതുവിതരണ പദ്ധതിയ്ക്ക് 25530 കോടി രൂപയും അനുവദിച്ചിരുന്നു. പദ്ധതിയുടെ വിശദാംശങ്ങളിലാണ് റേഷനിങ്ങിലെ സമഗ്രമാറ്റങ്ങൾ വ്യക്തമാക്കുന്നത്. നിയമ ഭേദഗതിയുടെ കരട് അഭിപ്രായ സ്വരൂപീകരണത്തിനായി സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കുകയാണ്. 

2017 ലും ഇത്തരത്തിൽ അന്ത്യോദയ റേഷൻ വിഹിതം പരിമിത പ്പെടുത്തുന്നതിനായി കരട് നിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നടപ്പാക്കാൻ കേന്ദ്രം നീങ്ങുന്നത്. പൊതുവിതരണത്ത് സർക്കാർ നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ 28 ശതമാനം വരെ ഗുണഭോക്താക്കളിൽ എത്തുന്നില്ലെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.         
                                             
സംസ്ഥാനങ്ങൾക്കുള്ളിലെ ഭക്ഷ്യധാന്യ നീക്കം, റേഷൻ കടക്കാർക്കുള്ള കമ്മീഷൻ, കൈകാര്യച്ചെലവ് എന്നിവ ഒറ്റ സോഫ്റ്റ്‌വേറിൽ ബന്ധിപ്പിക്കും. വിൽപനയ്ക്ക് ആനുപാതികമായിട്ടേ കമ്മീഷൻ നൽകൂ. ഭക്ഷ്യധാന്യക്കടത്ത് ചെലവ്, സപ്ലൈക്കോ പോലുള്ള റേഷൻ വിതരണ ഏജൻസികൾക്കുള്ള സഹായം, ഇ-പോസ് ഉൾപ്പെടെ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള സഹായം എന്നീ വ്യത്യസ്ത സ്‌ക്കീമുകളിലുള്ളവ ഒന്നിപ്പിക്കും. സംഭരണം, സംസ്‌കരണം, വിതരണം എന്നിവ ഒരേ സോഫ്റ്റ് വേറിന് കീഴിലാക്കും. അന്ത്യോദയ - അന്നയോജന വിഭാഗത്തിലെ കാർഡുകാർക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം എന്നതു മാറ്റി വ്യക്തിയൊന്നിന് ഏഴു കിലോഗ്രാം എന്നാക്കും. അന്ത്യോദയ - അന്നയോജന വിഭാഗത്തിന്റെ പട്ടിക ദേശീയതലത്തിൽ ഒന്നിപ്പിച്ച് ഇരട്ടിപ്പും മറ്റും തടയാൻ എ.ഐ. അധിഷ്ഠിത ടൂൾ ഉപയോഗിച്ച് വിശകലനം ചെയ്യും.                                              
വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഭക്ഷ്യവിഹിതം ഉപയോഗിച്ച് സാമൂഹിക- വനിതാ-ശിശു - ഭിന്നശേഷി ക്ഷേമങ്ങൾക്കുള്ള വ്യത്യസ്ത വിതരണ പദ്ധതികൾ ഒരു കുടക്കീഴിലാക്കും. ഒരേ ഗുണഭോക്താവിന് വ്യത്യസ്ത ആനുകൂല്യം കിട്ടില്ല. ഭക്ഷ്യധാന്യ ലോറികളുടെ ട്രാക്കിങ് പൂർണമാക്കും. ഭക്ഷ്യധാന്യ കടത്തിനും വിതരണത്തിനും സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക വിഹിതം വർധിപ്പിക്കും. ഒറ്റ ആപ്പ് വഴി വിവരങ്ങൾ നൽകും. ഗുണഭോക്താക്കൾക്ക് ഈ ആപ്പ് വഴി പരാതികളും അറിയിക്കാം. 
                                 
ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കുള്ള അന്ത്യോദയ - അന്നയോജന (എ.എ.വൈ - മഞ്ഞകാർഡ്) റേഷൻകാർഡിനുള്ള ഭക്ഷ്യധാന്യ വിഹിതം ഓരോ അംഗത്തിനും 7 കിലോഗ്രാം എന്നതിലേക്ക് മാറ്റിയാൽ ഒരു വർഷം ഒരു ലക്ഷം ടൺ അരി സംസ്ഥാനത്തിനു കുറയും. കേരളത്തിൽ 5, 94,448 എ.എ.വൈ. കാർഡുകളിലായി 18, 33, 360 അംഗങ്ങളാണുള്ളത്. ഓരോ കാർഡിലും ശരാശരി 3.08 അംഗങ്ങൾ . 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിച്ചതിന്റെ അളവ് 14 കിലോഗ്രാം കുറഞ്ഞ് ശരാശരി 21 കിലോഗ്രാമാകും. മഞ്ഞക്കാർഡ് കൂടുതലുള്ള തിരുവനന്തപുരം, വയനാട്, തൃശൂർ ജില്ലകളെയാണ് ഇത് കൂടുതൽ ബാധിക്കുക.      
                                                       
2000 ഡിസംബർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ - അന്നയോജന (എ.എ.വൈ). ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഒരു കോടി കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു. രാജസ്ഥാനിലായിരുന്നു പദ്ധതി ആദ്യമായി ആരംഭിച്ചത്. ആരംഭത്തിൽ ഒരു കുടുംബത്തിന് പ്രതിമാസം 25 കിലോഗ്രാമായിരുന്നു. പിന്നീട് 2002 ഏപ്രിൽ മുതൽ ഇത് 35 കിലോഗ്രാമാക്കി. കൂടാതെ ഗുണഭോക്താക്കളുടെ എണ്ണം 2003 ജൂണിൽ ഒന്നര കോടിയായും 2004 ആഗസ്റ്റിൽ രണ്ട് കോടിയായും വർധിപ്പിച്ചു. ഇന്നിപ്പോൾ 7.76 കോടിയുണ്ട്. 
                                                            
വാഹനങ്ങളിൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്രം അനുമതി നൽകിയത് ഈയിടെയാണ്. എഥനോൾ ഉൽപ്പാദനത്തിന് ചോളം, ഗോതമ്പ്, അരി തുടങ്ങിയ ധാന്യങ്ങൾ വേണം. പൊതുവിതരണമേഖലയിലെ ഭക്ഷ്യധാന്യത്തിന്റെ ദുരുപയോഗം തടഞ്ഞാൽ എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ ധാന്യം കണ്ടെത്താനാകുമെന്ന് സർക്കാർ കരുതുന്നു. മഞ്ഞക്കാർഡു വിഹിതം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത് ഇതിനാണെന്ന് ന്യായമായും സംശയിക്കുന്നു.     
                                                 
ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ വാർഷിക വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണാണ്. സംസ്ഥാനത്തിന് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ശരാശരി വിഹിതത്തിനെക്കാൾ രണ്ടു ലക്ഷം ടൺ ധാന്യത്തിന്റെ കുറവാണ് ഇതുമൂലം നേരിട്ടു കൊണ്ടിരിക്കുന്നത്. പിണറായി സർക്കാരിന്റെ ഡൽഹി പ്രതിനിധിയായിരുന്ന കെ.വി.തോമസ് കേന്ദ്ര ഭക്ഷ്യ മന്ത്രിയായിരുന്നപ്പോഴായിരുന്നു ഈ തരത്തിലുള്ള വീതം വയ്പ് നടന്നത്. അന്ത്യോദയ അന്നയോജന കാർഡുകളുടെ വിതരണ വിഹിതം വെട്ടിക്കുറയ്ക്കപ്പെട്ടാൽ നിലവിലുള്ള ഭക്ഷ്യവിഹിതത്തിൽ ഏകദേശം ഒരു ലക്ഷം ടൺ അരിയുടെ കുറവുണ്ടാകുകയും ചെയ്യും. നിലവിലുള്ള ഭക്ഷ്യവിഹിതം തുടരണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.               

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img