02:26am 24 May 2026
NEWS
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം
23/05/2026  06:32 PM IST
NILA
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഇത്തരമൊരു നിയമനം നടത്തിയത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണെന്നും, ഇത് തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരവും സംശയാസ്പദവുമായ നടപടികൾ സ്വീകരിച്ചുവെന്ന എൽഡിഎഫിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സിപിഎം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുദ്രയ്ക്ക് പകരം ബിജെപിയുടെ ചിഹ്നം പ്രത്യക്ഷപ്പെട്ട സംഭവം അന്ന് വലിയ വിവാദമായിരുന്നുവെന്നും പ്രസ്താവന ഓർമ്മിപ്പിച്ചു.

പശ്ചിമ ബംഗാളിൽ സമാന സാഹചര്യത്തിൽ നടന്ന നിയമനങ്ങളെക്കുറിച്ച് എഐസിസി “ലജ്ജയില്ലാത്ത കൂട്ടുകെട്ടും ഒത്തുകളിയും” എന്നാണ് വിശേഷിപ്പിച്ചതെന്നും, കേരളത്തിൽ സംഭവിച്ച കാര്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

അതേസമയം, എസ്ഐആർ നടപടികളുടെ പേരിൽ കേരളത്തിൽ ലക്ഷക്കണക്കിന് വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന ആരോപണവും സിപിഎം ആവർത്തിച്ചു. അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുകയും അനർഹരായവരുടെ പേരുകൾ നിലനിർത്തുകയും ചെയ്തുവെന്നാണ് പാർട്ടി ആരോപണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി മുൻകൂട്ടി അറിയിക്കാതെ നേരത്തെ അവസാനിപ്പിച്ചതും സംശയങ്ങൾക്ക് ഇടയാക്കിയതായും സിപിഎം പറഞ്ഞു.

യുഡിഎഫിന് അനുകൂലമായ വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തിയ ശേഷം പട്ടിക അന്തിമമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തിടുക്കം കാട്ടിയെന്ന സംശയം ഇപ്പോഴത്തെ നിയമനത്തോടെ കൂടുതൽ ശക്തമായിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img