02:02am 30 April 2026
NEWS
ടാറ്റ വിൽപത്രത്തിൽ 650 കോടി രൂപ നീക്കിവെച്ച അറിയപ്പെടാത്ത വിശ്വസ്തനാര്?
08/02/2025  08:20 AM IST
nila
ടാറ്റ വിൽപത്രത്തിൽ 650 കോടി രൂപ നീക്കിവെച്ച അറിയപ്പെടാത്ത വിശ്വസ്തനാര്?

രത്തൻ ടാറ്റയുടെ വിൽപത്രമാണ് ഇപ്പോൾ വിവാദമാകുന്നത്. ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനും വിശ്വസ്തനുമായ മോഹിനി മോഹൻ ദത്തയ്ക്കാണ് (74) തന്റെ സ്വത്തിന്റെ മൂന്നിലൊന്നും രത്തൻ ടാറ്റ നീക്കിവെച്ചത്. കഴിഞ്ഞ ദിവസം വിൽപത്രം തുറന്നതോടെയാണ് ഇക്കാര്യം കുടുംബാം​ഗങ്ങൾ പോലുമറിഞ്ഞത്. താൻ രത്തൻ ടാറ്റയുടെ വളർത്തുമകനെന്നായിരുന്നു മോഹിനി മോഹൻ ദത്ത അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും വിൽപത്രത്തിലില്ല. 

ആറു പതിറ്റാണ്ടായി രത്തനും മോഹിനി മോഹൻ ദത്തയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ജംഷെഡ്പുർ സ്വദേശിയായ മോഹിനി മോഹൻ ദത്ത ടാറ്റ ഗ്രൂപ്പിലാണ് കരിയർ തുടങ്ങിയത്. അദ്ദേഹം തുടങ്ങിയ സ്റ്റാലിയൻ എന്ന ട്രാവൽ ഏജൻസിയെ 2013ൽ ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഏറ്റെടുത്തു. തോമസ് കുക്ക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ടിസി ട്രാവൽ സർവീസസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. ദത്തയുടെ രണ്ടു പെൺമക്കളിൽ ഒരാൾ ടാറ്റ ഹോട്ടൽസിലും ടാറ്റ ട്രസ്റ്റ്സിലും ജോലി ചെയ്തിട്ടുണ്ട്. രത്തന് 24 വയസ്സുള്ളപ്പോഴാണ് പരിചയപ്പെട്ടതെന്നും തന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ വലിയ പങ്കുണ്ടെന്നും ദത്ത മുമ്പ് വെളിപ്പെടുത്തിയിരുന്നു. 

350 കോടി രൂപയുടെ സ്ഥിരനിക്ഷേപം, പെയ്ന്റിങ്ങുകൾ, ആഡംബര വാച്ചുകൾ എന്നിവ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക എന്നിവയുടെ മൂന്നിലൊന്ന് ദത്തയ്ക്ക് നൽകണമെന്നാണ് വിൽപത്രത്തിലുള്ളത്. ഇതോടെ വിൽപത്രം സംബന്ധിച്ച് കുടുംബാം​ഗങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടെന്ന തരത്തിലുള്ള സൂചനകളും പുറത്തുവന്നു. ഇതോടെ രത്തൻ ടാറ്റയുടെ വിൽപത്രം സംബന്ധിച്ച് നിയമനടപടികൾക്ക് കുടുംബാം​ഗങ്ങൾ തയ്യാറാകുമോ എന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. 

മൂന്നിൽ രണ്ടു ഭാഗം രത്തന്റെ അർധസഹോദരിമാരായ സിറീൻ ജിജാഭോയ്, ദീന ജീജഭോയ് എന്നിവർക്കാണ്. ഓഹരി നിക്ഷേപം അടക്കം നല്ലൊരു ഭാഗം സ്വത്ത് സന്നദ്ധ സംഘടനകളായ ടാറ്റ എൻഡോവ്മെന്റ് ഫൗണ്ടേഷൻ, രത്തൻ ടാറ്റ എൻഡോവ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാണ്. അർധസഹോദരനും പിൻഗാമിയുമായ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കൾ എന്നിവർക്ക് സ്വത്ത് നൽകിയിട്ടില്ല. എന്നാൽ, സഹോദരൻ ജിമ്മി ടാറ്റയ്ക്ക് 50 കോടിയുടെ സ്വത്ത് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img