
ടാറ്റ ഗ്രൂപ്പിനെ ഉള്‍പ്പെടുത്താതെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തേയും വ്യവസായ ലോകത്തേയും പുരോഗതിയുടേയും ചരിത്രത്തേയും അടയാളപ്പെടുത്താനാവില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പേ ജംഷേദ്ജി ടാറ്റ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യത്തിന് ഓരോ ഇന്ത്യക്കാരന്റേയും മനസ്സില്‍ വലിയ സ്ഥാനമുണ്ട്.
പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത പാഴ്‌സി പുരോഹിതരുടെ കുടുംബത്തിലാണ് ജംഷേദ്ജി ടാറ്റ പിറന്നത്. കുടുംബം പുരോഹിതരുടേതായിരുന്നുവെങ്കിലും ജംഷേദ്ജി ആത്മീയതയ്ക്കപ്പുറം വ്യാവസായികതയിലൂടെയാണ് സഞ്ചരിച്ചത്. ജംഷേദ്ജിയുടേയും ഭാര്യ ഹീരാബായിയുടേയും കുടുംബം മക്കളായ സര്‍ രത്തന്‍ ടാറ്റയിലും സര്‍ ദൊറാബ്ജി ടാറ്റയിലും അവസാനിക്കുമായിരുന്നതാണ് അകാലത്തില്‍ മരിച്ച രത്തന്‍ ടാറ്റയുടെ ഭാര്യ നവജ്ബായി സേട്ട് അകന്ന ബന്ധത്തില്‍ നിന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് അന്യാധീനപ്പെടാതെ മുമ്പോട്ടു നയിച്ചത്. തന്റെ ഭര്‍ത്താവ് സര്‍ രത്തന്‍ ടാറ്റയുടെ മരണശേഷം നവജ്ബായി സേട്ട് നവല്‍ ടാറ്റയെ ദത്തെടുത്തതില്‍ തുടങ്ങുന്നു ടാറ്റാ സാമ്രാജ്യത്തിന്റെ പുതിയ ചരിത്രം.
നവജ്ബായി സേട്ടിന്റെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടേയും ആദ്യ ഭാര്യ സൂനുവിന്റേയും മകനാണ് 1937ല്‍ ജനിച്ച രത്തന്‍ ടാറ്റ. കുഞ്ഞിന് മുത്തശ്ശന്റെ പേര് നല്‍കുകയെന്ന പാഴ്‌സി ആചാരപ്രകാരമാണ് നവജ്ബായി സേട്ട് തന്റെ ദത്തുപുത്രന്റെ മകന് തന്റെ ഭര്‍ത്താവിന്റെ പേര് നല്‍കിയത്. രത്തന്റെ പിതാവിന്റെ പേര് കൂടി ചേര്‍ത്ത് രത്തന്‍ നവല്‍ ടാറ്റ എന്നാണ് മുത്തശ്ശി പേരിട്ടതെങ്കിലും അദ്ദേഹം രത്തന്‍ ടാറ്റയെന്ന പേരിലാണ് അറിയപ്പെട്ടത്.
രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥയെന്ന രത്തന്‍ടാറ്റയുടെ ജീവചരിത്രം മലയാളത്തിലെഴുതിയത് മാതൃഭൂമി ദിനപത്രത്തിലെ 'ധനകാര്യം' കൈകാര്യം ചെയ്യുന്ന ആര്‍ റോഷനാണ്. വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയും കൂടെയുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തപ്പോഴും തന്റെ രീതിയിലുള്ള ലളിത ജീവിതം നയിച്ച രത്തന്‍ ടാറ്റയെ പോലെ ഏറ്റവും ലളിതമായ ഭാഷയിലാണ് ആര്‍ റോഷന്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും എഴുതിയിരിക്കുന്നത്.
സാമ്പത്തിക ശാസ്ത്രത്തിന്റേയും വ്യവസായ ലോകത്തിന്റെയേും സങ്കീര്‍ണതകളോ വായിച്ചാല്‍ മനസസ്സിലാകാത്ത ശൈലിയോ ഉപയോഗിക്കാതെ, വായനക്കാരന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ശൈലിയാണ് ഗ്രന്ഥകാരന്‍ ജീവചരിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നത്.
ടാറ്റാ സാമ്രാജ്യത്തെ കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്‌കത്തിലൂടെ ലഭ്യമാകും. മാത്രമല്ല, ടാറ്റയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെല്ലാം ഒറ്റ മറിക്കലില്‍ കിട്ടാവുന്ന വിധത്തില്‍ പുസ്തകം അടുക്കിപ്പെറുക്കി വെച്ചിട്ടുമുണ്ട്. അതോടൊപ്പം രത്തന്‍ ടാറ്റ നേടിയ ബഹുമതികളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ വില്‍പത്രവും കൂടി ഈ പുസ്തകം ഉള്‍പ്പെടുത്തിയെന്നത് വലിയ പ്രത്യേകതയാണ്.
32 അധ്യായങ്ങളിലും ആറ് അനുബന്ധങ്ങൡലുമായി 200 പേജുകളിലായി ഒരുക്കിയ പുസ്തകം വായിച്ചു തുടങ്ങിയാല്‍ നിര്‍ത്താതെ തീര്‍ക്കാനാവും. ജീവചരിത്രത്തോടൊപ്പം രത്തന്‍ ടാറ്റയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും കൂടി നല്‍കിയിട്ടുണ്ട്.
രത്തന്‍ ടാറ്റയെന്ന സുമുഖനായ യുവാവിന്റേയും രത്തന്‍ ടാറ്റയെന്ന അതിനേക്കാള്‍ സുമുഖനായ മധ്യവയസ്‌ക്കന്റേയും ഫോട്ടോകള്‍ നല്‍കിയ മുഖചിത്രം ടാറ്റയുടെ ഒരു ഫാക്ടറിയുടെ പശ്ചാതലത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരാള്‍ തന്റെ ജീവിതത്തെ ഏത്ര ശാന്തമായും സുന്ദരമായുമാണ് കാഴ്ചപ്പെടുത്തിയിരിക്കുന്നതെന്ന് ഈ മുഖചിത്രം തന്നെ സാക്ഷ്യം പറയും.
വളരെ മനോഹരമായി വസ്ത്രധാരണം നടത്തുകയും അതിമനോഹരമായി ചിരിക്കുകയും ഒരുപക്ഷേ, ഏറ്റവും മികച്ച നിലയില്‍ പെരുമാറുകയും ചെയ്ത രത്തന്‍ ടാറ്റയെന്ന 87 വര്‍ഷക്കാലം ജീവിക്കുകയും അതില്‍ ഭൂരിപക്ഷം കാലം ടാറ്റ ഗ്രൂപ്പെന്ന വ്യവസായ ഭീമനെ നയിക്കുകയും ചെയ്ത ഒരു മനുഷ്യനെ എളുപ്പത്തില്‍ രേഖപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ചെറിയ വാക്കുകളിലും ചെറിയ അധ്യായങ്ങളിലുമായി അദ്ദേഹത്തെ എഴുതിയൊതുക്കിവെച്ചത് ആര്‍ റോഷനിലെ മാധ്യമ പ്രവര്‍ത്തകന്റെ മികവാണ്. മാത്രമല്ല, രത്തന്‍ ടാറ്റയെ നോക്കി അടയാളപ്പെടുത്തുക എന്നതിനപ്പുറം അദ്ദേഹത്തോടുള്ള ആരാധന എഴുത്തിലെവിടേയും കയറിവരുന്നുമില്ല.
രത്തന്‍ ടാറ്റയുടെ ജനനവും വിദ്യാഭ്യാസവും വിദേശ യാത്രയും വിദേശത്തെ പഠനവും മാത്രമല്ല സങ്കീര്‍ണമാക്കാതെ അദ്ദേഹത്തിന്റെ പ്രണയവും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പഴയ പ്രണയത്തിന്റെ ബാക്കി പത്രം പറയുമ്പോള്‍ പോലും അമിത വര്‍ണനകളോ പ്രണയവിലാസങ്ങളോ പറഞ്ഞുവെക്കുന്നില്ല. വിവാഹത്തിലേക്ക് എത്തുമായിരുന്ന രത്തന്റെ ഒരു പ്രണയ ബന്ധം തകര്‍ത്തെറിഞ്ഞത് ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധമായിരുന്നുവെന്ന് അറിയുമ്പോള്‍ ആ നഷ്ടപ്രണയത്തിന്റെ വേദന മനസ്സിലാക്കാനാവും. മാത്രമല്ല, അതേ പ്രണയിനി പതിറ്റാണ്ടുകള്‍ക്കു ശേഷം രത്തന്‍ ടാറ്റയുടെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിന് എത്തി എന്നുകൂടി അറിയുമ്പോള്‍ ആ പ്രണയത്തിന്റെ തീവ്രത തിരിച്ചറിയാനാവും.
വന്‍ വ്യവസായി എന്നതിനോടൊപ്പം എത്രമാത്രം കാല്‍പ്പനികന്‍ കൂടിയായിരുന്നു രത്തന്‍ ടാറ്റയെന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകത്തിലെ ഒരു വാചകം മാത്രം മതിയാകും- 'കരോലിനു മുമ്പും ശേഷവും രത്തന് പ്രണയങ്ങളുണ്ടായിരുന്നെങ്കിലും അത്രയും തീവ്രമായി ആരേയും പ്രണയിച്ചിട്ടില്ല.'!
ജീവചരിത്രങ്ങളും വ്യവസായ ലോകവും മാത്രമല്ല ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വ്യവസായ പുരോഗതിയും അറിയാനും വായിക്കാനും ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ. ഏതു വെല്ലുവിളികള്‍ക്കിടയിലും ഒരു വ്യവസായ സാമ്രാജ്യത്തെ എങ്ങനെ മുമ്പോട്ടു കൊണ്ടുപോകാം എന്നുമാത്രമല്ല, അതിനിടയില്‍ വ്യക്തിജീവിതവും എത്രമാത്രം നിഷ്‌കര്‍ഷയോടെ നയിക്കാമെന്നതിന് ജനതയ്ക്ക് മുമ്പിലുള്ള അക്ഷര സാക്ഷ്യം കൂടിയാണ് ഈ പുസ്തകം.







