06:14pm 24 October 2026
NEWS
ആൺസുഹൃത്ത് മുതലെടുത്തത് റസീനയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളെന്ന് ഉമ്മ
21/06/2025  03:45 PM IST
nila
ആൺസുഹൃത്ത് മുതലെടുത്തത് റസീനയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളെന്ന് ഉമ്മ

ആൾക്കൂട്ട വിചാരണയെ തുടർന്ന് ജീവനൊടുക്കിയ റസീനയുടെ ആൺസുഹൃത്തിനെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. റസീനയുടെ പക്കൽനിന്നും ആൺസുഹൃത്ത്  20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നാണ് റസീനയുടെ ഉമ്മയുടെ പരാതി. റസീനയുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും ഇയാളുടെ പക്കലുണ്ടെന്നും ഇതിന്റെ പേരിൽ മകൾ മുമ്പും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും റസീനയുടെ ഉമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

റസീനയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്നും അത് മുതലെടുത്താണ് ആൺസുഹൃത്ത് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്തത് എന്നുമാണ് റസീനയുടെ ഉമ്മ പറയുന്നത്. വിഡിയോകൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞിരുന്നെന്നും പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. 

ഫോട്ടോയും വിഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാൽ മകൾക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകൾ പറഞ്ഞിരുന്നു. വിഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആൺസുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലെന്ന് മകൾ പറഞ്ഞെന്നും ഉമ്മ വെളിപ്പെടുത്തുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്ന് മകൾ പറഞ്ഞിരുന്നുവെന്നും  ഇക്കാര്യം താൻ വീട്ടിൽ പറഞ്ഞില്ലെന്നും ഉമ്മ പരാതിയിൽ പറയുന്നു. വീട്ടുകാർ ഈ വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെതിരെ ഭാര്യ ഗാർഹിക പീഡനപരാതി കൊടുത്തിട്ടുണ്ട്. 

ഫോട്ടോയും വിഡിയോയും നശിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് മകൾ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരിൽ ചിലർ കണ്ട് പ്രശ്നമുണ്ടായത്. പ്രതികളാക്കിയവർക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ല. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു. സംഭവശേഷം കാണാതായ സുഹൃത്ത് ഇന്ന് സ്റ്റേഷനിൽ ഹാജരായി. റസീനയോട് സംസാരിച്ചതിന് ചിലർ സംഘം ചേർന്ന് തന്നെ മർദിച്ചെന്നാണ് സുഹൃത്തിന്റെ മൊഴി. സംഭവത്തിൽ റസീനയുടെ ബന്ധു ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img