
ദോഹ: ഖത്തറിന്റെ ഊർജമേഖലയെ നടുക്കി റാസ് ലഫാൻ വ്യവസായ മേഖലയിലെ വൻ സ്‌ഫോടനം. രാജ്യത്തെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാനിലെ ബാർസാൻ ഗ്യാസ് സപ്ലൈ പ്ലാന്റിലുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ച രാത്രി നടന്ന സ്‌ഫോടനത്തിന് പിന്നാലെ പ്ലാന്റിൽ വ്യാപക തീപിടിത്തമുണ്ടായി. ഇറാൻ ആക്രമണത്തെ തുടർന്ന് നേരത്തെ നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ ഖത്തർ എനർജി സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നായ ഖത്തറിന്റെ നിർണായക ഊർജകേന്ദ്രത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. അതിനാൽ തന്നെ സംഭവം ആഗോള ഊർജവിപണിയിലും പ്രതിഫലിച്ചേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഖത്തർ നേരത്തെ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കൂടാതെ, കഴിഞ്ഞ മാർച്ചിൽ ഇതേ മേഖലയ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം സ്തംഭിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.











