10:09am 29 November 2026
NEWS
26 അപൂർവയിനം ആമകളെ ആംസ്റ്റർഡാം വിമാനത്താവളത്തിൽ പിടികൂടി; മെക്സിക്കോയിൽ നിന്ന് കടത്താൻ ശ്രമം
28/11/2026  04:30 PM IST
nila
26 അപൂർവയിനം ആമകളെ ആംസ്റ്റർഡാം വിമാനത്താവളത്തിൽ പിടികൂടി; മെക്സിക്കോയിൽ നിന്ന് കടത്താൻ ശ്രമം

 

ആംസ്റ്റർഡാം: ലോകത്തിലെ ഏറ്റവും അപൂർവമായ ശുദ്ധജല ആമകളിൽപ്പെട്ട 26 എണ്ണത്തെ നെതർലൻഡ്സിലെ ആംസ്റ്റർഡാം ഷിഫോൾ വിമാനത്താവളത്തിൽ പിടികൂടി. മെക്സിക്കോയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യുകയായിരുന്നയാളുടെ ചെക്ക്-ഇൻ ബാഗേജിൽ നിന്നാണ് ആമകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി നെതർലൻഡ്സ് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

വംശനാശഭീഷണി നേരിടുന്ന വല്ലാർട്ട മഡ് ടർട്ടിൽ വിഭാഗത്തിൽപ്പെട്ട ആമകളെയാണ് പിടികൂടിയത്. ലോകത്തിലെ ഏറ്റവും ചെറിയ ശുദ്ധജല ആമകളിലൊന്നായ ഇവയ്ക്ക് പരമാവധി 10 സെന്റിമീറ്റർ മാത്രമാണ് നീളം. മെക്സിക്കോയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ ആമകളെ അവയുടെ ആവാസവ്യവസ്ഥയിൽ നിന്ന് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

ആമകൾക്ക് സഞ്ചരിക്കാൻ കഴിയാത്തവിധം ശരീരത്തിൽ ഡക്റ്റ് ടേപ്പ് ചുറ്റിയ നിലയിലായിരുന്നു. ഇവയിൽ ഭൂരിഭാഗത്തെയും കളിപ്പാട്ട കാറിനൊപ്പം ഒരു പെട്ടിക്കുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ബാക്കിയുള്ളവയെ സ്യൂട്ട്കേസിനുള്ളിലെ അടച്ചുവെച്ച സോക്സിനുള്ളിലും കണ്ടെത്തി.

ശനിയാഴ്ചയാണ് യാത്രക്കാരൻ പിടിയിലായത്. ഇയാൾ നിലവിൽ കസ്റ്റഡിയിലാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത ആമകളെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പരിചരണം നൽകിവരികയാണ്.

2025ൽ യുഎസ് പരിസ്ഥിതി സംഘടനയായ ടർട്ടിൽ ഐലൻഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കാട്ടിൽ ഇനി 300ൽ താഴെ വല്ലാർട്ട മഡ് ടർട്ടിലുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിദ്ധീകരിച്ച പട്ടികയിൽ ഈ വിഭാഗത്തെ അതീവ ഗുരുതര വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതി വാർത്താ മാധ്യമമായ മോംഗബേയുടെ റിപ്പോർട്ട് പ്രകാരം ഏഷ്യൻ കരിഞ്ചന്തയിൽ ഒരു വല്ലാർട്ട മഡ് ടർട്ടിലിന് 10,000 ഡോളറോ അതിലധികമോ വില ലഭിക്കാം. ഇതാണ് അപൂർവയിനം ആമകളെ ലക്ഷ്യമിട്ടുള്ള അനധികൃത വ്യാപാരത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിലയിരുത്തൽ.

ഹോങ്കോങ്ങിലേക്ക് ജീവനുള്ള ആമകളെ കടത്താനുള്ള ശ്രമങ്ങൾ ഈ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ വംശനാശഭീഷണി നേരിടുന്നവയെന്ന് കരുതുന്ന എട്ട് ആമകളെ ഹോങ്കോങ് കസ്റ്റംസ് പിടികൂടിയിരുന്നു. ഇവയ്ക്ക് ഏകദേശം 54,000 ഡോളർ വിപണിവില കണക്കാക്കിയിരുന്നു.

ഇതിന് മൂന്ന് മാസം മുമ്പ് നടന്ന രണ്ട് വ്യത്യസ്ത പരിശോധനകളിലായി 42 ജീവനുള്ള ആമകളെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇവയ്ക്ക് ആകെ 2.10 ലക്ഷം ഡോളറായിരുന്നു കണക്കാക്കിയ വിപണിമൂല്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img