
തിരുവനന്തപുരം : വൃക്കയിൽ ട്യൂമർ ബാധിച്ച 51 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് 'ക്രയോഅബ്ലേഷൻ' എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെ ആശ്വാസമേകി തിരുവനന്തപുരം കിംസ്ഹെൽത്ത്. ശീതീകരണത്തിലൂടെ ശരീരത്തിലെ അസാധാരണ കോശങ്ങളെയും ട്യൂമറുകളെയും നശിപ്പിക്കുന്ന 'ഫ്രീസ് ടെക്നോളജി' എന്ന മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ടതുമൂലം മറ്റൊരു ആശുപത്രിയിൽ നടത്തിയ സിടി സ്‌കാനിലാണ് രോഗിയുടെ വലത് വൃക്കയിൽ 2 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയത്. ഇതേ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കിംസ്ഹെൽത്തിലേക്ക് മാറ്റുകയായിരുന്നു.
സാധാരണഗതിയിൽ ശസ്ത്രക്രിയയിലൂടെയാണ് ഇത്തരം രോഗാവസ്ഥകൾ ചികിത്സിക്കാറുള്ളത്. എന്നാൽ രോഗിയുടെ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ, ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യുക എന്നത് വെല്ലുവിളികൾ ഉയർത്തുന്നതായിരുന്നു. തുടർന്ന് രോഗിയുടെ ആരോഗ്യസ്ഥിതി വിശദമായി വിലയിരുത്തിയ ശേഷം, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ 'ക്രയോഅബ്ലേഷൻ' എന്ന ചികിത്സാരീതി നിർദേശിക്കുകയായിരുന്നു.
ചികിത്സയുടെ ഭാഗമായി പ്രത്യേക സൂചികൾ ഇമേജിംഗ് സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായി ട്യൂമറിലേക്ക് കടത്തിവിട്ടു. പിന്നീട് ഈ സൂചികളിലൂടെ ആർഗൺ വാതകം പ്രവഹിപ്പിച്ച് ട്യൂമറിനുള്ളിലെ താപനില പൂജ്യത്തിനും താഴെയാക്കി ട്യൂമറിന് ചുറ്റും ഒരു 'ഐസ് ബോൾ' രൂപപ്പെടുത്തുകയും, വൃക്കയിലെ ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങൾക്ക് യാതൊരുവിധ കേടുപാടുകൾ വരുത്താതെ ട്യൂമർ കോശങ്ങളെ പൂർണ്ണമായി നശിപ്പിക്കുകയുമാണ് ചെയ്തത്.
ക്രയോഅബ്ലേഷനിലൂടെ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാതെ ട്യൂമർ നശിപ്പിക്കാനും ഇതിലൂടെ രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും സാധിച്ചുവെന്ന് ഡോ. മനീഷ് കുമാർ യാദവ് പറഞ്ഞു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പരമ്പരാഗത ശസ്ത്രക്രിയകൾ ഒഴിവാക്കിയുള്ള മിനിമലി ഇൻവേസീവ് ചികിത്സാരീതികളിലേക്കുള്ള മാറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ചികിത്സക്ക് ശേഷം രോഗി അതിവേഗം സുഖം പ്രാപിക്കുകയും മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായി മടങ്ങുകയും ചെയ്തു.
ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫ്, ന്യൂറോ അനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശരത് സുരേന്ദ്രൻ എന്നിവരും ചികിത്സയുടെ ഭാഗമായിരുന്നു.
Photo Courtesy - Google








