
ദോഹ: ഖത്തറിന്റെ പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഫാൽക്കണുകൾ (പിരിഗ്രിൻ ഫാൽക്കണുകൾ) ഇതാദ്യമായി ദോഹ നഗരമധ്യത്തിലെ കെട്ടിടത്തിന് മുകളിൽ കൂടുകൂട്ടി പ്രജനനം നടത്തുന്നു. ഖത്തരി സൊസൈറ്റി ഓഫ് അൽ ഗന്നാസ് ആണ് രാജ്യത്തിന്റെ വന്യജീവി ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഈ അപൂർവ പ്രതിഭാസം കണ്ടെത്തി രേഖപ്പെടുത്തിയത്.
ജനസാന്ദ്രതയുള്ള നഗരപ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ ഫാൽക്കണുകൾ പ്രജനന സ്വഭാവം പ്രകടിപ്പിക്കുന്നത് ഖത്തറിൽ ഇതാദ്യമായാണ്.പ്രകൃതിദത്തമായ സാഹചര്യങ്ങളിൽ അല്ലാതെ, ആധുനിക നഗര പശ്ചാത്തലത്തിൽ ഫാൽക്കണുകൾ കൂടുകൂട്ടുന്നത് പ്രാദേശിക വന്യജീവി ഡോക്യുമെന്റേഷനിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അൽ ഗന്നാസ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നാദ് പറഞ്ഞു.
ഇരപിടിയൻ പക്ഷികൾ നഗര സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ തെളിവാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയരം കൂടിയ കെട്ടിടങ്ങളെ പ്രജനനത്തിനായി തിരഞ്ഞെടുത്തത് ഇവയുടെ സ്വഭാവരീതിയിൽ വന്ന വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.മനുഷ്യനിർമ്മിതമായ ആവാസവ്യവസ്ഥകളോട് വന്യജീവികൾ പൊരുത്തപ്പെടുന്നത് പരിസ്ഥിതിയുടെ പ്രതിരോധശേഷിയെയാണ് കാണിക്കുന്നത്. ദോഹയെപ്പോലെ അതിവേഗം വളരുന്ന നഗരങ്ങളിൽ പക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ ഈ സംഭവം വഴിതുറക്കും.
ഖത്തറിന്റെ പൈതൃകവും ആധുനികതയും സംഗമിക്കുന്ന ദോഹയുടെ സ്കൈലൈനിൽ പ്രകൃതി പകർന്നുനൽകുന്ന ഈ പുതിയ കാഴ്ച പരിസ്ഥിതി പ്രവർത്തകർക്കും പക്ഷി നിരീക്ഷകർക്കും വലിയ ആവേശം പകർന്നിരിക്കുകയാണ്. നഗരപ്രദേശങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഇത് വിരൽചൂണ്ടുന്നു.










