02:59am 30 June 2026
NEWS
കോഴിക്കോട് ഒൻപതു വയസ്സുകാരിയുടെ മരണത്തിന് കാരണം അപൂർവ രോ​ഗബാധ; എന്താണ് കവാസാക്കി എന്നറിയാം..
29/06/2026  07:39 PM IST
nila
കോഴിക്കോട് ഒൻപതു വയസ്സുകാരിയുടെ മരണത്തിന് കാരണം അപൂർവ രോ​ഗബാധ; എന്താണ് കവാസാക്കി എന്നറിയാം..

കോഴിക്കോട്: അപൂർവമായി കുട്ടികളിൽ കണ്ടുവരുന്ന കവാസാക്കി രോഗബാധയെ തുടർന്നാണ് കോഴിക്കോട് കടലൂർ സ്വദേശിയായ ഒൻപത് വയസ്സുകാരി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽന (9) ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോടിക്കൽ എ.എം.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ആയിഷയുടെ കബറടക്കം പുളിവളപ്പ് മസ്ജിദ് കബർസ്ഥാനിൽ നടത്തി.

കഴിഞ്ഞ ചൊവ്വാഴ്ച ശക്തമായ പനിയെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിൽ ചുവന്ന തടിപ്പുകളും നാക്കിന് അസാധാരണമായ ചുവപ്പുനിറവും കണ്ടതോടെ ത്വക്ക് രോഗവിദഗ്ധൻ കവാസാക്കി രോഗസാധ്യത ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.

വ്യാഴാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴേക്കും കുട്ടിക്ക് 104 ഡിഗ്രിയോട് അടുത്ത പനിയും ഹൃദയമിടിപ്പ് കുറയുന്നതും കണ്ണിനും ചുറ്റുമുള്ള ഭാഗങ്ങൾ ചുവക്കുന്നതും ഉൾപ്പെടെയുള്ള ഗുരുതര ലക്ഷണങ്ങൾ പ്രകടമായിരുന്നു. അലർജിക്കും പനിക്കും നൽകിയ സാധാരണ ചികിത്സകൾ ഫലിക്കാതിരുന്നതിനെ തുടർന്ന് ഡോക്ടർമാർ കവാസാക്കി രോഗത്തിനുള്ള ചികിത്സ ആരംഭിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളുടെ രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുന്ന അപൂർവ രോഗമാണ് കവാസാക്കി. ഇത് പകർച്ചവ്യാധിയല്ലെന്നും പൊതുജനങ്ങൾ അനാവശ്യ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അഞ്ചു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനിയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതിനൊപ്പം കണ്ണ് ചുവക്കുക, സ്ട്രോബറി ടങ് എന്നറിയപ്പെടുന്ന നാക്കിന്റെ ചുവപ്പ്, ചുണ്ടുകൾ ചുവക്കുക, കഴുത്തിലെ ഗ്രന്ഥികൾ വീർക്കുക, കൈകാലുകളിൽ നീർക്കെട്ട്, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയും ഉണ്ടാകാം. ചില കുട്ടികളിൽ പനി മാത്രമായും രോഗം പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

ഈ രോഗം സ്ഥിരീകരിക്കാൻ പ്രത്യേക രക്തപരിശോധനയോ മറ്റ് ലാബ് പരിശോധനകളോ ഇല്ല. രോഗലക്ഷണങ്ങൾ വിലയിരുത്തിയാണ് ഡോക്ടർമാർ രോഗനിർണയം നടത്തുന്നത്. അഞ്ചു ദിവസത്തിലധികം പനി തുടരുന്നതിനൊപ്പം പ്രധാന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും പ്രകടമാകുന്നുണ്ടെങ്കിൽ കവാസാക്കി രോഗസാധ്യത പരിഗണിക്കണം. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയധമനികളെ ബാധിച്ച് ഗുരുതര സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img