
ദോഹ: ഖത്തറിന്റെ ആകാശത്ത് ഇന്ന് (ഞായറാഴ്ച) അപൂർവ്വ പ്രതിഭാസമായ 'ബ്ലൂ മൂൺ' (Blue Moon) ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു. ദുൽഹിജ്ജ മാസത്തിലെ പൂർണ്ണചന്ദ്രനാണ് ഇന്ന് ദോഹ സമയം പകൽ 11:45-ഓടെ പൂർണ്ണരൂപം കൈവരിക്കുക.
ഇന്ന് വൈകുന്നേരം ചന്ദ്രോദയം മുതൽ തിങ്കളാഴ്ച പുലർച്ചെ സൂര്യോദയം വരെ ഖത്തറിലുള്ളവർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ ബഷീർ മർസൂഖ് അറിയിച്ചു. ഖത്തർ ആകാശത്ത് ഇന്ന് വൈകുന്നേരം 6:39-ന് ചന്ദ്രൻ ഉദിച്ചുയരും. തിങ്കളാഴ്ച പുലർച്ചെ 4:44-നാണ് സൂര്യോദയം.പേര് 'ബ്ലൂ മൂൺ' എന്നാണെങ്കിലും ചന്ദ്രൻ നീലനിറത്തിലല്ല കാണപ്പെടുകയെന്നും സാധാരണ പൂർണ്ണചന്ദ്രന്റെ നിറത്തിൽ തന്നെയായിരിക്കും ഇതെന്നും ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി. ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണ്ണചന്ദ്രൻ (വെളുത്തവാവ്) വരുന്ന പ്രതിഭാസത്തെയാണ് 'ബ്ലൂ മൂൺ' എന്ന് വിളിക്കുന്നത്. ഈ മെയ് മാസത്തിലെ ആദ്യ പൂർണ്ണചന്ദ്രൻ മെയ് 1 വെള്ളിയാഴ്ചയായിരുന്നു. തുടർന്ന് ഇതേ മാസത്തിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ഇന്ന് (മെയ് 31 ഞായർ) എത്തുന്നതോടെയാണ് ഇത് 'ബ്ലൂ മൂൺ' ആയി മാറുന്നത്.
രണ്ടര അല്ലെങ്കിൽ മൂന്ന് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസമാണിത്. ഇതിനുമുമ്പ് 2023 ഓഗസ്റ്റിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഇനി അടുത്ത 'ബ്ലൂ മൂൺ' 2028 ഡിസംബറിലായിരിക്കും ദൃശ്യമാകുകയെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.










