
വേടൻ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ബലാത്സംഗം ചെയ്തെന്ന് വനിതാ ഡോക്ടറുടെ പരാതി. കോട്ടയം സ്വദേശിനിയായ യുവഡോക്ടറാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയിൽ എറണാകുളം തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ടുവർഷം മുമ്പ് വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 2021 മുതൽ 2023 വരെയുള്ള കാലങ്ങളിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃക്കാക്കരയിലേയും മറ്റു പലയിടങ്ങളിലേയും ഫ്ലാറ്റുകളിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.
യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസ് ഐപിസി 376 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് വരുന്നതിന് മുമ്പാണ് കുറ്റകൃത്യം നടന്നു എന്നതുകൊണ്ടാണ് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.











