01:53am 13 November 2026
NEWS
കല്യാണമാണ് അനു​ഗ്രഹിക്കണം; റാപ്പർ വേടൻ വിവാഹിതനാകുന്നു
20/02/2026  12:20 PM IST
nila
കല്യാണമാണ് അനു​ഗ്രഹിക്കണം; റാപ്പർ വേടൻ വിവാഹിതനാകുന്നു

 പ്രശസ്ത റാപ്പർ വേടൻ വിവാഹിതനാകുന്നു. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഫെബ്രുവരി 24ന് തൃശൂരിൽ വെച്ച് വിവാഹിതരാകും. രജിസ്റ്റർ വിവാഹമാകും എന്നാണ് വേടൻ വ്യക്തമാക്കുന്നത്. 

തദ്ദേശ സ്വയംഭരണ ദിനാഘോഷങ്ങളുടെ ഭാഗമായി ധർമടത്ത് സർക്കാർ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേടന്റെ വിവാഹവാർത്ത വേദിയിൽ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് വേടനും ഇത് സ്ഥിരീകരിച്ചു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’– എന്നായിരുന്നു വേടന്റെ വാക്കുകൾ. ഫെസ്റ്റിവലിൽ കലാപരിപാടി അവതരിപ്പിക്കാൻ എത്തിയ വേടനെ എം.വി. ഗോവിന്ദൻ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

പൊതുവേദികളിൽ വേടനൊപ്പം നവമി ലതയുടെ സാന്നിധ്യം പതിവായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ തിരുവനന്തപുരം എത്തിയപ്പോഴും നവമി ലത ഒപ്പമുണ്ടായിരുന്നു. 2025ൽ പുറത്തിറങ്ങിയ മോണലോവ തന്റെ കാമുകിക്കുള്ള സമ്മാനമാണെന്ന് വേടൻ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. കാമുകിയെ അഗ്നിപർവതത്തോട് ഉപമിച്ച് എഴുതിയ ആ പാട്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

2020-ൽ പുറത്തിറക്കിയ ‘വോയ്‌സ് ഓഫ് ദ് വോയ്‌സ്‌ലെസ്’ എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് വേടൻ ശ്രദ്ധനേടുന്നത്. ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന രണ്ടാമത്തെ മ്യൂസിക് വിഡിയോയും ശ്രദ്ധേയമായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘എണ്ണക്കറുപ്പി’ എന്ന ആൽബവും ഹിറ്റ് ആയിരുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img