
കൊച്ചി: കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽഫോണിൽ നിന്ന് 12 ഓളം യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം. യുവതികളുമായുള്ള സ്വകാര്യ നിമിഷങ്ങൾ ഡോക്ടർ ഫോണിൽ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
ദൃശ്യങ്ങളിൽ ഉൾപ്പെട്ട യുവതികൾ പരാതിയുമായി മുന്നോട്ടുവന്നാൽ ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ നീക്കം. യുവനടിയുടെ ബന്ധുവായ സ്ത്രീ നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോ. ജോൺസൺ കെ. വർഗീസ് (41) ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ആലോചിക്കുന്നുണ്ട്.
യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടെ 12 പേരടങ്ങുന്ന സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽ ഫോണുകൾ ഉൾപ്പെടെ 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർന്നെന്ന കേസിലാണ് പുതിയ സംഭവവികാസങ്ങൾ. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡോക്ടർക്കെതിരെ യുവനടിയുടെ ബന്ധു പീഡനപരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോൺസൺ കെ. വർഗീസിനെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.










