
ബംഗളുരു: സിനിമാനടി രന്യറാവു ദുബായിൽ നിന്ന് സ്വർണ്ണം കടത്തിയ ക്യാരിയർ മാത്രമായിരുന്നെങ്കിൽ നിയമക്കുരുക്കിൽ നിന്ന് എളുപ്പത്തിൽ ഊരിപ്പോരുമായിരുന്നു. എന്നാൽ അവർ സ്വർണ്ണക്കടത്തിന്റെ കിംഗ്പിൻ ആണെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിയിൽ ഡി ആർ ഐ സമർപ്പിച്ച തടസ്സഹരജിയിൽ പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രന്യറാവു ബംഗളുരുവിലെ അറുപത്തിമൂന്നാം അഡിഷണൽ സിറ്റി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കോടതിയുടെ തീരുമാനം നാളെ ഉണ്ടാകും. അമേരിക്കൻ പൗരത്വമുള്ള സുഹൃത്ത് തരുൺ രാജു ( കൂട്ടുപ്രതി) വിന്റെ വിദേശ ബന്ധങ്ങളും ഡിജിപി ആയ പിതാവിന്റെ ( രണ്ടാനച്ഛൻ) പ്രോട്ടോകോൾ സൗകര്യങ്ങളും സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് രന്യ ഹൈ പ്രൊഫൈൽ സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തത്. സ്വർണ്ണം വാങ്ങാനായി ഹവാല പണം ഉപയോഗിച്ചിട്ടുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലിൽ അവർ ഡി ആർ ഐ സംഘത്തോട് സമ്മതിച്ചിരുന്നു. അറസ്റ്റിലായ ഉടനെ സ്വർണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്നെ കെണിയിൽ പെടുത്തിയതാണെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ രന്യ സ്വർണ്ണക്കട്ടികൾ ദേഹത്ത് ഒളിച്ചുവെച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ രഹസ്യരേഖയായി ഡി ആർ ഐ കോടതിയിൽ നൽകിയിരുന്നു. ബംഗളുരുവിൽ നിന്ന് ഹവാല വഴി പണം ദുബായിൽ എത്തിച്ചാണ് സ്വർണ്ണം വാങ്ങിയതെന്ന് രന്യ സമ്മതിച്ചിട്ടുണ്ട്. എത്ര പണം ദുബായിൽ എത്തിച്ചുവെന്ന് ഇനിയും വ്യക്തമായിട്ടില്ല. മാർച്ച് മൂന്നിന് രന്യയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണത്തിന് തന്നെ പന്ത്രണ്ട് കോടിയിലേറെ വിലവരും. ഹവാല ഗുരുതരമായ കള്ളപ്പണ ഇടപാട് ആയതിനാലാണ് ഇ ഡി യും ഈ കേസ് അന്വേഷിക്കുന്നത്. അന്തർദേശീയ കുറ്റകൃത്യമായതിനാൽ സിബി ഐയും എത്തി. ബംഗളുരു വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ രന്യയെ സഹായിച്ചിട്ടുണ്ടെന്നും ഡിജിപി രാമചന്ദ്ര റാവുവിന്റെ നിർദ്ദേശപ്രകാരമാണ് അങ്ങനെ ചെയ്തതെന്നും അന്വേഷണ ഏജൻസികൾക്ക് മുമ്പാകെ കർണാടക പോലീസിന്റെ ഭാഗമായ പ്രോട്ടോകോൾ ഓഫീസർ മൊഴി നൽകിയിരുന്നു. ഡിജിപി രന്യയെ സഹായിച്ചതായി അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. അന്വേഷണം ആരംഭിക്കും മുമ്പുതന്നെ രാമചന്ദ്രറാവുവിനോട് അവധിയിൽ പോകാൻ സംസ്ഥാന ഗവണ്മെന്റ് നിർദ്ദേശിച്ചിരുന്നു. 2022 ൽ ആണ് രന്യ റാവുവും തരുണും ചേർന്ന് ദുബായിൽ ഡയമണ്ട് ട്രേഡിങ് കമ്പനി ആരംഭിച്ചത്. 2023 ൽ പിതാവ് ഡിജിപി ആയതോടെയാണ് പ്രോട്ടോകോൾ സൗകര്യം ഉപയോഗപ്പെടുത്തി പരിശോധന കൂടാതെ വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ ചാനൽ വഴി പുറത്തുകടക്കാമെന്ന് രന്യ മനസ്സിലാക്കിയത്. രഹസ്യ ബിസിനസ്സ് ഇടപാടുകൾ ഉള്ളതിനാലാണ് ജതിൻ ഹുക്കേരിയെ വിവാഹം ചെയ്തതിന് ശേഷവും രന്യ തരുണുമായുള്ള സൗഹൃദം തുടർന്നത്. ജതിൻ അകന്നതും ഈ ബന്ധത്തിന്റെ പേരിലാണ്. നവംബറിൽ വിവാഹിതരായ അവർ ഡിസംബറിൽ തന്നെ മാനസികമായി അകന്നു എന്നാണ് വ്യക്തമായത്. താമസം ഒരേ ഫ്ലാറ്റിലായിരുന്നെങ്കിലും ഇരുവരും രണ്ടു ധ്രുവങ്ങളിലായിരുന്നു. ഡിവോഴ്സ് നടപടികൾ ആരംഭിച്ചിരുന്നില്ലെന്ന് മാത്രം. രന്യ അറസ്റ്റിലായതോടെ തനിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ പാടുപെടുകയാണ് പ്രശസ്ത ആർക്കിടെക് ആയ ജതിൻ. സെഷൻസ് കോടതി രന്യയ്ക്ക് ജാമ്യം നൽകുമോയെന്ന് ഉറ്റുനോക്കുകയാണ് കർണാടകം.











