03:36pm 09 November 2026
NEWS
ഗ്രീൻചാനൽ സ്വർണ്ണക്കടത്ത്‌ കേസ്സിൽ രന്യറാവുവിന് ജാമ്യം; പക്ഷെ ഉടൻ ജയിൽമോചിതയാകില്ല
21/05/2025  03:00 PM IST
വിഷ്ണുമംഗലം കുമാർ
ഗ്രീൻചാനൽ സ്വർണ്ണക്കടത്ത്‌ കേസ്സിൽ രന്യറാവുവിന് ജാമ്യം; പക്ഷെ ഉടൻ ജയിൽമോചിതയാകില്ല

 ബംഗളുരു: കർണാടകത്തെ ഇളക്കിമറിച്ച ഗ്രീൻചാനൽ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് മാർച്ച്‌ മൂന്ന് മുതൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് സിനിമാനടി രന്യറാവു. മാർച്ച് ആറിന് കൂട്ടാളി തരുൺ കൊണ്ടൂരു രാജും അറസ്റ്റിലായി. ഡിആർഐ (ഡയരക്ടറേറ്റ്  ഓഫ് റവന്യൂ ഇന്റലിജൻസ്) ആണ് ഇരുവരെയും അറസ്റ്റുചെയ്തത്. മാർച്ച് മൂന്നിന് പുലർച്ചെ പന്ത്രണ്ടര കി ലോ സ്വർണ്ണം ദേഹത്തൊളിപ്പിച്ചുവെച്ച് ദുബായിൽ നിന്നെത്തി ബംഗളുരു വിമാനത്താവളത്തിലെ ഗ്രീൻ ചാനൽ വഴി പുറത്തിറങ്ങുമ്പോഴാണ് രന്യറാവു പിടിയിലായത്. ഡിജി പി പദവി വഹിച്ചിരുന്ന രാമചന്ദ്ര റാവു ഐപിഎസ് രന്യയുടെ രണ്ടാനച്ഛനാണ്. അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് അതിനും മുമ്പും പലതവണ രന്യ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് ഡി ആർ ഐയുടെ കണ്ടെത്തൽ. രന്യയുടെ മറ്റൊരു സഹായി സാഹിൽ ജയിനിനെ മാർച്ച്‌ ഇരുപത്തിയാറിന് പിടികൂടിയതിലൂടെയാണ് ഡി ആർ ഐയ്ക്ക് കൂടുതൽ തെളിവുകൾ ലഭിച്ചത്. രന്യ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം വിറ്റുകൊടുത്തതും സ്വർണ്ണം വാങ്ങാനുള്ള പണം ഹവാല വഴി ദുബായിൽ എത്തിക്കാൻ സഹായിച്ചതും സാഹിൽ ജയിനാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേകകോടതിയും സെഷൻസ് കോടതിയും ഹൈക്കോടതിയും രന്യയ്ക്കും കൂട്ടാളികൾക്കും ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ അറുപത് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ രന്യയ്ക്കും തരുണിനും നിയമപ്രകാരം ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്ന് ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രത്യേകകോടതി ജഡ്ജി വിശ്വനാഥ് ചന്നബാസപ്പ ഗൗഡർ നിരീക്ഷിച്ചു. രണ്ടുലക്ഷം രൂപയും  രണ്ട് ആൾജാമ്യവും ഹാജരാക്കിയാൽ ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവിട്ടു. രാജ്യം വിട്ടുപോകരുത്, സമാന കുറ്റങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുക. എന്നാൽ രന്യയും കൂട്ടാളികളും ഉടനെ ജയിൽ മോചിതരാവില്ല. കോഫെപോസ പ്രകാരം മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഫെപോസ കേസ്സിൽ ഒരു വർഷംവരെ ജാമ്യം നൽകാതെ തടവിൽ വെക്കാൻ കഴിയും. കോഫെപോസ കേസ് റദ്ദാക്കി ക്കിട്ടാൻ രന്യയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആ കേസ് അടുത്ത മാസം മൂന്നിനേ കോടതി പരിഗണിക്കുകയുള്ളൂ.അതിനിടെ ഇന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഡോക്ടർ ജി. പരമേശ്വര യുടെ  ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇ ഡി റെയ്ഡ് ചെയ്തത് രന്യറാവുവിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുകളുണ്ട്. രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്രറാവു ഐപിഎസ് ആഭ്യന്തര മന്ത്രിയുമായി അടുപ്പമുള്ള ഓഫീസറാണ്. രന്യറാവു സ്വർണ്ണം കടത്തിയത് രാഷ്ട്രീയ പ്രമുഖർക്ക് വേണ്ടിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഡിആർഐയ്ക്ക് പുറമെ ഇഡി യും സിബിഐയും ഗ്രീൻ ചാനൽ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img