
ബെംഗളൂരു: ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവു. താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കുകയായിരുന്നു എന്നുമായിരുന്നു താരം പറഞ്ഞത്. നേരത്തെ, ഡി.ആർ.ഐക്ക് നൽകിയ മൊഴിയിൽ കുറ്റം സമ്മതിച്ചിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ താരം കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. അതേസമയം, ആരാണ് കുടുക്കിയതെന്ന് നടി ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുമില്ല.
തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വർണ്ണക്കട്ടികളാണെന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും താരം മൊഴി നൽകിയിരുന്നു. സ്വർണ്ണക്കടത്ത് റാക്കറ്റിന്റെ വലയിൽ രന്യ പെട്ടുപോവുകയായിരുന്നോ അതോ അവർ കടത്തിൽ സജീവപങ്കാളിയായിരുന്നോയെന്നതിൽ വ്യക്തതവരേണ്ടതുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡി.ആർ.ഐ. രന്യയുടെ മൊബൈൽ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിക്കുന്നതിലൂടെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരും.
നടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിൽ ഉള്ളവർക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുവർഷത്തെ നടിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.











