04:57am 01 May 2026
NEWS
രന്യറാവുവിന്റെ സ്വർണ്ണക്കടത്ത്: കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ
10/03/2025  12:56 PM IST
വിഷ്ണുമംഗലം കുമാർ
രന്യറാവുവിന്റെ സ്വർണ്ണക്കടത്ത്: കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ

ബംഗളുരു: സംസ്ഥാന പോലീസിന്റെ മാത്രമല്ല കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, എമിഗ്രേഷൻ, ഒരുപക്ഷെ ഡി ആർ ഐ(ഡയറക്ടറേറ് ഓഫ് റവന്യൂ ഇന്റലിജൻസ്) യുടെ തന്നെ ചില ഉദ്യോഗസ്ഥരുടെ സഹായം രന്യറാവുവിന് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷനോദ്യോഗസ്ഥർ സംശയിക്കുന്നത്. ദുബായിൽ ആരാണ് രന്യയ്ക്ക് സ്വർണ്ണം നൽകിയത്, ബംഗളുരുവിൽ സ്വർണ്ണം ഏറ്റുവാങ്ങിയത് ആരൊക്കെയാണ്, സ്വർണ്ണം വാങ്ങാൻ എന്തു കറൻസി ഏതുവിധത്തിലാണ് ഉപയോഗിച്ചത് എന്നീ കാര്യങ്ങളാണ് ഡി ആർ ഐ പ്രാഥമികമായി അന്വേഷിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ രന്യ റാവുവിനെ ഡി ആർ ഐ സംഘം വിശദമായി ചോദ്യം ചെയ്തു. താൻ ചതിക്കപ്പെട്ടതാണെന്ന നിലപാടിലാണ് രന്യ. ചില സുപ്രധാന വിവരങ്ങൾ ഡി ആർ ഐയ്ക്ക് അവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്വർണ്ണം വാങ്ങിയതായി സംശയിക്കുന്ന ബംഗളുരുവിലെ രണ്ട് ജുവലറികൾ നിരീക്ഷണത്തിലാണ്. അവിടങ്ങളിൽ ഉടനെ റെയ്ഡ് ഉണ്ടായേക്കും. ചില വൻ മത്സ്യങ്ങൾ രന്യ റാവുവിന്റെ പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. സി ബി ഐ ഈ സംഭവമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുബായിലെ സപ്ലൈയറെയും ബംഗളുരുവിലെ കസ്റ്റമേഴ്‌സിനെയും കണ്ടെത്തുന്നതോടെ ഈ കേസ്സിൽ മറ്റുള്ളവരുടെ പങ്ക് വെളിപ്പെടും. സിബിഐ ദുബായ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കാണ് നീങ്ങുന്നത്. ഈ കേസ്സിൽ എൻ ഐ എ വരാനും സാധ്യതയുണ്ട്. അതിനിടയിൽ രന്യ റാവുവിന്റെ ഒരു സ്ഥാപനത്തിന് കർണാടക ഗവണ്മെന്റ് പന്ത്രണ്ട് ഏക്ര ഭൂമി അനുവദിച്ചിരുന്നതായുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ബിജെപി ഭരണത്തിലിരിക്കെ 2023 ജനവരിയിലാണ് തുമകൂറു ജില്ലയിലെ സിറ വ്യവസായ മേഖലയിൽ ഭൂമി അനുവദിച്ചതെന്ന് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ് മെന്റ് ബോർഡ് സി ഇ ഒ മഹേഷ്‌ വെളിപ്പെടുത്തി. 138 കോടി ചെലവിൽ ഉരുക്ക് ഉപകരണ ഉത്പാദന ഫാക്റ്ററി ആരംഭിക്കാനാണ് ഭൂമി അനുവദിച്ചത്. 160 പേർക്ക് ജോലി കൊടുക്കുന്ന പദ്ധതിയാണെന്ന് രന്യറാവു അവകാശപ്പെട്ടിരുന്നു. ഈ നടിയ്ക്ക് രാഷ്ട്രീയത്തിലെ ഉന്നതരുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ഭൂമി അനുവദിച്ച നടപടി. സ്വർണ്ണക്കടത്തിലെ ഉന്നത ബന്ധങ്ങളും വൈകാതെ പുറത്തുവരും. രന്യറാവുവിന് ജാമ്യം അനുവദിക്കരുതെന്ന് ഡി ആർ ഐ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img