
വിപുലമായ സ്വർണ്ണക്കടത്തിന് നേതൃത്വം കൊടുത്തവരാണ് ബംഗളുരുവിൽ അറസ്റ്റിലായ രന്യറാവുവും തരുൺ രാജും എന്നാണ് വിശദമായ അന്വേഷണത്തിൽ ഡി ആർ ഐയും സിബിഐയും കണ്ടെത്തിയിട്ടുള്ളത്. രന്യയെപോലെ തരുണും സിനിമയിൽ പരാജയപ്പെട്ട ആളാണ്. പഞ്ചനക്ഷത്ര ഹോട്ടലുടമയുടെ കൊച്ചുമകനായ തരുണിന് വിരാട് കൊണ്ടൂരു എന്നും പേരുണ്ട്. 2018-ൽ പരിചയം എന്ന തെലുഗു ചിത്രത്തിൽ ഇയാൾ നായകനായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഒരു തമിഴും രണ്ടു കന്നഡയും ഉൾപ്പെടെ രന്യറാവു മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യചിത്രമായ മാണിക്യ ഒഴികെ മറ്റുള്ളവ പരാജയമായത് രന്യയുടെ അഭിനയ ഭാവിയെ പ്രതികൂലമായി ബാധിച്ചു.രന്യയ്ക്ക് തരുണുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്. രണ്ടുപേരും ദുബായിൽ റസിഡന്റ് ഐഡൻടിറ്റി പെർമിറ്റ് ഉള്ളവരാണ്. തരുണിന്റെ യു എസ് പാസ്പോർട്ട് ഉപയോഗിച്ച് ഇവർ ദുബായിൽ നിന്ന് തായ്‌ലാൻഡ്, സ്വിസർലാൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പലവട്ടം സഞ്ചരിച്ചിട്ടുണ്ടെന്നും അവിടങ്ങളിലേക്കും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും പങ്കാളിത്തത്തിൽ ദുബായിൽ ഡയമണ്ട് ട്രേഡിംഗ് സ്ഥാപനമുണ്ട്. കഴിഞ്ഞ നവമ്പറിലായിരുന്നു രന്യയും പ്രശസ്ത ആർക്കിടെക് ജതിൻ ഹുക്കേരിയും തമ്മിലുള്ള വിവാഹം. വിവാഹശേഷവും രന്യ തരുണുമായുള്ള വിദേശയാത്ര തുടർന്നത് അവരും ഭർത്താവും തമ്മിൽ വഴക്കിന് കാരണമായി. എന്നാൽ തരുണുമായുള്ള സൗഹൃദവും ബിസിനസ് പങ്കാളിത്തവും ഒഴിവാക്കാൻ രന്യ തയ്യാറായില്ല. ഡിസംബർ മുതലേ ഭാര്യയുമായി അകൽച്ചയിലാണെന്നും വിവാഹബന്ധം വേർപെട്ട അവസ്ഥയിലാണെന്നും ജതിൻ ഹുക്കേരി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നുണ്ട്. ഡിജിപി പദവിയിലുള്ള കെ രാമചന്ദ്ര റാവു ഐ പി എസ് രന്യയുടെ രണ്ടാനച്ഛനാണ്. ആഭ്യന്തര മന്ത്രിയുമായി വ്യക്തിപരമായി അടുപ്പമുള്ള ഓഫീസറാണ് രാമചന്ദ്രറാവു. ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുള്ള പ്രോട്ടോകോൾ സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിൽ നിന്ന് പോലീസ് അകമ്പടിയിൽ ഗ്രീൻ ചാനലിലൂടെ രന്യ പുറത്തുകടന്നിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. രാമചന്ദ്രറാവു നിർബന്ധിത അവധിയിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി ഈ മാസം 14ന് രന്യയുടെയും തരുണിന്റെയും ജാമ്യഹരജി തള്ളിയിരുന്നു. ഉന്നതതല ബന്ധങ്ങളുള്ള ഇരുവരെയും പുറത്തെത്തിക്കാൻ അഭിഭാഷകരുടെ ഒരു നിര തന്നെ പ്രവർത്തിക്കുന്നുണ്ട്. സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹരജി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ അധികാരത്തിന്റെ ഇടനാഴിയിൽ രന്യകേസ് പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.











