05:50pm 06 September 2026
NEWS
ചിറയിൻകീഴ് കൈയാങ്കളി: രമ്യ ഹരിദാസിന്റെ പി.എയെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയെയും കോൺ​ഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു
06/09/2026  04:02 PM IST
nila
ചിറയിൻകീഴ് കൈയാങ്കളി: രമ്യ ഹരിദാസിന്റെ പി.എയെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയെയും കോൺ​ഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയുമായി കെപിസിസി. എംഎൽഎയുടെ പി.എ പാളയം പ്രദീപിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദിനെയും പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായതോടെയാണ് ഇരുവിഭാഗത്തിനുമെതിരെ നടപടിയെടുത്തത്.

ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റേഷൻ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നതോടെയാണ് തർക്കങ്ങൾക്ക് തുടക്കം. യോഗത്തിൽ രമ്യ ഹരിദാസിന്റെ പി.എ പാളയം പ്രദീപ് പങ്കെടുത്ത് കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഇതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പി.എയും ഉൾപ്പെടെയുള്ളവർ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.

സജ്ജാദ് ക്ഷണിച്ചതിനെ തുടർന്നാണ് വീട്ടിലെത്തിയതെന്നാണ് രമ്യ ഹരിദാസ് പ്രതികരിച്ചത്. വീട് തൊട്ടടുത്തായതിനാൽ അങ്ങോട്ട് വരാമെന്ന് സജ്ജാദ് പറയുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സജിത്ത് ഉൾപ്പെടെ എട്ടോളം പേർ സ്ഥലത്തെത്തി. സജിത്ത് മോശമായി സംസാരിക്കുകയും തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ആരോപിച്ചു. തന്റെ കൈ പിടിച്ചുവലിച്ചതായും തുടർന്ന് ചികിത്സ തേടിയെന്നും എംഎൽഎ പറഞ്ഞു.

തിരഞ്ഞെടുപ്പ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സജിത്തിനെതിരെ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും രമ്യ ആരോപിച്ചു. പാളയം പ്രദീപ് ഉൾപ്പെടെ നാല് സ്റ്റാഫ് അംഗങ്ങളാണ് തനിക്കുള്ളതെന്നും എംപിയായിരുന്ന കാലം മുതൽ പ്രദീപ് ഒപ്പമുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

അതേസമയം, രമ്യ ഹരിദാസിന്റെ പരാതിയിൽ ചിറയിൻകീഴ് പൊലീസ് സജിത്ത്, സജ്ജാദ് ഉൾപ്പെടെ 14 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. സജിത്തും ഭാര്യയും പരാതി നൽകിയിരുന്നെങ്കിലും ഇതിൽ പൊലീസ് കേസെടുത്തിട്ടില്ല.

സജിത്തിനെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. രമ്യ ഹരിദാസ് ചിറയിൻകീഴിൽ സ്ഥാനാർഥിയായത് മുതൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img