09:45am 18 March 2025
NEWS
ആസിഫിനെ അപമാനിച്ചെന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി രമേശ് നാരായണൻ
16/07/2024  03:30 PM IST
nila
ആസിഫിനെ അപമാനിച്ചെന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി രമേശ് നാരായണൻ

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ. ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്നും നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും അദ്ദഹം പറഞ്ഞു.  ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കിൽ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാൻ യാതൊരു മടിയുമില്ലെന്നും രമേശ് നാരായണൻ വ്യക്തമാക്കി. 

ട്രെയ്ലർ ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ് രമേശ് നാരായണന് പുരസ്‌കാരം നൽകുകയായിരുന്നു. ഇതിന് പിന്നാലെ രമേശ് നാരായണന് വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് അദ്ദേ​ഹം എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയത്.

രമേഷ് നാരായണന്റെ വാക്കുകൾ

ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് ഞാനാണ്. ട്രെയ്‌ലർ ലോഞ്ചിന് വേദിയിലേക്കു ക്ഷണിക്കാതിരുന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാൽ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തു.

ആസിഫ് അലിയെ ഞാൻ അപമാനിച്ചിട്ടില്ല. നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ആസിഫ് അലിയാണ് തരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അനൗൺസ്‌മെന്റ് ഞാൻ കേട്ടില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. പക്ഷേ വേദിയിൽ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോൾ എന്നെയും വിളിച്ചില്ല. അതൊരു വിഷമമുണ്ടാക്കി.

ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എനിക്കറിയില്ല. എനിക്ക് വലിപ്പച്ചെറുപ്പമില്ല. ഞാൻ വേദിയിലായിരുന്നില്ല നിന്നത്. വേദിയിലാണെങ്കിൽ എനിക്ക് ഒരാൾ വരുന്നത് മനസ്സിലാകുമായിരുന്നു. ഞാൻ നിന്നത് താഴെയായിരുന്നു. അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഇപ്പോഴും ചെറിയ ആളാണ്. ഞാൻ ഒന്നുമല്ല. എന്റെ പേരിൽ തെറ്റിദ്ധാരണ വന്നതിൽ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ്. ഞാൻ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കിൽ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാൻ യാതൊരു മടിയുമില്ല. വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാൻ എനിക്ക് പറ്റില്ല.

എം.ടി വാസുദേവൻ സാറിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുക എന്നത് വലിയ അംഗീകരമാണ്. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണദ്ദേഹം. അതുകൊണ്ടാണ് ഞാൻ പോയത്. ഞാനൊരു മൊമന്റോ പ്രതീക്ഷിച്ചല്ല പോയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.