11:46pm 31 October 2026
NEWS
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കുറ്റകൃത്യത്തിന് മുൻപേ പ്രതിരോധം തീർക്കണം രമേശ് ചെന്നിത്തല.
31/10/2026  09:59 PM IST
സണ്ണി ലുക്കോസ്
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കുറ്റകൃത്യത്തിന് മുൻപേ പ്രതിരോധം തീർക്കണം രമേശ് ചെന്നിത്തല.
HIGHLIGHTS

മമ്മൂട്ടി കേരള പൊലീസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റൻ.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ സംഭവിക്കുന്നതിനുമുമ്പ് ഫലപ്രദമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.  2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസിന്റെ സൈബർ വിഭാഗം രൂപകൽപ്പന ചെയ്ത 'ക്ലിക്ക്' (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) സൈബർ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സൈബർ യുഗത്തിൽ ജീവിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ പൂർണമായി ഇല്ലാതാക്കുക എളുപ്പമല്ല. ഫലപ്രദമായ പ്രതിരോധത്തിലൂടെ ഒരു പരിധിവരെ അവ തടയാനാകും. തീവ്രമായ അക്രമസ്വഭാവമുള്ള ഗെയിമുകൾ കളിക്കുന്നതും സിനിമകൾ കാണുന്നതും കുട്ടികളെയും യുവതലമുറയെയും കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളുണ്ട്. ഇത്തരം പ്രവണതകൾ ഗൗരവമായി കാണണം.

സാധാരണക്കാരുടെ സാങ്കേതിക പരിജ്ഞാനക്കുറവ് ചൂഷണം ചെയ്താണ് പല സൈബർ തട്ടിപ്പുകളും നടക്കുന്നത്. കഴിഞ്ഞ വർഷം 54,000-ത്തിലധികം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്.

ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ആപ്പുകൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുക, ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ജാഗ്രത പാലിക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ സൈബർ തട്ടിപ്പുകൾ തടയാനാകും. തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.

നവംബർ മൂന്നുമുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പൂർണമായും ഡിജിറ്റലൈസ് ചെയ്യും. പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനും അവയ്ക്ക് ഉടൻ മറുപടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പരാതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഡാഷ്‌ബോർഡും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ താരം   മമ്മൂട്ടിയെ കേരള പൊലീസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. 

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പുതുതലമുറയിലെ ഓരോരുത്തരും ക്യാപ്റ്റന്മാരായി മാറണമെന്ന് മമ്മൂട്ടി പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുട്ടികൾക്ക് ശരിയായ മാർഗനിർദേശം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ വാശിപിടിക്കുമ്പോഴോ കരയുമ്പോഴോ അവരെ ആശ്വസിപ്പിക്കാൻ സ്മാർട്ട്ഫോണുകൾ നൽകുന്ന ശീലം നല്ലതല്ല. കാര്യഗൗരവത്തോടെ ഫോൺ ഉപയോഗിക്കാൻ കുട്ടികൾ പ്രാപ്തരാകുന്നതുവരെ ഫീച്ചർ ഫോണുകൾ കുട്ടികൾക്ക് നൽകുന്നതായിരിക്കും ഉചിതം. നല്ല കാര്യങ്ങൾക്കുവേണ്ടിയും അല്ലാതെയും കണ്ടുപിടുത്തങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്റർനെറ്റും അത്തരമൊരു കണ്ടുപിടുത്തമാണ്. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗത്തിലൂടെ അതിന്റെ ദുരുപയോഗം തടയാൻ കഴിയണം. 

നിർമിതബുദ്ധിയുടെ കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്. സൈബർ കുറ്റകൃത്യങ്ങളെ തിരിച്ചറിയാനും  നേരിടാനും സമൂഹം പ്രാപ്തരാകണം. 'ക്ലിക്ക്' അതിനുള്ള ഒരു ശ്രമമാണെന്നും മമ്മൂട്ടി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർഥികൾക്ക് മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റൻ തൊപ്പി അണിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img