
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ നാടകീയ സംഭവങ്ങൾ. ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയ രമേശ് ചെന്നിത്തലയ്ക്ക് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. “കണ്ണേ കരളേ ചെന്നിത്തലേ”, “ഞങ്ങൾക്കൊന്നേ നേതാവുള്ളൂ” എന്നീ മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം. വീട്ടിലെത്തി അധികസമയം കഴിയുന്നതിനുമുമ്പ് സ്വകാര്യ സന്ദർശനമെന്ന വിശദീകരണത്തോടെ ചെന്നിത്തല വീണ്ടും പുറത്തേക്ക് പോയി. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അദ്ദേഹത്തെ കാണാനെത്തുമെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം.
എല്ലാ മലയാളമാസവും ഒന്നാം തീയതി ഗുരുവായൂരിൽ ദർശനം നടത്തുന്നത് പതിവാണെന്നും അതിന്റെ ഭാഗമായാണ് വെള്ളിയാഴ്ചയും ഗുരുവായൂരിലേക്ക് പോയതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കുമോയെന്ന ചോദ്യങ്ങളിൽ അദ്ദേഹം മൗനം പാലിച്ചു. രാവിലെ മാധ്യമങ്ങളോട് ആവശ്യമായ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽപ്പുറം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. രാവിലെ പറഞ്ഞ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്നായിരുന്നു ആവർത്തിച്ച മറുപടി. തുടർന്ന് മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാതെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
അതേസമയം, വി.ഡി. സതീശനെ പുതിയ ദൗത്യത്തിലേക്ക് തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ ചെന്നിത്തല സ്വാഗതം ചെയ്തു. സതീശന് എല്ലാ പിന്തുണയും ആശംസകളും ഉണ്ടാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുതിയ മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂട്ടിച്ചേർത്തു.










