01:50am 12 July 2026
NEWS
ആഗസ്റ്റ് 15 മുതൽ പൊലീസിന്‍റെ മുഖം മാറും രമേശ് ചെന്നിത്തല
11/07/2026  06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആഗസ്റ്റ് 15 മുതൽ പൊലീസിന്‍റെ മുഖം  മാറും രമേശ് ചെന്നിത്തല
HIGHLIGHTS

എറണാകുളം പ്രസ്‌ക്ലബ് കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് പ്രസ്‌ക്ലബ് അംഗങ്ങൾ തൂഫാണ് പോരാളികളാകുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്‌ക്ലബ് പ്രസിഡന്‍റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ എന്നിവരെ തൂഫാൻ ബാഡ്‌ജ്‌ അണിയിക്കുന്നു.

കൊച്ചി: ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ്  സേനയാകും കേരളത്തിലുണ്ടാവുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കും.  ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകൾക്കും ഒരേ പെയിന്‍റ് അടിക്കും. ഓഗസ്റ്റ് 15 മുതൽ 64 സ്റ്റേഷനുകളിൽ ഒഴികെ എസ്‌ഐക്കാകും സ്റ്റേഷൻ ചുമതല.കൂടുതൽ കേസുകളുള്ള  64 സ്റ്റേഷനുകളിൽ സി ഐ മാർക്ക് തന്നെയായിരിക്കും  സ്റ്റേഷൻ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിനെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും  ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിന്‍റെ  ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത കൊണ്ട് ചെന്നിത്തല പറഞ്ഞു. 6632 പേരെ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി അറസ്റ്റ് ചെയ്തു. 6182 കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. എട്ടാം തീയതി വരെയുള്ള കണക്കുകളാണിത്. ഓപ്പറേഷൻ തൂഫാൻ വൻ വിജയമാണ്. ഡി ജെ പാർട്ടികൾക്ക് എതിരല്ല. എന്നാൽ, അവിടെ ലഹരി ഉപയോഗം ഉണ്ടായാൽ പൊലീസ് എത്തും. റെസ്പോൺസിബിൾ നൈറ്റ് ലൈഫാണ് കേരളത്തിന് വേണ്ടത്. സ്റ്റാർ ഹോട്ടലിലും ക്യാരവാനിലും ലഹരി അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ തൂഫാൻ പോരാളികളാകുന്ന പദ്ധതിയും രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. എറണാകുളം പ്രസ്‌ക്ലബ് അംഗംങ്ങളെ തൂഫാൻ പോരാളികളായി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചാണ് എറണാകുളം പ്രസ്‌ക്ലബ് തൂഫാൻ പോരാട്ടത്തിന്‍റെ ഭാഗമായത്. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ പ്രസ്‌ക്ലബ് ഭാരവാഹികളെ  ആഭ്യന്തര മന്ത്രി  തൂഫാൻ ബാഡ്‌ജ്‌ ധരിപ്പിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്‍റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി എം ഷജിൽ കുമാർ സ്വാഗതം പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img