04:26pm 14 May 2026
NEWS
രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ; പാർലമെന്ററി പാർട്ടി യോ​ഗത്തിൽ പങ്കെടുത്തേക്കില്ല
14/05/2026  01:18 PM IST
nila
രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ; പാർലമെന്ററി പാർട്ടി യോ​ഗത്തിൽ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്. ഇന്നു ചേരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന വിവരം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സീനിയോറിറ്റിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന വികാരമാണ് ചെന്നിത്തല പക്ഷം ഉയർത്തുന്നത്. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിനു പിന്നാലെ ചെന്നിത്തല തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ നിന്ന് പുറത്തേക്ക് പോയി.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹവുമായി ആശയവിനിമയം നടത്തിയതായും, ആ സംഭാഷണങ്ങളിലും അദ്ദേഹം അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. നിയുക്ത എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർ രാവിലെ മുതൽ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. ചെന്നിത്തല അസന്തുഷ്ടനാണെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ ജ്യോതികുമാർ ചാമക്കാല, മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് പ്രതികരിച്ചു. ഹൈക്കമാൻഡ് തീരുമാനം ചെന്നിത്തല അംഗീകരിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

സീനിയോരിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല ക്യാമ്പ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനും കെ.സി. വേണുഗോപാലും അവകാശവാദം ശക്തമാക്കിയപ്പോൾ, സമവായമെന്ന നിലയിൽ ചെന്നിത്തലയെ പരിഗണിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img