06:14pm 15 May 2026
NEWS
സതീശനൊപ്പം യുഡിഎഫ് പ്രവർത്തകരുണ്ടാകുമെന്ന് ചെന്നിത്തല
15/05/2026  06:32 AM IST
nila
 സതീശനൊപ്പം യുഡിഎഫ് പ്രവർത്തകരുണ്ടാകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സതീശനൊപ്പം യുഡിഎഫ് പ്രവർത്തകരുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരിൽ നിർമാല്യ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷമുണ്ടായ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ ഒഴിവാക്കിയിരുന്ന ചെന്നിത്തല പാർലമെന്ററി പാർട്ടി യോഗത്തിലും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ രാത്രി ഗുരുവായൂരിലെത്തിയ ശേഷവും അദ്ദേഹം പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.

മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷത്തെ ഇടതു ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനാണ് ജനങ്ങൾ യുഡിഎഫിന് അധികാരം നൽകിയതെന്നും, യുഡിഎഫ് പ്രവർത്തകർ സതീശന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദർശനത്തിന് ശേഷം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങിയ ചെന്നിത്തലയുടെ ഗുരുവായൂർ സന്ദർശനം മലയാള മാസം ഒന്നിനോടനുബന്ധിച്ച പതിവ് ക്ഷേത്രദർശനമാണെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിലുള്ള നീരസം ചെന്നിത്തലക്കുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. സീനിയോറിറ്റി പരിഗണിക്കാതെയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന വികാരമാണ് അദ്ദേഹത്തിനുള്ളതെന്ന് സൂചന. മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കുമെന്ന നിലപാടിൽ അദ്ദേഹം തുടരുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. സ്വന്തം വിശ്വസ്തർക്കായി മന്ത്രിസഭയിൽ ഇടം ഉറപ്പാക്കാനുള്ള ശ്രമങ്ങളും ചെന്നിത്തലയുടെ ഭാഗത്ത് നിന്ന് സജീവമാണെന്ന റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img