11:39pm 30 June 2026
NEWS
'അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ലഹരി' പരാമർശം തെറ്റായിരുന്നു; ഡോ. ഷിംന അസീസിന്റെ തിരുത്ത് അംഗീകരിച്ച് രമേശ് ചെന്നിത്തല
30/06/2026  05:17 PM IST
nila
അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ലഹരി പരാമർശം തെറ്റായിരുന്നു; ഡോ. ഷിംന അസീസിന്റെ തിരുത്ത് അംഗീകരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമർശത്തിലെ വസ്തുതാപരമായ പിഴവ് അംഗീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്റെ പരാമർശം ശരിയല്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വളരെ നാൾ മുമ്പ് നടത്തിയ ഒരു സംഭാഷണത്തിലെ പരാമർശത്തിൽ കടന്നുകൂടിയ തെറ്റാണ് ഡോ. ഷിംന അസീസ് ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രി പറഞ്ഞു. വിഷപ്പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമർശിക്കവേ, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളാണെന്ന് പറഞ്ഞത് വസ്തുതാപരമായി തെറ്റായിരുന്നുവെന്നും ഡോ. ഷിംന അസീസിന്റെ തിരുത്ത് പൂർണമായി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, പാമ്പുകളെ ഉപയോഗിച്ചുള്ള ലഹരി ഉപയോഗം അത്യന്തം അപകടകരവും ആശങ്കാജനകവുമായ പ്രവണതയാണെന്നും കേരളത്തിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ലഭിക്കുന്ന വിവരങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ പൊതുജനങ്ങൾ കൈമാറണമെന്ന് അഭ്യർഥിച്ച അദ്ദേഹം, വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുനൽകി.

ലഹരിവിരുദ്ധ പ്രവർത്തനമായ 'തൂഫാൻ – ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി ഡോ. ഷിംന അസീസിനെ 'തൂഫാൻ വാരിയർ' ആയി പ്രവർത്തിക്കാൻ ഹൃദയപൂർവം ക്ഷണിക്കുന്നുവെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ” ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു. 
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.
തൂഫാൻ-  ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. Shimna Azeez ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

മന്ത്രിയെ തിരുത്തി  ഡോ ഷിംന അസീസ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ് രംഗത്ത് വന്നിരുന്നു. മന്ത്രി പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനും സാധ്യതയുണ്ട്. ദയവ് ചെയ്ത് ആരും ശ്രമിക്കരുത്. അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്സിക് വെനം' ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവ ശ്രമകരമാണ്. നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം കിട്ടില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കയറി മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെയെന്നും നിരുപാധികം ലഹരിക്കെതിരെയുണ്ടെന്നും ഷിംന അസീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img