07:32pm 13 November 2026
NEWS
'കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ'! ജഡായു വീണത് കൊല്ലത്തോ ആന്ധ്രയിലോ തമിഴ്‌നാട്ടിലോ? 'രാമായണം' സിനിമയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അവകാശവാദപ്പോര്
13/11/2026  07:01 PM IST
nila
കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ! ജഡായു വീണത് കൊല്ലത്തോ ആന്ധ്രയിലോ തമിഴ്‌നാട്ടിലോ? രാമായണം സിനിമയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അവകാശവാദപ്പോര്

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണം: പാർട്ട് 1' സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ സോഷ്യൽ മീഡിയയിൽ പുതിയൊരു തർക്കവും സജീവമാകുകയാണ്. രാവണന്റെ ചന്ദ്രഹാസം ഏറ്റ് ചിറകറ്റുവീണ ജഡായു എവിടെയാണ് ജീവൻ വെടിഞ്ഞതെന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ഇതിഹാസ സംഭവത്തിന്റെ പേരിൽ അവകാശവാദങ്ങളുമായി രംഗത്തുള്ളത്.

ജഡായു വീണത് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജഡായുപ്പാറയിലാണെന്നാണ് മലയാളികളുടെ വാദം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 അടി ഉയരത്തിലുള്ള പാറമുകളിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ ജഡായു ശില്പമാണ് ഈ വാദത്തിന് മലയാളികൾ ഉയർത്തിക്കാട്ടുന്ന പ്രധാന ആകർഷണം. 200 അടി നീളമുള്ള ഈ ശില്പം ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമെന്ന പ്രത്യേകതയും അവകാശപ്പെടുന്നു.

എന്നാൽ ജഡായുവിന്റെ അന്ത്യനിമിഷങ്ങൾ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതിനെ മുൻനിർത്തിയാണ് ആന്ധ്രാപ്രദേശുകാർ തങ്ങളുടെ വാദം ശക്തമാക്കുന്നത്. ചിറകറ്റുവീണ ജഡായുവിന്റെ അടുത്തേക്ക് രാമനും ലക്ഷ്മണനും ഓടിയെത്തുന്നതും പക്ഷി ജീവൻ വെടിഞ്ഞശേഷം അവിടെവച്ചുതന്നെ അന്ത്യകർമങ്ങൾ നടത്തുന്നതുമാണ് സിനിമയിലെ രംഗമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പഞ്ചവടിയിൽനിന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കൊല്ലത്തെത്താൻ രാമന് കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇതിന് മലയാളികൾ നൽകുന്ന മറുപടിയും രസകരമാണ്. 'കാക്കക്കുയിൽ' സിനിമയിൽ മുകേഷ് പറയുന്ന 'കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ' എന്ന ഡയലോഗാണ് സോഷ്യൽ മീഡിയ റീലുകളിലും കമന്റുകളിലും നിറയുന്നത്. 'പപ്പടം കൊടുത്തില്ല, പിന്നെയാണ് ജഡായു', 'തൂവൽ പോലും വിട്ടുതരില്ല', 'പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന് കട തല്ലിപ്പൊളിച്ച കൊല്ലംകാരോട് ജഡായുവിനെ ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ' തുടങ്ങിയ പരിഹാസങ്ങളുമായി മലയാളികളും കളംപിടിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ ലേപാക്ഷിയാണ് ജഡായു വീണ സ്ഥലമെന്നതാണ് അവിടുത്തുകാരുടെ വിശ്വാസം. പരിക്കേറ്റ് കിടന്ന ജഡായുവിനെ കണ്ട രാമൻ തെലുങ്കിൽ 'ലേ പക്ഷീ' (എഴുന്നേൽക്കൂ പക്ഷീ) എന്ന് വിളിച്ചുവെന്നും അതിൽനിന്നാണ് ലേപാക്ഷി എന്ന സ്ഥലനാമം ഉണ്ടായതെന്നുമാണ് ഐതിഹ്യം. പഞ്ചവടിയിൽനിന്ന് ലങ്കയിലേക്കുള്ള യാത്രാമാർഗം പരിഗണിക്കുമ്പോൾ ഭൂമിശാസ്ത്രപരമായി ജഡായു വീണിരിക്കാൻ കൂടുതൽ സാധ്യത ആന്ധ്രയിലാണെന്നും പ്രാദേശിക ചരിത്രകാരന്മാർ വാദിക്കുന്നു. 2015-ൽ ലേപാക്ഷിയിൽ സ്ഥാപിച്ച ജഡായു ശില്പവും തീം പാർക്കും ഇവിടുത്തെ അവകാശവാദത്തിന് കൂടുതൽ പ്രചാരം നൽകുന്നു.

മത്സരത്തിൽ തമിഴ്‌നാടും പിന്നിലല്ല. കാഞ്ചീപുരത്തിന് സമീപമുള്ള തിരുപ്പുട്കുഴിയിലാണ് ജഡായു വീണതെന്നാണ് തമിഴ്‌നാട്ടുകാരുടെ വിശ്വാസം. പക്ഷിവംശത്തിൽപ്പെട്ട ജഡായുവിനെ അടക്കം ചെയ്ത കുഴി എന്ന അർഥത്തിലാണ് തിരുപ്പുട്കുഴി എന്ന പേരുണ്ടായതെന്നും ഇവർ പറയുന്നു. രാമൻ തന്റെ വില്ല് ഉറപ്പിച്ച് സൃഷ്ടിച്ചതായി വിശ്വസിക്കപ്പെടുന്ന ജഡായു പുഷ്കരിണിയും ഇവിടെയുള്ള വിജയരാഘവ പെരുമാൾ ക്ഷേത്രവുമാണ് തമിഴ്‌നാട് മുന്നോട്ടുവയ്ക്കുന്ന തെളിവുകൾ.

സിനിമയിലൂടെ ജഡായുവിന്റെ കഥ വീണ്ടും ചർച്ചയായതോടെ മൂന്ന് സ്ഥലങ്ങളും സഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ച് ചടയമംഗലത്തെ ജഡായുപ്പാറയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു.

ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ പത്തുവർഷംകൊണ്ടാണ് ചടയമംഗലത്തെ ജഡായു എർത്ത് സെന്റർ യാഥാർഥ്യമായത്. 65 ഏക്കറിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വികസിപ്പിച്ച കേന്ദ്രത്തിൽ നിരവധി വിനോദസഞ്ചാര സൗകര്യങ്ങളുണ്ട്. സ്വിറ്റ്സർലൻഡിൽ നിർമിച്ച കേബിൾ കാർ, 60,000 കല്ലുകൾ പാകിയ 826 പടികളുള്ള നടപ്പാത എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

റോക്ക് ക്ലൈംബിങ്, സിപ്പ് ലൈൻ, പെയിന്റ് ബോൾ തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായി 20 ഏക്കർ വിസ്തൃതിയുള്ള അഡ്വഞ്ചർ സോണും ഇവിടെയുണ്ട്. സിദ്ധ ഹീലിങ് കേവുകൾ, ഹെലിപാഡ്, മ്യൂസിയം, 6ഡി തിയേറ്റർ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സൗരോർജം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഗ്രീൻ ഇക്കോ ടൂറിസം കേന്ദ്രമെന്ന പ്രത്യേകതയ്ക്കൊപ്പം പാറമുകളിൽ ശ്രീ കോദണ്ഡരാമ ക്ഷേത്രവുമുണ്ട്.

സിനിമയുടെ റിലീസിനുശേഷം ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സഞ്ചാരികൾ ജഡായുപ്പാറയിലെത്തുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുഖ്യമന്ത്രി വി.ഡി. സതീശനും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും സമൂഹമാധ്യമങ്ങളിലൂടെ ജഡായുപ്പാറ സന്ദർശിക്കാൻ സഞ്ചാരികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

രാമായണത്തിലെ ഒരു സംഭവത്തിന്റെ പേരിൽ ചരിത്രപരമായ അവകാശവാദങ്ങൾ ഉയർത്തുമ്പോഴും സോഷ്യൽ മീഡിയയിൽ ഇത് കേരളവും ആന്ധ്രയും തമിഴ്‌നാടും തമ്മിലുള്ള രസകരമായ പോരാട്ടമായി മാറിയിരിക്കുകയാണ്. ജഡായു എവിടെ വീണുവെന്ന ചോദ്യത്തിന് വ്യക്തമായ ചരിത്രപരമായ ഉത്തരമില്ലെങ്കിലും ഈ തർക്കം മൂന്ന് ഇടങ്ങളിലെയും വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറന്നിടുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img