04:56am 14 July 2026
NEWS
'രമണൻ' തൊണ്ണൂറ് വയസ്സ്: രമണൻ-ചന്ദ്രിക പ്രണയം ഒരു കെട്ടുകഥ- ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ വെളിപ്പെടുത്തുന്ന സത്യങ്ങൾ
13/07/2026  04:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രമണൻ തൊണ്ണൂറ് വയസ്സ്: രമണൻ-ചന്ദ്രിക പ്രണയം ഒരു കെട്ടുകഥ-  ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ വെളിപ്പെടുത്തുന്ന സത്യങ്ങൾ
രമണന് തൊണ്ണൂറ് വയസ്സ്; മലയാള കാവ്യസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്ന്. കൃതിയുടെ പേരും കഥാനായകന്റെ പേരും ഒന്നുതന്നെ. രമണൻ. മലയാളികളുടെ കാവ്യാസ്വാദനശീലം രൂപപ്പെടുന്നതിൽ രമണന്റെ പങ്ക് ചെറുതല്ല. ആ കാലഘട്ടത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയും രമണൻ തന്നെ. ഉദാത്തമായ ഒരു പ്രണയത്തിന്റെ ദുരന്തപര്യവസായിയായ കഥയാണ് രമണൻ പറയുന്നത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ കൃതിയും രമണൻ തന്നെയാണ്.
 
കഥാപ്രസംഗകർ ആയിരക്കണക്കിന് വേദികളിൽ രമണന്റെ കഥ പറഞ്ഞ് കയ്യടിനേടി-കേൾവിക്കാരുടെ കണ്ണുനയിച്ചു-പിന്നീട് ചലച്ചിത്രമായി. സാഹിത്യപണ്ഡിതർ ആദ്യം അവഗണിക്കുകയും അവഹേളിക്കുകയും ചെയ്‌തെങ്കിലും പിന്നീട് അവരും രമണനെ അംഗീകരിക്കേണ്ടിവന്നു. 'ആരണ്യക നാടകീയ വിലാപകാവ്യം' എന്നാണ് നിരൂപകർ രമണനെ വിശേഷിപ്പിക്കുന്നത്.
 
രമണൻ എന്ന  കാവ്യത്തിന്റെ അതിപ്രശസ്തിക്ക് കാവ്യഭംഗിയോടൊപ്പം തന്നെ നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന് ഉറ്റസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്. സുഹൃത്തിന്റെ മരണം സഹിക്കാനാവാത്ത ദുഃഖത്തിൽ ചങ്ങമ്പുഴ ഇങ്ങനെയൊരു വിലാപകാവ്യം എഴുതി എന്നാണ് പൊതുവെ പറയപ്പെടുന്നത്. രമണനെ അതിപ്രശസ്തനാക്കിയത് നടന്ന സംഭവത്തിന്റെ ആവിഷ്‌ക്കാരം എന്ന നിലയിൽക്കൂടിയാണ്. എന്നാൽ അത് ശരിയല്ല എന്ന് വാദിക്കുന്നവരുമുണ്ട്. ആട്ടിടയനും സുഹൃത്തുമൊക്കെയുള്ള ഗ്രാമീണ കാവ്യരീതി ഇംഗ്ലീഷിൽ നിന്ന് സ്വീകരിച്ച് ചങ്ങമ്പുഴ നേരത്തെ എഴുതിത്തുടങ്ങിയതാണെന്നും പ്രസിദ്ധീകരിച്ചത് ഇടപ്പള്ളിയുടെ മരണശേഷമാണെന്ന പ്രത്യേകതയേ ഉള്ളൂ എന്നും അവർ പറയുന്നു. 1936 ജൂലൈ മാസത്തിലാണ് ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്യുന്നത്. രമണൻ പ്രസിദ്ധീകരിക്കുന്നത് 1936 ഒക്‌ടോബറിലുമാണ്. കേവലം മൂന്നുമാസംകൊണ്ട് രമണൻ പോലുള്ളൊരു കൃതി എഴുതിത്തിരുത്തി കമ്പോസ് ചെയ്ത് (അന്ന് ഇന്നത്തെപ്പോലെ ഡിറ്റിപി അല്ലല്ലോ-ഓരോ അക്ഷരം എടുത്തുവയ്ക്കുന്ന കമ്പോസിങാണ്) അച്ചടിച്ച് പ്രസിദ്ധപ്പെടുക എന്നത് അസാധ്യമാണെന്ന് അവർ വാദിക്കുന്നു. ആ തർക്കവിഷയത്തിലേക്ക് കടക്കുന്നില്ല. ഒരുപക്ഷേ എഴുതിത്തുടങ്ങിയെങ്കിൽപ്പോലും ഇടപ്പള്ളി രാഘവൻപിള്ളയുടെ മരണശേഷമായിരിക്കാം ആ കൃതി പൂർത്തീകരിച്ചത്. അതുകൊണ്ടുതന്നെ സ്‌നേഹിതന്റെ വേർപാടിന്റെ വേദന ആ സൃഷ്ടിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ടാകാം. ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ല. അതിലേറെ പ്രസക്തമാകുന്ന മറ്റൊരു വിഷയമാണ്. കഴിഞ്ഞ തൊണ്ണൂറാണ്ടുകളായി മലയാളമനസ്സിൽ രൂഢമൂലമായിരിക്കുന്ന ചില വിശ്വാസങ്ങളും തെറ്റിദ്ധാരണകളുമാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ രമണനും ചന്ദ്രികയും തമ്മിലുള്ള പ്രണയം തന്നെയാണ്. ദുരന്തകാമുകനായി അഥവാ കാമുകിയാൽ വഞ്ചിക്കപ്പെടുന്ന ഹതഭാഗ്യനായ കാമുകനായാണ് ഇടപ്പള്ളി രാഘവൻപിള്ള മലയാളമനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. അഥവാ അങ്ങനെയൊരു ചിത്രമാണ് ചങ്ങമ്പുഴ തന്റെ കാവ്യത്തിലൂടെ ചിത്രീകരിച്ചതും, മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടതും. എന്നാൽ അതൊരു വലിയ കളവായിരുന്നു എന്നും ഇടപ്പള്ളി ദുരന്തകാമുകനല്ല ദുഷ്ടകാമുനായിരുന്നു എന്നുമാണ് പുതിയ വെളിപ്പെടുത്തൽ. വെളിപ്പെടുത്തുന്നത് മറ്റാരുമല്ല ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്വന്തം മകളായ ലളിത ചങ്ങമ്പുഴയാണ്. സ്വന്തം മാതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിട്ടറിഞ്ഞ വസ്തുതകൾ തുറന്നുപറയുകയാണ് ലളിത ചങ്ങമ്പുഴ. ഇതിലൂടെ  ഉടയുന്നത് നാം കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരുപാട് വിഗ്രഹങ്ങളാണ്. നിഷ്‌കളങ്ക കാമുകനെന്നു നാം കരുതിയ ഇടപ്പള്ളി രാഘവൻപിള്ള ചതിയനും സ്വാർത്ഥനുമായിരുന്നു എന്നു പറയുമ്പോൾ പെട്ടെന്ന് നമ്മുടെ ബോധതലത്തിന് അത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. എന്നാൽ കാര്യകാരണ സഹിതം വസ്തുനിഷ്ഠമായി ലളിത ചങ്ങമ്പുഴ പറയുന്ന കാര്യങ്ങൾ സാമാന്യബോധമുള്ളവർക്ക് ഉൾക്കൊള്ളാതിരിക്കാനുമാകില്ല.
 
കാല്പനികതയുടെ ലോകത്ത് ജീവിക്കുന്നവരാണ് കവികൾ. ഇടപ്പള്ളി രാഘവൻപിള്ളയും അതിൽ നിന്നും മുക്തനായിരുന്നില്ല. ചന്ദ്രികയുമായുള്ള പ്രണയം എന്നതുതന്നെ രാഘവൻപിള്ളയുടെ സങ്കല്പസൃഷ്ടിയാണെന്നാണ് ലളിതാ ചങ്ങമ്പുഴ പറയുന്നത്. അതിസമ്പന്ന ജന്മി കുടുംബത്തിലെ ഒരംഗമായ സ്ത്രീയോട് ഇടപ്പള്ളിക്ക് പ്രണയം തോന്നി എന്നേയുള്ളൂ എന്നും അവർ അത് പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല എന്നും പറയുന്നു.
 
ചങ്ങമ്പുഴ കവിതകളുടെ സ്വത്വമായി നിരൂപകർ ചൂണ്ടിക്കാട്ടുന്നതുതന്നെ കാല്പനിക ഭാവമാണ്. അങ്ങനെ യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകന്നുനിന്ന് തികച്ചും സങ്കല്പലോകത്ത് ഉരുത്തിരിഞ്ഞതാണത്രെ രമണൻ-ചന്ദ്രിക പ്രണയം. കവിഭാവനയുടെ കാല്പനിക ലോകത്തുനിന്നും യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവരുമ്പോൾ അതിൽ തെളിഞ്ഞുനിൽക്കുന്നത് ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യ മാത്രമാണ്. അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തിനുചുറ്റും ചങ്ങമ്പുഴ സൃഷ്ടിച്ച കാല്പനിക പരിവേഷമുള്ള കെട്ടുകഥമാത്രമാണ് രമണൻ-ചന്ദ്രിക പ്രണയമെന്നും വെളിവാക്കുന്നു. ഇവിടെ ചങ്ങമ്പുഴയെ കുറ്റപ്പെടുത്താനും കഴിയില്ല. ഒരു കാല്പനിക കാവ്യം രചിക്കുമ്പോൾ അതൊരു വിലാപകാവ്യം കൂടിയാകുമ്പോൾ  പ്രണയവും ദുരന്തവുമൊക്കെ സ്വാഭാവികം. പക്ഷേ അതിന് ജീവിച്ചിരിക്കുന്നവരോട് രൂപസാദൃശ്യം ആരോപിക്കുകയും അവരെ ദുഷ്ടരായും വഞ്ചകിയായുമൊക്കെ ചിത്രീകരിക്കുകയും ചെയ്യുമ്പോഴാണ് സമൂഹം വഴിതെറ്റിക്കപ്പെടുന്നത്. 
 
രമണൻ എന്ന കൃതി പ്രശസ്തമാകുന്നതിൽ അന്നത്തെ കഥാപ്രസംഗക്കാർക്കും വലിയ പങ്കുണ്ട്. രമണൻ കഥമാത്രം അയ്യായിരത്തോളം സ്റ്റേജിൽ പറഞ്ഞ കാഥികർ വരെ നമുക്കുണ്ട്. പക്ഷേ അവരിൽ ചിലരെങ്കിലും ചെയ്ത ദ്രോഹവും കാണാതിരിക്കാനാവില്ല. ചങ്ങമ്പുഴ എഴുതിയ രമണനെ തന്നെ അവർ മാറ്റിക്കളഞ്ഞു. ചങ്ങമ്പുഴ മനസ്സിൽപ്പോലും സങ്കൽപ്പിക്കാതിരുന്ന രമണൻ-ചന്ദ്രിക രഹസ്യവിവാഹം വരെ വേദിയിൽ പറഞ്ഞവരുണ്ട്. ഇതൊക്കെ കേട്ട സാധാരണ ജനങ്ങൾ ഇതാണ് സത്യമെന്നു വിശ്വസിക്കുന്നതും സ്വാഭാവികം.
 
എന്തായാലും കഴിഞ്ഞ തൊണ്ണൂറു വർഷങ്ങളായി കേരളീയ സമൂഹം വിശ്വസിച്ചിരുന്ന രമണൻ-ചന്ദ്രിക പ്രണയം കെട്ടുകഥമാത്രമാണെന്ന് ലളിത ചങ്ങമ്പുഴ വ്യക്തമാക്കുമ്പോൾ അത് മലയാള സാഹിത്യ ചരിത്രത്തിൽത്തന്നെ വഴിത്തിരിവാകുന്നു. മാത്രമല്ല, ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമായുള്ള ബന്ധത്തെക്കുറിച്ചും ഒരുപാട് വസ്തുതകൾ വെളിവാകുന്നുണ്ട്. മലയാളികൾ തലമുറകളായി വായിക്കുന്ന രമണൻ എന്ന കാവ്യത്തെക്കുറിച്ചും അതിലെ തെറ്റിദ്ധാരണകളെക്കുറിച്ചും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾവർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
 
? ചങ്ങമ്പുഴ കൃഷ്ണപിള്ള-ഇടപ്പള്ളി രാഘവൻപിള്ള കൂട്ടുകെട്ടിനെക്കുറിച്ച് 'ഒരേ ഞെട്ടിൽ വിരിഞ്ഞ രണ്ടുപൂക്കൾ' എന്നാണല്ലോ മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത്. ഒരേ നാട്ടുകാരായ ഇവർ തമ്മിൽ ചെറുപ്പംമുതൽ ഉറ്റ സുഹൃത്തുക്കളായിരുന്നില്ലേ.
 
ഇല്ല. മഹാകവി ആലങ്കാരികമായി അങ്ങനെ പറഞ്ഞിരിക്കാം. പക്ഷേ ചെറുപ്പത്തിൽ ബദ്ധശത്രുക്കളായിരുന്നു ഇവർ. ചങ്ങമ്പുഴയെ ഏറ്റവുമധികം പരിഹസിച്ചിരുന്നത് ഇടപ്പള്ളി രാഘവൻപിള്ളയായിരുന്നു. ചങ്ങമ്പുഴയുടെ ആദ്യകവിത പ്രസിദ്ധീകരിച്ചത് അദ്ദേഹം സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. അന്നതിനെ ഏറ്റവും മോശമായി പരിഹസിച്ച് പാരഡി എഴുതി സ്‌കൂളിൽ പാടി നടന്ന ആളാണ് ഇടപ്പള്ളി രാഘവൻപിള്ള. 
 
'ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെ രോമാഞ്ചം'
എന്നായിരുന്നു ചങ്ങമ്പുഴയുടെ കവിതയുടെ ആദ്യവരികൾ. അതിന്
'ആരുവാങ്ങുമിന്നാരുവാങ്ങുമീ
ആറുകാശിന്റെ കടലയ്ക്ക'
എന്നാണ് ഇടപ്പള്ളി എഴുതിയത്.
 
? ഇതിൽ വലിയ പരിഹാസമുണ്ടോ. ഇവിടെ കടലയ്ക്കയുടെ സാംഗത്യം എന്താണ്.
 
അതാണ് പരിഹാസത്തിന്റെ ഏറ്റവും മോശമായ ഭാഗം. ഇവിടെ കളിയാക്കിയിരിക്കുന്നത് ചങ്ങമ്പുഴയുടെ വല്യമ്മയെയാണ്. അമ്മ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു.വല്യമ്മയാണ് വളർത്തിയത്. വല്യമ്മയുടെ കവിളിൽ വലിയൊരു മറുക് (പാലുണ്ണി) ഉണ്ടായിരുന്നു. ഒരു കടലയുടെ ആകൃതിയായിരുന്നു അതിന്. അതിനാൽ വല്യമ്മയ്ക്ക് 'കടലയ്ക്ക' എന്നൊരു ഇരട്ടപ്പേരുണ്ടായിരുന്നു. അത് പരാമർശിച്ചാണ് കടലയ്ക്ക എന്നുവിശേഷിപ്പിച്ചത്. അതുപോലെതന്നെ 'എച്ചിൽതീനി' എന്നു വിളിച്ചും ചങ്ങമ്പുഴയെ പരിഹസിച്ചിരുന്നു. ഇതൊക്കെ സ്‌കൂൾ ജീവിതത്തിലെ വേദനിപ്പിച്ച അവസ്ഥകളാണ്.
 
? എന്താണ് അങ്ങനെ വിളിക്കാനുണ്ടായ കാരണം. 
 
പണ്ടുകാലത്ത് ചങ്ങമ്പുഴ കുടുംബം വലിയ സമ്പത്തിലും പ്രതാപത്തിലുമായിരുന്നെങ്കിലും പിന്നീട് അതെല്ലാം നശിച്ചു. ഇടപ്പള്ളി കൊട്ടാരത്തിലെ കാര്യസ്ഥരിൽ ഒരാളായിരുന്നു ചങ്ങമ്പുഴയുടെ അമ്മാവൻ. വല്യമ്മ ആകട്ടെ അവിടുത്തെ നെല്ലുകുത്തുകാരിയുമായിരുന്നു. ഒരുപാട് നെല്ലുകുത്തുകാരികളുണ്ടായിരുന്നു അന്ന്. അവരിലൊരാൾ. നെല്ലുകുത്ത് കഴിഞ്ഞ് വൈകിട്ട് തിരിച്ചുപോരുമ്പോൾ അവിടെ നിന്നും ബാക്കിയായ ഭക്ഷണം കൊടുത്തയക്കുമായിരുന്നു. അതിനെ കളിയാക്കി വിളിച്ചിരുന്നതാണ് ഇങ്ങനെ. അതേസമയം ഇടപ്പള്ളി രാഘവൻപിള്ളയുടെ ജീവിതം അതിലും മോശമായ അവസ്ഥയിലായിരുന്നു എന്നത് മറ്റൊരുകാര്യം.
 
? ഇടപ്പള്ളിയുടെ ബാല്യത്തെക്കുറിച്ചൊന്നും അധികമാർക്കും അറിയില്ല. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്.
 
ഞങ്ങളെല്ലാവരും  ഇടപ്പള്ളിക്കാരാണ്. അന്ന് ഇന്നത്തെപ്പോലെ നഗരം ആയിട്ടില്ലല്ലോ. വളരെക്കുറച്ച് താമസക്കാർ മാത്രമുള്ള ഗ്രാമം. അതുകൊണ്ട് എല്ലാവരെയും പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. രാഘവൻപിള്ളയുടെ അമ്മയും ചെറുപ്പത്തിലെ മരിച്ചിരുന്നു. രണ്ടാനമ്മയാണ് രാഘവൻപിള്ളയെ സംരക്ഷിച്ചിരുന്നത്. രാഘവൻപിള്ളയുടെ അച്ഛന് പറവൂർ ചൗക്കയിൽ ഒരു ചെറിയ ജോലി ഉണ്ടായിരുന്നു. ചൗക്ക എന്നുപറഞ്ഞാൽ അന്ന് രാജ്യ അതിർത്തിയിൽ ചുങ്കം പിരിച്ചിരുന്ന സ്ഥലം. തികഞ്ഞ മദ്യപനായിരുന്നു അദ്ദേഹം. കിട്ടുന്നതെല്ലാം കുടിച്ചുതീർക്കും. പോരാത്തതിന് കടംവാങ്ങിയും കുടിക്കും. ഇങ്ങനെ കുടിച്ച് വലിയൊരു തുക കടം വന്നു. കടക്കാർ എല്ലാവരും കൂടി ചൗക്കയിൽ ചെന്ന് ഒരുദിവസം ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തൽക്കാലം രക്ഷപ്പെടാനായി അവിടെ സൂക്ഷിച്ചിരുന്ന സർക്കാർ നികുതിപ്പണം എടുത്ത് കടക്കാർക്ക് കൊടുത്തു. അതുവലിയ കേസായി. അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്തു. പണം ഈടാക്കാനായി വീടും അതിരിക്കുന്ന സ്ഥലവും കണ്ടുകെട്ടുകയും  ചെയ്തു. ഒരുദിവസം രാഘവൻപിള്ള സ്‌കൂളിൽ നിന്നുവരുമ്പോൾ കാണുന്നത് സർക്കാർ സീൽ ചെയ്തിരിക്കുന്ന തന്റെ വീടാണ്. രണ്ടാനമ്മയാകട്ടെ ആരോടും ഒന്നും പറയാതെ സ്ഥലം വിട്ടിരിക്കുന്നു. എങ്ങോട്ടുപോകണമെന്നറിയാതെ തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ ആൽമരച്ചുവട്ടിൽ പോയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവിടെ അടുത്തുതന്നെയുള്ള അതിസമ്പന്നവീട്ടിലെ (വീട്ടുപേര് ഒഴിവാക്കുന്നു) ഒരാൾ ക്ഷേത്രദർശനത്തിനുവന്നു. അദ്ദേഹം ദർശനം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴും കുട്ടി അവിടെ ഇരിപ്പുണ്ട്. സമയം സന്ധ്യയാകുന്നു. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് കുട്ടിയോടു ചോദിച്ചു. കുട്ടി സാഹചര്യങ്ങൾ പറഞ്ഞു. ആ നല്ല മനുഷ്യൻ ആ കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു വലിയ തറവാടിന്റെ പടിപ്പുരയിലായിരുന്നു അവിവാഹിതനായ ആ മനുഷ്യൻ താമസിച്ചിരുന്നത്. അവിടെത്തെ സഹായിയായി കുട്ടിയെ താമസിപ്പിച്ചു. ആ കുട്ടിയാണ് ഇടപ്പള്ളി രാഘവൻപിള്ള. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ മനുഷ്യന്റെ മരുമകളായിരുന്നു രമണനിലെ കഥാപാത്രമായ ചന്ദ്രിക.
 
? മലയാളികളുടെ മനസ്സിൽ കാല്പനികതയുടെ ആർദ്രഭാവങ്ങൾ സൃഷ്ടിച്ച രണ്ടുകഥാപാത്രങ്ങളാണ് രമണനും ചന്ദ്രികയും. നിഷ്‌കളങ്കപ്രണയത്തിന്റെയും കൊടിയവഞ്ചനയുടെയും പ്രതീകമായി മാറുന്നതും ഇതിലെ കഥാപാത്രങ്ങൾ തന്നെയാണ്. ഇതുപൂർണ്ണമായും അസത്യമാണെന്നാണോ.
 
അങ്ങനെയല്ല. രാഘവൻപിള്ളയ്ക്ക് വലിയ വീട്ടിലെ കുട്ടിയോട് പ്രണയം തോന്നിയിരുന്നു. എന്നാൽ ആ കുട്ടിക്ക് തിരിച്ച് രാഘവൻപിള്ളയോട് അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. അക്കാലത്ത് ഇടപ്പള്ളിയിൽ ഉള്ള എല്ലാവർക്കും ഇതറിയാമായിരുന്നു. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെയൊരു കാവ്യരചന നടത്തിയതിൽ ചങ്ങമ്പുഴയുടെ അമ്മാവൻ ചങ്ങമ്പുഴയോട് പിണങ്ങുകയും കുറേക്കാലത്തേയ്ക്ക്  അദ്ദേഹത്തോട് സംസാരിക്കാതിരിക്കുകയും ചെയ്ത സംഭവമുണ്ട്.
 
? രമണിലെ ചന്ദ്രികയുടെ യഥാർത്ഥ പേരെന്തായിരുന്നു. നിങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നോ.
 
യഥാർത്ഥ പേര് കാർത്ത്യായനിയമ്മ എന്നായിരുന്നു. കാർത്ത്യായനിയമ്മയുടെ ഒരു മുത്തശ്ശിയെ വിവാഹം ചെയ്തിരുന്നത് അന്നത്തെ കൊച്ചിരാജ്യത്തെ ഒരു ദിവാൻ പേഷ്‌കാർ ആയിരുന്നു. (രാജാവിന്റെ പ്രധാനമന്ത്രി) ഈ കാർത്ത്യായനിയമ്മ സ്‌കൂളിൽ പോകുന്നതുപോലും നാല് തുണക്കാരികളോടൊപ്പമാണ്. ക്ഷേത്രത്തിൽപ്പോകുന്നതും അങ്ങനെ തന്നെ. അതായത് കാർത്ത്യായനിയമ്മയും ഇടപ്പള്ളിയും തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ചിട്ടുപോലും ഉണ്ടാവില്ല എന്നുസാരം. പക്ഷേ ഈ കാർത്ത്യായനിയമ്മയോട്  ഇടപ്പള്ളിക്ക് പ്രണയം തോന്നി എന്നത് സത്യമാണ്. അവരുടെ വീടിന്റെ പഠിപ്പുരയിൽ ഒരാശ്രിതനായി കഴിഞ്ഞിരുന്ന ആളായിരുന്നല്ലോ അദ്ദേഹം. അതുകൊണ്ട് ദൂരെ നിന്നൊക്കെ കാർത്ത്യായനിയമ്മയെ കണ്ടിട്ടുണ്ടാകാം.
 
? ഇടപ്പള്ളിയുടെ ഈ പ്രണയകഥ നാട്ടിൽ ആർക്കെങ്കിലും അറിയാമായിരുന്നോ.
 
ഉവ്വ്. ചങ്ങമ്പുഴ അടക്കം പലർക്കും അറിയാമായിരുന്നു. ചങ്ങമ്പുഴ തന്നെ പലപ്രാവശ്യം പിന്തിരിപ്പിക്കാൻ നോക്കിയതാണ്. പക്ഷേ ഈ ഏകപക്ഷീയപ്രണയത്തിൽ രാഘവൻപിള്ള ഉറച്ചുനിന്നു. അത് പ്രോത്സാഹിപ്പിക്കാൻ രാഘവൻപിള്ളയുടെ വേറെ കുറച്ചു സുഹൃത്തുക്കളും ഉണ്ടായിരുന്നു.
 
? ഈ വിവരം കാർത്ത്യായനിയമ്മയുടെ വീട്ടുകാർക്ക് അറിയാമായിരുന്നോ.
 
ആദ്യമൊന്നും അറിയാമായിരുന്നില്ല. പക്ഷേ പിന്നീട് അവർക്ക് മനസ്സിലായി. കാർത്ത്യായനിയമ്മയ്ക്ക് വന്നിരുന്ന വിവാഹാലോചനകൾ തുടർച്ചയായി മുടങ്ങിയപ്പോൾ അവർ അതെക്കുറിച്ച് അന്വേഷിച്ചു. അതിനുപിന്നിൽ രാഘവൻപിള്ളയും ചില സുഹൃത്തുക്കളുമാണെന്ന് അവർ മനസ്സിലാക്കി. അന്ന് ഈ കാർത്ത്യായനിയമ്മയുടെ ബന്ധുവായ ഒരു വക്കീലിന്റെ ഗുമസ്തൻ (ക്ലർക്ക്) ആയിരുന്നു രാഘവൻപിള്ള.
 
? ഇടപ്പള്ളിയിൽ ജനിച്ചുവളർന്ന രാഘവൻപിള്ള മരിക്കുന്നത് കൊല്ലത്തുവച്ചാണ്. കൊല്ലത്തുപോകാനുണ്ടായ സാഹചര്യം എന്താണ്.
 
അതും ഇതിനോടനുബന്ധിച്ചുതന്നെ പറയേണ്ടതാണ്. രാഘവൻ പിള്ളയും സുഹൃത്തുക്കളുമാണ് കാർത്ത്യായനിയമ്മയുടെ വിവാഹം മുടക്കുന്നതെന്ന് വീട്ടുകാർക്ക് മനസ്സിലായി. അതിൽ ചങ്ങമ്പുഴ പെടില്ല കേട്ടോ. ആത്മസുഹൃത്തായിരുന്നെങ്കിലും തിരിച്ചുകിട്ടാത്ത പ്രണയത്തിനായി ജീവിതം കളയാൻ ചങ്ങമ്പുഴ കൂട്ടുനിന്നിരുന്നില്ല. 
 
കാര്യങ്ങൾ വ്യക്തമായതോടെ കാർത്ത്യായനിയമ്മയുടെ വീട്ടുകാർ രാഘവൻപിള്ളയെ അവിടെ നിന്നുമാറ്റാൻ തീരുമാനിച്ചു. വക്കീൽ ഗുമസ്തനായിരുന്നല്ലോ രാഘവൻപിള്ള. കൊല്ലത്തുള്ള ഒരു വക്കീലിന്റെ ഗുമസ്തനായി അങ്ങോട്ടുമാറ്റാൻ തീരുമാനിച്ചു. കാർത്ത്യായനിയമ്മയുടെ ബന്ധുവായ വക്കീൽ അന്ന് കൊല്ലം കോടതിയിലും കേസ് നടത്തിയിരുന്നു. ആദ്യമൊന്നും രാഘവൻപിള്ള വഴങ്ങിയില്ല. ബലമായിത്തന്നെ അദ്ദേഹത്തെ ഒരു കാറിൽക്കയറ്റി കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് ഒരു ദൃക്‌സാക്ഷി പിന്നീട് പറഞ്ഞത്. മുടക്കാൻ ആളില്ലാതായതോടെ പെട്ടെന്നുതന്നെ കാർത്ത്യായനിയമ്മയുടെ വിവാഹം നിശ്ചയിച്ചു. കൊല്ലത്തെ വക്കീലിൽ നിന്നുമായിരിക്കണം വിവാഹക്കാര്യം രാഘവൻപിള്ള അറിഞ്ഞത്. എന്തായാലും വിവരം അറിഞ്ഞതോടെ രാഘവൻപിള്ളയുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹമെഴുതിയ പുതിയ കവിതകൾ അതിന്റെ ഉദാഹരണമാണ്. അവസാനത്തെ കവിതയായ 'മണിമുഴക്കം' അച്ചടിച്ചുവരുന്നത് മരണത്തിനുശേഷമാണ്. നേരത്തെ അയച്ചുകൊടുത്തിരുന്നെങ്കിലും രാഘവൻപിള്ള അവസാനമായി കത്തെഴുതിയതും ചങ്ങമ്പുഴയ്ക്കാണ്. ആ കത്ത് കിട്ടിയതോടെ ചങ്ങമ്പുഴ അസ്വസ്ഥനായി. പിറ്റേന്ന് കൊല്ലത്തുപോയി രാഘവൻപിള്ളയെ കാണണം എന്നു തീരുമാനിച്ചാണ് ഉറങ്ങാൻ കിടന്നത്. പക്ഷേ രാവിലെ ഇടപ്പള്ളിയുടെ മരണവാർത്തയാണ് എത്തിയത്. പത്രത്തിൽ വാർത്ത കണ്ടയുടനെ ചങ്ങമ്പുഴ തളർന്നുവീണു. വളരെ സമയമെടുത്താണ് അദ്ദേഹം ആത്മനിയന്ത്രണം വീണ്ടെടുത്തത്.
 
? ചെറുപ്പത്തിൽ ബദ്ധശത്രുക്കളായിരുന്ന ഇടപ്പള്ളിയും ചങ്ങമ്പുഴയും പിന്നീട് എപ്പോഴാണ് സൗഹൃദത്തിലായത്.
 
അതിന് നിമിത്തമായത് ഇടപ്പള്ളിക്കൊട്ടാരത്തിലെ തന്നെ ഒരു വ്യക്തിയാണ്. പേര് ഞാൻ മറന്നു. ഇന്നത്തെ പ്രശസ്ത നിരൂപകൻ ഡോ.എസ്.കെ.വസന്തന്റെ അമ്മാവനായിരുന്നു അദ്ദേഹം എന്നാണ് എന്റെ ഓർമ്മ. അന്ന് ഇടപ്പള്ളിയിൽ ഒരു സാഹിത്യകൂട്ടായ്മ സമാജം സംഘടിപ്പിച്ചിരുന്നു. ഞാൻ നേരത്തെ പറഞ്ഞ കൊട്ടാരത്തിലെത്തിയ ഒരു വ്യക്തിയായിരുന്നു മുൻകൈ എടുത്തത്. ഒരു രാഘവവാര്യരും മുൻപന്തിയിൽ ഉണ്ടായിരുന്നു. ചങ്ങമ്പുഴ അതിൽ സജീവ അംഗമായിരുന്നു. നല്ല കവി എന്ന നിലയിൽ ഇടപ്പള്ളി രാഘവൻപിള്ളയെയും അതിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവർ തമ്മിലുള്ള പിണക്കം ഒഴിവാക്കാൻ കൂടിയായിരുന്നു. അപ്പോഴേയ്ക്കും രണ്ടുപേരും സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞിരുന്നു.  സാഹിത്യചർച്ചയിലും മറ്റും അവർ ഒരേ അഭിപ്രായക്കാരായിരുന്നു. ഈ അടുപ്പം പിന്നീട് വലിയ ആത്മബന്ധമായി മാറി.
 
? കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ രമണനോളം ചലനം സൃഷ്ടിച്ച മറ്റൊരു കാവ്യമില്ല. അക്കാലത്ത് ഒരു രചന അച്ചടിക്കുക എന്നത് എളുപ്പമായിരുന്നില്ല, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. രമണൻ ആദ്യം അച്ചടിച്ചതിനെക്കുറിച്ച് അറിയാമോ.
 
അതിനെക്കുറിച്ച് അച്ഛൻ അമ്മയോട് വിശദമായി പറഞ്ഞിരുന്നു. കവി എന്ന നിലയിൽ അച്ഛൻ പ്രശസ്തനായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അന്ന് വിദ്യാർത്ഥിയും ആയിരുന്നല്ലോ. ഒരു ചിറ്റമ്മയാണ് അദ്ദേഹത്തെ പഠിപ്പിച്ചിരുന്നത്. അവരും സമ്പന്നയായിരുന്നില്ല.
രമണൻ എഴുതിക്കഴിഞ്ഞ് അച്ചടിക്കാനുള്ള സാമ്പത്തികസഹായത്തിനായി പലരെയും സമീപിച്ചു. ആരും സഹായിച്ചില്ല. ആലുവയിൽ രണ്ടു വ്യവസായ പ്രമുഖരുണ്ട്, അവരെ സമീപിച്ചാൽ കാര്യം നടക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെ ആലുവായ്ക്ക് പുറപ്പെട്ടു. ഇടപ്പള്ളിയിൽ നിന്നും ആലുവയ്ക്ക് ട്രെയിനിലാണ് അന്ന് പോയിരുന്നത്. ആലുവയിൽ എത്തി അവരെ കണ്ടെങ്കിലും കാര്യം നടന്നില്ല. നിരാശനായി തിരിച്ചുപോരാനായി റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു പരിചയക്കാരനെ കണ്ടു. അദ്ദേഹവുമായി സംസാരിച്ച കൂട്ടത്തിൽ വന്നകാര്യം നടക്കാത്ത വിഷമവും പങ്കുവെച്ചു. അബ്ദുൾ ഹനീഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എറണാകുളത്ത് ഒരു മിഠായി ഫാക്ടറി ഒക്കെയുള്ള സമ്പന്നൻ. അദ്ദേഹത്തിന്റ മകനാണ് പ്രശസ്തനായ ഡോ. മുഹമ്മദ് ഫൈസി.
 
ചങ്ങമ്പുഴയുടെ വിഷമം മനസ്സിലാക്കിയ അബ്ദുൾ ഹനീഫ് സമാധാനിപ്പിച്ചു. നാളെ രാവിലെ തന്നെ വന്നുകാണണമെന്ന് പറഞ്ഞു രമണന്റെ കൈയെഴുത്തുപ്രതി വാങ്ങി. വരാനുള്ള വണ്ടിക്കൂലിയായി അഞ്ചുരൂപയും നൽകി. പിറ്റേന്ന് ചെന്നപ്പോൾ അദ്ദേഹം അച്ചടിച്ചു കൊടുക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ആയിരം കോപ്പി അച്ചടിച്ചു. അന്ന് തൃശ്ശൂർ മംഗളോദയത്തിന്റെ പ്രതാപകാലമാണ്. അവിടാണ് അച്ചടിപ്പിച്ചത്. ആദ്യകോപ്പി അബ്ദുൾ ഹനീഫിന് തന്നെ നൽകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ അദ്ദേഹം അത് സമ്മതിച്ചില്ല. ആദ്യത്തെ കോപ്പി കുറ്റിപ്പുഴ കൃഷ്ണപിള്ളയ്ക്ക് നൽകാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. അങ്ങനെ പ്രശസ്ത നിരൂപകനായ പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ളയ്ക്ക് കോപ്പിനൽകാൻ ചങ്ങമ്പുഴ ചെന്നു. കുറ്റിപ്പുഴയാകട്ടെ തന്റെ അമ്മയെ വിളിച്ച് ആദ്യപ്രതി കൈപ്പറ്റണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ആദ്യപ്രതി കുറ്റിപ്പുഴയുടെ അമ്മയാണ് സ്വീകരിച്ചത്. അവർ അതിനുപകരമായി അഞ്ചുരൂപയും നൽകി. പുസ്തകത്തിന് നാല് അണയോ മറ്റോ വിലയുള്ള കാലത്താണ് (ഇന്നത്തെ 25 പൈസ) ഈ അഞ്ചുരൂപ കൊടുക്കുന്നത്. അഞ്ചുകോപ്പിയാണ് കൊണ്ടുപോയിരുന്നത്.  ബാക്കി  നാലുകോപ്പി കുറ്റിപ്പുഴയും വാങ്ങിവച്ചു. ഒരു നല്ല തുക അച്ഛന് സംഭാവനയായി നൽകി. അതാണ് രമണന്റെ തുടക്കം.
 
? മുപ്പത്തിയേഴാം വയസ്സിൽ മരിച്ചുവെങ്കിലും മലയാളഭാഷ ഉള്ളിടത്തോളം കാലം ചങ്ങമ്പുഴയെയും ഓർമ്മിക്കും. അറുപതോളം കാവ്യങ്ങൾ, വിവർത്തനങ്ങൾ. ഇങ്ങനെ കനപ്പെട്ട നിരവധി സാഹിത്യസൃഷ്ടികൾ. ഇത്രയ്ക്കും പ്രതിഭാശാലിയായ പിതാവിന്റെ മക്കളൊന്നും സാഹിത്യരംഗത്തേക്ക് എത്തിയില്ലല്ലോ.
 
അതിനുകാരണം അമ്മയാണ്. അച്ഛൻ ചങ്ങമ്പുഴ അതിപ്രശസ്തനായിരുന്നെങ്കിലും സാമ്പത്തികമായി ഒട്ടും മികച്ചനിലയിലായിരുന്നില്ല. സാഹിത്യം കൊണ്ട് അക്കാലത്ത് ജീവിക്കാൻ പ്രയാസമായിരുന്നു. അതുകൊണ്ട് മക്കളൊന്നും സാഹിത്യരംഗവുമായി ബന്ധപ്പെടുന്നത് അമ്മയ്ക്കിഷ്ടമായിരുന്നില്ല. ഞാൻ പതിനഞ്ചാം വയസ്സിൽ ഒരു നോവലെഴുതിയതാണ്. സന്തോഷത്തോടെ അത് കാണിച്ചപ്പോൾ ജ്യേഷ്ഠൻ വലിച്ചൊരേറ്. തുറന്നുപോലും നോക്കാതെ- മുറ്റത്തെ ചെളിവെള്ളത്തിൽ അലിഞ്ഞുപോയി എന്റെ നോവലും എഴുതാനുള്ള ആഗ്രഹവും. ഇപ്പോൾ ഞാനൊരു നോവൽ എഴുതുന്നുണ്ട്. ഇടപ്പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട്.
 
അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം കേവലം എട്ടുവർഷമേ നീണ്ടുനിന്നുള്ളൂ. അമ്മയുടെ പതിനേഴാം വയസ്സിലായിരുന്നു വിവാഹം. ഇരുപത്തഞ്ചാം വയസ്സിൽ വിധവയായി. പിന്നീട് ഞങ്ങൾ മൂന്നുമക്കളെ വളർത്താനാണ് അമ്മ ജീവിതം ഉഴിഞ്ഞുവച്ചത്. ആകെ നാലുമക്കളായിരുന്നു ഞങ്ങൾ. ഒരാൾ അകാലത്തിൽ മരണമടഞ്ഞു. അത് അച്ഛനെ ഒരുപാട് വേദനിപ്പിച്ചിരുന്നു. എന്റെ മുത്തസഹോദരൻ ശ്രീകുമാർ. ടിസിഎസ്സിലായിരുന്നു ജോലി. പിന്നെ അജിത-പിന്നെ ഞാൻ. ഇപ്പോൾ മക്കളിൽ  ഞാൻ മാത്രമേയുള്ളൂ.
 
? ശ്രീദേവി ചങ്ങമ്പുഴ ഓർമ്മക്കുറിപ്പുകൾ എഴുതിയിരുന്നല്ലോ. അതിൽ ചങ്ങമ്പുഴയുമായുള്ള അസ്വാരസ്യങ്ങളൊക്കെ പറയുന്നുണ്ടല്ലോ.
 
അമ്മയുടെ അച്ഛൻ സ്‌കൂൾ മാഷായിരുന്നു. ചങ്ങമ്പുഴയുടെ ഗുരുനാഥനും. അദ്ദേഹത്തിന്റെ താൽപ്പര്യപ്രകാരമാണ് പന്ത്രണ്ടുവയസ്സു കൂടുതലുണ്ടായിരുന്ന ചങ്ങമ്പുഴയുമായുള്ള വിവാഹം നടത്തിയത്. സത്യത്തിൽ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. അന്നത്തെ കാലത്ത് പെൺകുട്ടികളുടെ ഇഷ്ടമൊന്നും ആരും നോക്കിയിരുന്നില്ല. എട്ടുവർഷം മാത്രം നീണ്ട വിവാഹജീവിതത്തിൽ രണ്ടുവർഷക്കാലം അമ്മ പിണങ്ങി സ്വന്തം വീട്ടിൽ നിന്നിരുന്നു. പിന്നീട് അച്ഛന് തൃശ്ശൂർ മംഗളോദയത്തിൽ ജോലി കിട്ടിയപ്പോൾ പിണക്കം മറന്ന് അമ്മയെ വന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. മംഗളോദയത്തിൽ ജോലിചെയ്തിരുന്ന കാലം മാത്രമാണ് സുഖവും സന്തോഷവും അറിഞ്ഞത് എന്ന് അമ്മ പറയാറുണ്ടായിരുന്നു.
 
? മലയാളസാഹിത്യലോകത്ത് പ്രകമ്പനം സൃഷ്ടിച്ച രണ്ടു കാവ്യങ്ങളാണ് രമണനും വാഴക്കുലയും. രണ്ടുതരത്തിലായിരുന്നെങ്കിലും ചങ്ങന്വുഴയിലെ ഒരു വിപ്ലവകാരിയെ അല്ലേ വാഴക്കുലയിൽ കാണുന്നത്.
 
അതെ. വാഴക്കുല ഭാവനാ സൃഷ്ടിയല്ല. അച്ഛൻ നേരിൽക്കണ്ട ഒരു കാഴ്ചയാണ് ആ കൃതി എഴുതാൻ കാരണം. അച്ഛൻ കണക്കനെ വിളിക്കാൻ (തെങ്ങുകയറ്റക്കാരനെ  കണക്കനെന്നാണ് അന്ന് വിളിച്ചിരുന്നത്) പോകുമ്പോൾ ഒരു പാടവരമ്പത്ത് ചെറിയ ഒരു കുടിലും അതിന്റെ മുറ്റത്ത് കളിക്കുന്ന ഏതാനും കുട്ടികളെയും കണ്ടു. ഒരുവലിയ വാഴ മുറ്റത്ത് കുലച്ചു നിന്നിരുന്നു. അതിന്റെ ചുവട്ടിലാണ് കുട്ടികൾ കളിച്ചിരുന്നത്. കണക്കന്റെ വീട്ടിൽ പോയി മടങ്ങിവരുമ്പോൾ ഈ കുടിലിൽ നിന്നും വലിയ നിലവിളി കേട്ടു. അച്ഛൻ അങ്ങോട്ടുചെന്നു. അപ്പോഴാണ് കണ്ടത് കുലച്ചു നിന്ന വാഴക്കുല വെട്ടി ജന്മി കൊണ്ടുപോകുകയാണ്. ആ കാഴ്ചകണ്ടാണ് കുട്ടികൾ നിലവിളിച്ചത്. അച്ഛന്റെ മനസ്സിൽ തീവ്രവേദനയായി ആ കാഴ്ച കിടന്നു. അതിൽ നിന്നും പിറന്ന കാവ്യമാണ് വാഴക്കുല. അക്കാലത്ത് അത് സാധാരണസംഭവമായിരുന്നെങ്കിലും അച്ഛനെപ്പോലെ ആർദ്രമനസ്‌ക്കനായ ഒരു കവിക്ക് അത് താങ്ങാവുന്നതിലും അപ്പുറമല്ലേ.
 
? കാലത്തെ അതിജീവിച്ച കൃതികളാണ് രമണനും വാഴക്കുലയുമൊക്കെ. രമണൻ രചിച്ചിട്ട് ഒരു നൂറ്റാണ്ടോളമാകുന്നു. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറുവർഷം. ഇക്കാലമത്രയും ജനങ്ങൾ വിശ്വസിച്ചിരുന്നത് ഒരു യഥാർത്ഥ സംഭവത്തിന്റെ കാവ്യാവിഷ്‌ക്കാരമാണ് രമണൻ എന്നാണല്ലോ.
 
പക്ഷെ സത്യം അതല്ലല്ലോ. എനിക്കെന്നല്ല അന്ന് ഇടപ്പള്ളിയിലുള്ള എല്ലാവർക്കും ഇതറിയാം. വസ്തുതകൾ തുറന്നുപറയുന്നത് തെറ്റല്ല. അതുകൊണ്ട് രമണൻ എന്ന അനശ്വരകൃതിയുടെ മൂല്യം നഷ്ടപ്പെടുന്നുമില്ല. ഒരുപാട് ചരിത്രസംഭവങ്ങൾ ഇപ്പോഴും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ഇടപ്പള്ളി എന്ന ദേശത്തിനുതന്നെ ഒരുപാട് ചരിത്രമുണ്ട്. അതൊക്കെ അനാവരണം ചെയ്യുന്ന നോവലാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ എനിക്കോ എന്റെ തലമുറയ്‌ക്കോ മാത്രം അറിയാവുന്ന ചരിത്രസത്യങ്ങൾ. അവ രേഖപ്പെടുത്തിയില്ലെങ്കിൽ അത് ചരിത്രത്തോട് തന്നെ ചെയ്യുന്ന അനീതിയായിരിക്കും. അതുകൊണ്ടാണ് ഈ പ്രായത്തിലും ഞാൻ അങ്ങനെയൊരു ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരുപാട് ചരിത്രസംഭവങ്ങൾ അടയാളപ്പെടുത്തുന്ന നോവലായിരിക്കും അത്. ഞങ്ങളുടെ പൂർവ്വികരും അതിൽ കഥാപാത്രങ്ങളാകുന്നുണ്ട്; ഉടൻ പ്രസിദ്ധീകരിക്കും.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img