11:09pm 08 June 2026
NEWS
രാമലിംഗ റെഡ്‌ഡി വഴങ്ങി ; ഉപമുഖ്യമന്ത്രി പദം വേണമെന്ന് കെ എച്ച് മുനിയപ്പ.
08/06/2026  10:55 AM IST
വിഷ്ണുമംഗലം കുമാർ
രാമലിംഗ റെഡ്‌ഡി വഴങ്ങി ; ഉപമുഖ്യമന്ത്രി പദം വേണമെന്ന് കെ എച്ച് മുനിയപ്പ

കർണാടകം:  മുതിർന്ന നേതാവായ രാമലിംഗ റെഡ്‌ഡി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഗതാഗതവകുപ്പാണ് റെഡ്‌ഡി കൈകാര്യം ചെയ്തിരുന്നത്. ബംഗളുരുവിലെ ജയനഗർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന റെഡ്‌ഡി മുമ്പും പലതവണ മന്ത്രിയായിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന് ബംഗളുരു നഗര വികസന വകുപ്പ് നൽകാമെന്ന് മുഖ്യമന്ത്രി ശിവകുമാർ വാഗ്ദാനം ചെയ്തിരുന്നത്രെ. സിദ്ധരാമയ്യ മന്ത്രിസഭയിൽ ശിവകുമാർ തന്നെ കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പാണിത്. പക്ഷെ ബംഗളുരു ബൈട്ടരായണയെ പ്രതിനിധീകരിക്കുന്ന കൃഷ്ണ ബൈരെഗൗഡയ്ക്കാണ് ആ വകുപ്പ് ശിവകുമാർ നൽകിയത്. ജലസേചന വകുപ്പാണ് റെഡ്‌ഡിയ്‌ക്ക് അനുവദിച്ചത്. അതിൽ പ്രകോപിതനായാണ് ചുമതല ഏറ്റെടുക്കുക പോലും ചെയ്യാതെ അദ്ദേഹം പത്രസമ്മേളനം വിളിച്ച് മന്ത്രിസ്ഥാനം രാജിവെച്ചത്. അതാകട്ടെ മുഖ്യമന്ത്രി ശിവകുമാറിനും കോൺഗ്രസ്സ് ഹൈക്കമാണ്ടിനും വലിയ ക്ഷീണമായി. കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺധീപ് സുർജെവാലയും ശിവകുമാറും പലവട്ടം സംസാരിച്ചാണ് റെഡ്‌ഡിയെ ഒരുവിധം അനുനയിപ്പിച്ചത്. മറ്റുചില വകുപ്പുകൾ കൂടി നൽകാമെന്നുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് റെഡ്‌ഡി രാജി പിൻവലിച്ചത്. മറ്റൊരു മുതിർന്ന നേതാവായ കെ എച്ച് മുനിയപ്പ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പുകളാണ് മുനിയപ്പയ്‌ക്ക് നൽകിയിട്ടുള്ളത്. പട്ടികജാതി( ഇടത് ) വിഭാഗം നേതാവാണ് മുനിയപ്പ. പട്ടികജാതി (വലത്) വിഭാഗം നേതാവായ ഡോക്ടർ ജി പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കിയത് സമുദായിക സന്തുലനാവസ്ഥ തകിടം മറിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുനിയപ്പ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത്. യുപിഎ ഭരിക്കുമ്പോൾ കേന്ദ്രത്തിൽ മന്ത്രിയായിട്ടുള്ള ദളിത് നേതാവാണ് മുനിയപ്പ. സംസ്ഥാനത്ത് സിദ്ധരാമയ്യ മന്ത്രിസഭയിലും അംഗമായിരുന്നു. ഈ പ്രശ്നത്തിന് മുഖ്യമന്ത്രി ശിവകുമാർ എങ്ങനെ പരിഹാരം കാണുമെന്ന് വ്യക്തമല്ല. രാജ്യസഭ, എം എൽ സി തെരഞ്ഞെടുപ്പുകൾക്ക് ശേഷമേ മന്ത്രിസഭാ വികസനവും വകുപ്പ്, സ്ഥാനമാറ്റങ്ങൾ ഉണ്ടെങ്കിൽ അതും നടക്കുകയുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img