03:48am 13 November 2026
NEWS
ആത്മീയതയും പൈതൃകവും ലയിക്കുന്ന ഖത്തറിലെ റമദാൻ
22/02/2026  06:16 PM IST
ആത്മീയതയും പൈതൃകവും ലയിക്കുന്ന ഖത്തറിലെ റമദാൻ

പി വി എ നാസർ 


ദോഹ:വിശുദ്ധ റമദാൻ ഖത്തറിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വ്രതാനുഷ്ഠാന കാലമല്ല; അത് തലമുറകളിലേക്ക് കൈമാറപ്പെടുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ആഘോഷം കൂടിയാണ്. 
മഗ്‌രിബ് ബാങ്കിന് തൊട്ടുമുമ്പ് പീരങ്കി മുഴങ്ങുന്ന കാഴ്ച ഖത്തറിന്റെ പൗരാണിക സ്മരണകളിലൊന്നാണ്.  സൂഖ് വാഖിഫ്, ലുസൈൽ തുടങ്ങിയ ഇടങ്ങളിൽ സ്വദേശികളും വിദേശികളും ഒരുപോലെ ഈ ദൃശ്യം ആസ്വദിക്കാൻ ഒത്തുചേരുന്നു.ഖത്തറി അടുക്കളകളിലെ റമദാൻ തനിമ വിളിച്ചോതുന്ന വിഭവങ്ങളാണ് ഹരീസ്, തരീദ്, ലുഖൈമാത്ത്, മജ്ബൂസ് എന്നിവ. ഇവയില്ലാതെ ഖത്തറിലെ നോമ്പുതുറ പൂർണ്ണമാകില്ല.
റമദാൻ പതിനാലാം രാവിൽ ഖത്തറിന്റെ തെരുവുകളിൽ പാട്ടുകളുടെയും ചിരിയുടെയും മണിമുഴക്കമുയരും.  'ഗരംഗാവോ'രാത്രി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ കുരുന്നുകൾ തോളിൽ തുണിസഞ്ചികളുമായി വീടുകൾ തോറും കയറിയിറങ്ങും. ഈണത്തിൽ പാട്ടുകൾ പാടി അവർ ശേഖരിക്കുന്ന മിഠായികളും അണ്ടിപ്പരിപ്പുകളും കേവലം മധുരപലഹാരങ്ങളല്ല, മറിച്ച് ഖത്തറി പൈതൃകം കുട്ടികൾക്ക് പകർന്നു നൽകുന്ന സന്തോഷത്തിന്റെ കരുതൽ കൂടിയാണ്.
​സൗഹൃദങ്ങൾ പുതുക്കാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി റമദാൻ രാത്രികളിൽ ഖത്തറിലെ മജ്‌ലിസുകൾ സജീവമാകും. അതിഥികളെ സ്വീകരിക്കുന്ന ഖത്തറി ആതിഥേയത്വത്തിന്റെ നേർച്ചിത്രമാണിത്.അയൽവാസികൾ തമ്മിൽ ഭക്ഷണവും സമ്മാനങ്ങളും പങ്കുവെക്കുന്ന രീതി ഇന്നും ഖത്തറിൽ ശക്തമാണ്. ഇത് ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നു.
നഗരവീഥികളും വീടുകളും റമദാൻ വിളക്കുകളാലും (Fanous) മനോഹരമായ ദീപാലങ്കാരങ്ങളാലും ഖത്തറിലെ രാത്രികളെ  ഉത്സവമയമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img