
കുവൈത്ത് സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറച്ചു. ജീവനക്കാർക്ക് ഇഷ്ടമുള്ള സമയത്ത് ജോലി ആരംഭിക്കാൻ അനുമതി നൽകുന്ന ഫ്ലെക്സിബിൾ സംവിധാനവും നടപ്പിലാക്കി. രാവിലെ 8.30 മുതൽ 10.30 വരെ ഏത് സമയത്തും ജോലിയിൽ പ്രവേശിക്കാം. ജോലിയിൽ പ്രവേശിക്കുന്ന സമയം മുതൽ നാലര മണിക്കൂർ പൂർത്തിയാക്കിയാൽ മതിയാകും.
ബയോമെട്രിക് (ഫിംഗർപ്രിന്റ്) സംവിധാനത്തിലൂടെയായിരിക്കും ഹാജർ രേഖപ്പെടുത്തുക. ഈവനിംഗ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് വൈകിട്ട് 6.45ന് ശേഷം മാത്രമേ ഡ്യൂട്ടി ആരംഭിക്കാൻ അനുമതിയുള്ളൂ. റമസാനിൽ വനിതാ ജീവനക്കാർക്ക് ജോലി സമയം അവസാനിക്കുന്നതിന് 15 മിനിറ്റ് മുൻപേ പുറപ്പെടാനും അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, കുവൈത്ത് തൊഴിൽ നിയമപ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ റമദാനിലെ ജോലി സമയം 6 മണിക്കൂർ ആയിരിക്കും. അധികമായി ജോലി ചെയ്താൽ (ഓവർടൈം) നിയമപ്രകാരം അധിക വേതനം നൽകണം.
മുസ്ലിം ജീവനക്കാർക്കും മുസ്ലിം അല്ലാത്തവർക്കും റമദാൻ ജോലി സമയം ഒരുപോലെ ബാധകമാണ്. സാധാരണയായി മിക്ക സ്വകാര്യ സ്ഥാപനങ്ങളും രാവിലെ 9ന് ജോലി ആരംഭിച്ച് ഉച്ചയ്ക്ക് 3ന് അവസാനിക്കുന്ന രീതിയിലാണ് ജോലി സമയം ക്രമീകരിക്കുന്നത്.











