
ദോഹ: റമദാൻ കേവലം ഒരു മാസക്കാലത്തെ ഉപവാസമല്ല, മറിച്ച് മനസ്സിനെ ശുദ്ധീകരിക്കാനും ദൈവത്തോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും ലഭിക്കുന്ന അസുലഭമായ അവസരമാണെന്ന് വിശുദ്ധ മാസത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് പണ്ഡിതർ വ്യക്തമാക്കുന്നു.തന്റെ ജീവിതത്തെക്കുറിച്ചും, സ്വഭാവദൂഷ്യങ്ങളെക്കുറിച്ചും ഒരോ വിശ്വാസിയും റമദാനിൽ ചിന്തിക്കേണ്ടതുണ്ട്. ദൈവത്തിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ച് ധ്യാനിക്കുന്നത് വിശ്വാസം വർദ്ധിപ്പിക്കാനും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനും സഹായിക്കുന്നു. "നിങ്ങൾ എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കും" എന്ന ഖുർആൻ വചനം മുറുകെ പിടിച്ച് ദൈവസ്മരണയിൽ മുഴുകാൻ ഈ മാസം പ്രേരിപ്പിക്കുന്നു.നോമ്പിലൂടെ അനുഭവിക്കുന്ന വിശപ്പും ദാഹവും ലോകമെമ്പാടും പട്ടിണി അനുഭവിക്കുന്ന പാവപ്പെട്ടവരുടെ പ്രയാസങ്ങളെ ഓർമ്മിപ്പിക്കാനുള്ളതാണ്. ദരിദ്രരെയും അശരണരെയും സഹായിക്കുന്നതിലൂടെയും അവർക്ക് അന്നമെത്തിക്കുന്നതിലൂടെയുമാണ് തഖ്വ (ദൈവഭക്തി) പൂർണ്ണമാകുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ) റമദാനിൽ ഏറ്റവും കൂടുതൽ ഔദാര്യം കാണിച്ചിരുന്ന മാതൃക നാം പിന്തുടരണമെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.മനുഷ്യന്റെ അഹങ്കാരം, മടി, അത്യാഗ്രഹം എന്നിവയെ നിയന്ത്രിക്കാൻ ഉപവാസം സഹായിക്കുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കുമ്പോൾ മനസ്സ് കൂടുതൽ ശാന്തമാവുകയും ദൈവത്തോടുള്ള കീഴ്വണക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുകയും ചെയ്യുന്നു.
റമദാൻ അവസാനിക്കുമ്പോഴേക്കും പഴയ അവസ്ഥയിലേക്ക് മടങ്ങാതെ, ഈ ആത്മീയ മാറ്റം ജീവിതത്തിലുടനീളം നിലനിർത്താനാണ് ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടത്.











