
ബെംഗളൂരു: യുവതികളുമൊത്തുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക ഡിജിപിക്ക് സസ്പെൻഷൻ. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും നാല് മാസം ബാക്കിനിൽക്കെയാണ് സസ്പെൻഷൻ.
യുവതികളുമായി തന്റെ ഓഫീസ് മുറിയിൽ കെ രാമചന്ദ്ര റാവു കാമകേളികളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യൂണിഫോമിലുള്ള റാവു യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബന്ധപ്പെട്ട വകുപ്പിനോട് അന്വേഷിച്ച ശേഷം സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിറക്കുകയായിരുന്നു. വീഡിയോ കാണാൻ ഇടയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഒരു പൊലീസ് ആസ്ഥാനത്ത് എങ്ങനെ ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യമാണ് ഉന്നയിച്ചത്.
ഔദ്യോഗിക കാര്യാലയത്തിൽ വെച്ചുള്ള ഡിജിപിയുടെ പെരുമാറ്റം നിയമങ്ങളുടെ ലംഘനമാണെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിക്കുന്നതല്ലെന്നും പൊലീസ് സേനക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് രാമചന്ദ്ര റാവു രംഗത്തെത്തിയിരുന്നു. മോർഫ് ചെയ്തുള്ള വീഡിയോയാണ് പ്രചരിച്ചത് എന്ന വാദമായിരുന്നു രാമചന്ദ്ര റാവു ഉയർത്തിയത്. വീഡിയോ കണ്ട് താൻ തന്നെ ഞെട്ടിയെന്ന് പറഞ്ഞ രാമചന്ദ്ര റാവു സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. സംഭവത്തെ കുറിച്ച് സംസാരിക്കുന്നതിനായി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയിരുന്നില്ല. മുൻപ് റാവുവിന്റെ വളർത്ത് മകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവു വിവാദത്തിൽപ്പെട്ടിരുന്നു.











