11:03pm 18 September 2026
NEWS
വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍ രാജ്‌നാഥ് സിങ്
18/09/2026  09:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍ രാജ്‌നാഥ് സിങ്

കൊച്ചി: രാമായണത്തിന്റെ മൂല്യങ്ങളില്‍ ഊന്നിയാണ് ഭാരതം പുരോഗതിയിലേയ്ക്ക് കുതിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാരതം സാസ്‌കാരിക നവോത്ഥാനത്തിന്റെ ഉയര്‍ച്ചക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. രാമന്റെ ഒന്‍പത് ഗുണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് രാജ്യത്ത് വികസനം മുന്നോട്ട് പോകുന്നത്. ഈ ഗുണങ്ങള്‍ മഹത്തായ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുവാന്‍ സാധിക്കും. സാഹചര്യങ്ങള്‍ എന്തായാലും ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണത്തിന് നാം സമഗ്രതയോടെയും അച്ചടക്കത്തോടെയും മുന്നോട്ടുപോകണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച വണ്‍ എപിക,് മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട് ത്രിദിന ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. 2014ന് മുന്‍പ് ഭാരതത്തിന് നിരാശ ഉണ്ടായിരുന്നു. അഴിമതി ദുര്‍ഭരണം എല്ലാം സാധാരണക്കാരുടെ മനോവീര്യത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിനായി ഒരു റോഡ് മാപ്പ് തയാറാക്കി. കഴിഞ്ഞ 12 വര്‍ഷമായി ലോകം കൊവിഡ് 19 പോലുള്ള മഹാമാരിയെ അഭിമുഖീകരിക്കുമ്പോഴും നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോഴും അത് ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ നമ്മള്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവസരമാക്കിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തല്‍ഫലമായി സ്വാശ്രയവും വികസിതവുമായ രാഷ്ട്രമായി മാറി നാം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്.  നമ്മെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയും ചെയ്ത ദുഷ്ട ശക്തികളെ ഉന്‍മൂലനം ചെയ്യാന്‍ ഏത് അതിര്‍ത്തി കടക്കാനും തയാറാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭാരതം കാണിച്ചുകൊടുത്തു. നക്‌സലിസവും അവസാനിച്ചിരിക്കുകയാണ്. നമ്മുടെ യുവത്വമാണ് ഏറ്റവും വലിയ ശക്തി. യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിക്കുന്നു. യൂണിക്കോണ്‍ കമ്പനികള്‍ സൃഷ്ടിക്കുന്നു. അവരുടെ പുരുഷാര്‍ത്ഥത്തിലൂടെ ഭാരതം ഒരു വികസിത രാഷ്ട്രമായി മാറ്റുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറല്ല. കഴിഞ്ഞ 12 വര്‍ഷ  കാലത്തിനുള്ളില്‍ 25 കോടിയിലേറെ ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയിട്ടുണ്ട്. ഭാരതത്തിന്റെ ജനാധിപത്യത്തിന്റെയും ക്ഷേമപദ്ധതികളുടെയും വിജയമായാലും ഭാരതമിന്ന് ലോകത്തിന് പ്രചോദനമായി മാറിയിരിക്കുകയാണ്. നമ്മുടെ യുപിഎ സംവിധാനം പത്തിലേറെ രാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.  സാമ്പത്തികമായി  മാത്രമല്ല, തന്ത്രപരമായും നാം വളര്‍ന്നിട്ടുണ്ട്. തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദനം ഇപ്പോള്‍ 1.8 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. ഇത് മുന്‍കാലങ്ങളില്‍ വെറും 40,000 കോടി രൂപ മാത്രമായിരുന്നു. നൂറോളം രാജ്യങ്ങളിലേയ്ക്ക് നമ്മള്‍ കയറ്റുമതി ചെയ്യുന്നു. ഭാരതത്തില്‍ നിര്‍മിച്ച ആയുധങ്ങളാണ് നമ്മള്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ന് ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, ബയോ ഫ്യുവല്‍ അലയന്‍സ് എന്നിവയിലൂടെ ഭാരതമിന്ന് ലോകത്തിന്റെ നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുവരികയാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ടും സാംസ്‌കാരിക നവോത്ഥാനം അപൂര്‍വമായി കിടക്കുകയായിരുന്നു. ശ്രീരാമനെക്കാള്‍ നന്നായി ഭാരതത്തെ പ്രതിനിധീകരിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക. സ്വാതന്ത്ര്യത്തിനുശേഷം ഏഴു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു രാമക്ഷേത്രം ഉയരാന്‍. പ്രീണനരാഷ്ട്രീയവും ഭാരതത്തില്‍ അടിച്ചേല്‍പിക്കപ്പെട്ട വികലമായ മതേതരത്വവുംമൂലമാണ് ഇത് സംഭവിച്ചത്. നമ്മുടെ യുവാക്കളെ നമ്മുടെ സംസ്‌കാരത്തില്‍ ബോധവാന്‍മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ദേശീയ ബോധം ശക്തമാക്കാന്‍ ഇതാവശ്യമാണ്. ചടങ്ങില്‍ സ്വാഗതസംഘം അധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്‍. രാജേഷ്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍ നമ്പൂതിരി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍  സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img