
സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിൽ നിർണ്ണായക മാറ്റം വരുത്തിയ സംഭവമാണ് 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അയോദ്ധ്യയെ കേന്ദ്രീകരിച്ച് നടന്ന രാമ ജന്മഭൂമി പ്രക്ഷോഭം. 1990 ൽ എൽ.കെ. അദ്വാനി നടത്തിയ രഥയാത്ര, 1992 ഡിസംബർ 6 ന് ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സംഭവം. ഇവ രണ്ടുമാണ് ഇന്ത്യൻ ജനാധിപത്യത്തിലും മതേതരത്വത്തിലും ആഴത്തിലുള്ള മുറിവേൽപ്പിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർ.എസ്.എസിന്റെ ദീർഘകാല ലക്ഷ്യങ്ങൾക്കും പരിശ്രമങ്ങൾക്കും അവരാഗ്രഹിച്ച ഫലം ഉണ്ടാക്കി കൊടുത്തത്.
രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയ ഉദയത്തിനും ബി.ജെ.പിയുടെ രാഷ്ട്രീയവളർച്ചയ്ക്കും അയോദ്ധ്യയും രാമജന്മഭൂമിയെക്കുറിച്ചുള്ള വൈകാരികതയും നൽകിയ സംഭാവന ഏറ്റവും നിർണ്ണായകമായിരുന്നു. രാമക്ഷേത്ര നിർമ്മാണം എന്നത് സംഘപരിവാറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശവും വാഗ്ദാനവുമായിരുന്നു. വിശ്വാസത്തെ രാഷ്ട്രീയവുമായി സംയോജിപ്പിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം സ്വന്തമാക്കാൻ ഇത് ബി.ജെ.പിയെ സഹായിച്ചു.
2019 ലെ സുപ്രീംകോടതി വിധിയിലൂടെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനായി ഹിന്ദുവിഭാഗത്തിന് വിട്ടുകിട്ടി. 2024 ജനുവരിയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നു. ഈ ശ്രീരാമക്ഷേത്രം നിർമ്മിച്ചത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് (SRJBT KSHETRA) ആണ്. 2020 ഫെബ്രുവരി 5 നാണ് പ്രധാനമന്ത്രി ലോക്‌സഭയിൽ ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചത്. മഹന്ത് നൃത്യഗോപാൽ ദാസ് ജി മഹാരാജ് പ്രസിഡണ്ടും ചമ്പത് റായി ജനറൽ സെക്രട്ടറിയുമായ 15 അംഗ ട്രസ്റ്റിൽ 12 അംഗങ്ങളെയും ഇന്ത്യാ ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യുകയായിരുന്നു. എക്‌സ്ഒഫിഷ്യോ അംഗമായ നൃപേന്ദ്രമിശ്ര ഐ.എ.എസ് ആയിരുന്നു ക്ഷേത്രനിർമ്മാണക്കമ്മിറ്റിയുടെ ചെയർമാൻ.
രാഷ്ട്രീയപ്രാധാന്യം നൽകിയ പ്രശസ്തി കൂടിയായപ്പോൾ രാജ്യത്തെമ്പാടുമുള്ള ലക്ഷോപലക്ഷം വിശ്വാസസമൂഹം തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം വിശ്വാസത്തിന്റെ പ്രതീകമായ ശ്രീരാമക്ഷേത്രത്തിൽ കാണിക്കയർപ്പിച്ചു. പാവപ്പെട്ടവന്റെ ചില്ലിക്കാശ് മുതൽ പണക്കാരൻ സമർപ്പിച്ച കോടികൾ വരെ അതിലുണ്ട്. പ്രതിമാസം ഏകദേശം 12 കോടി രൂപ വരെ ലഭിച്ചിരുന്നുവെന്ന് ട്രസ്റ്റിലുള്ളവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം അയ്യായിരം കോടിയിലേറെ രൂപ ലഭിച്ചെന്നാണ് അനൗദ്യോഗികക്കണക്ക്.
ഇങ്ങനെ ലഭ്യമായ പണം ട്രസ്റ്റിന്റെ ചുമതലക്കാർ തന്നെ വലിയ തോതിൽ അപഹരിച്ചു എന്നത് രാജ്യത്തെ വിശ്വാസികളുടെ മനസ്സിൽ അഗാധമായ മുറിവേൽപ്പിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷനായിരുന്ന രാമക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ആർ.എസ്.എസ് നേതാവായ ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജികൊണ്ട് ഉണങ്ങുന്നതല്ല വിശ്വാസികളുടെ മനസ്സിലേറ്റ മുറിവ്.
ആദ്യം ആരോപണം ഉന്നയിച്ചത് സമാജ് പാർട്ടി നേതാവ് പവൻ പാണ്ഡെയാണെങ്കിലും ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ബി.ജെ.പി നേതാവ് ഡോ. രജനീഷ് സിങ് ആണ്. തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര അയോദ്ധ്യയിൽ നടത്തിയത് വൻകൊള്ളയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നു. അതോടെ രാജ്യം ഞെട്ടി. ഇതിനുപിന്നിൽ മോദി- യോഗി വൈരം കാണുന്നവരുണ്ട്. എന്തായാലും ആർ.എസ്.എസ് നയിക്കുന്ന സംഘപരിവാരത്തിന്റെ ധാർമ്മികതയ്ക്കും വിശ്വാസ്യതയ്ക്കും വലിയ മങ്ങലേൽപ്പിച്ചുകഴിഞ്ഞിരിക്കുന്നു രാമക്ഷേത്രത്തിൽ നടന്ന കൊള്ളയും അഴിമതിയും.










