
ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ അവ ഉരുക്കി സ്വർണ്ണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഈ സാധ്യത അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നത്. സ്വർണ്ണത്തിനും വെള്ളിക്കുമെല്ലാം രൂപമാറ്റം വരുത്തി യഥാർത്ഥ തിരിച്ചറിയൽ ഒഴിവാക്കിയിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ഉദ്യോഗസ്ഥർ രാമക്ഷേത്രം സന്ദർശിച്ച് ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള കെ.ഡി. ബാബുവിൽ നിന്ന് വിശദമായ മൊഴിയെടുത്തു. ക്ഷേത്രത്തിൽ ലഭിച്ച വിലപിടിപ്പുള്ള ആഭരണങ്ങളുടെയും മറ്റ് വഴിപാടുകളുടെയും കണക്ക്, അവയുടെ സൂക്ഷിപ്പ്, സുരക്ഷാ സംവിധാനങ്ങൾ, പരിപാലന രീതി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സംഘം ശേഖരിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായുള്ള ഇടപാടുകളുടെ രേഖകളും ബാങ്കുകളിലേക്ക് കൈമാറിയ സ്വർണ്ണ-വെള്ളി ശേഖരങ്ങളുടെ കണക്കുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, ക്ഷേത്ര ട്രസ്റ്റ് പണമായി ലഭിച്ച സംഭാവനകളുടെ കണക്കുകൾ കൃത്യമായി സൂക്ഷിച്ചിരുന്നെങ്കിലും, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സ്റ്റോക്ക്, മൂല്യം എന്നിവ ട്രസ്റ്റ് യോഗങ്ങളിൽ വിശദമായി വിലയിരുത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ക്ഷേത്രത്തിന് ഇതുവരെ ഏകദേശം 20 കിലോ സ്വർണ്ണവും 13 ക്വിന്റൽ വെള്ളിയും ലഭിച്ചിട്ടുണ്ടെന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന നിർമ്മാണച്ചെലവുകളും ക്ഷേത്രത്തിന് ലഭിച്ച വിലപിടിപ്പുള്ള വഴിപാടുകളുടെയും കണക്കുകളും ഉൾപ്പെടുത്തി ട്രസ്റ്റിന്റെ സാമ്പത്തിക രേഖകൾ സമഗ്രമായി പുനഃപരിശോധിക്കാൻ എസ്‌ഐടി തീരുമാനിച്ചു.
കേസിൽ സംഭാവനകൾ എണ്ണുന്ന ജോലിയിൽ ഉണ്ടായിരുന്ന എട്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ അവിനാഷ് ശുക്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ട്രസ്റ്റ് ഭാരവാഹികളായ ചമ്പത്ത് റായ്, അനിൽ മിശ്ര എന്നിവർ രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്.










