03:01am 29 June 2026
NEWS
രാമക്ഷേത്രം തുറന്നതോടെ ജീവിതത്തിൽ 'സമ്പദ്സമൃദ്ധിയുണ്ടായി'; വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകൾ വരെ; ആസ്തി നൂറിരട്ടിയോളം വർധിച്ചു; കാണിക്കകൊള്ള പുറത്തുവന്നത് പണം പങ്കിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്
28/06/2026  07:46 PM IST
nila
 രാമക്ഷേത്രം തുറന്നതോടെ ജീവിതത്തിൽ സമ്പദ്സമൃദ്ധിയുണ്ടായി; വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകൾ വരെ; ആസ്തി നൂറിരട്ടിയോളം വർധിച്ചു; കാണിക്കകൊള്ള പുറത്തുവന്നത് പണം പങ്കിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭക്തർ സമർപ്പിച്ച കാണിക്കയിൽ വൻ ക്രമക്കേട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കാണിക്ക വഞ്ചികളിൽ നിന്നുള്ള പണവും സ്വർണാഭരണങ്ങളും എണ്ണുന്ന ചുമതല വഹിച്ചിരുന്ന എട്ട് ജീവനക്കാർ ചേർന്ന് ഏകദേശം 7.75 കോടി രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

അന്വേഷണത്തിനിടെ പ്രതികളുടെ സ്വത്തുക്കളിൽ അസാധാരണമായ വർധനവ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ചിലരുടെ ആസ്തി നൂറിരട്ടിയിലധികം വർധിച്ചതായും, ആഡംബര ഹോട്ടലുകൾ, ഭൂമി, റെസിഡൻഷ്യൽ പ്ലോട്ടുകൾ തുടങ്ങിയവ വാങ്ങിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേസിൽ അവിനാഷ് ശുക്ല, അനുകല്പ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിനു യാദവ് എന്നിവരടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിയെടുത്ത പണം പങ്കിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ ഇടയായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

കാണിക്ക എണ്ണുന്നതിനിടെ പ്രതികൾ പണവും ആഭരണങ്ങളും അപഹരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ ചില പ്രതികൾ വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ മായ്ക്കാനും മൊബൈൽ ഫോണുകൾ ഫോർമാറ്റ് ചെയ്യാനും ശ്രമിച്ചെങ്കിലും, സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും അന്വേഷണത്തിൽ നിർണായകമായി.

പ്രതികളിലൊരാളായ അനുകല്പ് മിശ്രയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണത്തിന് കരുത്തായി. ക്ഷേത്ര ട്രസ്റ്റിൽ ജോലി ലഭിച്ചതിന് പിന്നാലെ അനുകല്പിന്റെയും കുടുംബത്തിന്റെയും ജീവിതശൈലിയിൽ വലിയ മാറ്റമുണ്ടായതായി ബന്ധുവായ നേഹ മിശ്ര പോലീസിനോട് വെളിപ്പെടുത്തി. അതേസമയം, ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനത്തെയും കൺട്രോൾ റൂം ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും പങ്കിനെയും കുറിച്ച് പ്രത്യേക വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനകം 80 ലക്ഷം രൂപ മാത്രമാണ് അന്വേഷണ സംഘത്തിന് വീണ്ടെടുക്കാനായത്. ബാക്കി തുക കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ മുഴുവൻ വ്യാപ്തി പുറത്തുകൊണ്ടുവരുന്നതിനുമായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img