08:04pm 14 June 2024
NEWS
രാജ്യസഭാ സീറ്റിനെക്കാളും വലുത് മുന്നണിയുടെ കെട്ടുറപ്പെന്ന് തിരിച്ചറിഞ്ഞ് സിപിഎം

11/06/2024  08:04 AM IST
nila
രാജ്യസഭാ സീറ്റിനെക്കാളും വലുത് മുന്നണിയുടെ കെട്ടുറപ്പെന്ന് തിരിച്ചറിഞ്ഞ് സിപിഎം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെക്കാളും വലുത് മുന്നണിയുടെ കെട്ടുറപ്പെന്ന് തിരിച്ചറിഞ്ഞ് സിപിഎം. സംസ്ഥാനത്ത് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയിക്കാനാകുന്നത് രണ്ട് സീറ്റുകളിലാണ്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോൺ​ഗ്രസ് എം യുഡിഎഫിലായിരുന്നപ്പോഴാണ് ജോസ് കെ മാണിക്ക് സീറ്റ് നൽകിയത്. പാർട്ടി യുഡിഎഫ് വിട്ടപ്പോൾ ജോസ് കെ മാണി രാജ്യസഭാം​ഗത്വം രാജിവച്ചെങ്കിലും പിന്നീട് ആ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ജോസ് കെ മാണി സീറ്റ് നിലനിർത്തി. ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതെങ്കിലും സിപിഐയും കേരള കോൺ​ഗ്രസ് എമ്മും രാജ്യസഭാ സീറ്റിനായി തർക്കം ഉന്നയിച്ചതോടെ ഒരു രാജ്യസഭാ സീറ്റ് ത്യജിച്ചും മുന്നണിയുടെ കെട്ടുറപ്പ് നിലനിർത്താനാണ് സിപിഎം ശ്രമിച്ചത്.

സംസ്ഥാനത്തെ രാഷ്ട്രീയ കാലവസ്ഥയിലെ മാറ്റം തിരിച്ചറിഞ്ഞ് തന്നെയാണ് സിപിഎം രണ്ട് സീറ്റുകളും ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും നേതാക്കളുടെ ശൈലിയിൽ മാറ്റം വരുത്തണമെന്നും നേതൃത്വം തിരിച്ചറിയുന്നുണ്ട്. ജനവിധിയുടെ സന്ദേശം പാർട്ടി ഉൾക്കൊള്ളുന്നതിന്റെ സൂചനയാണ് രാജ്യസഭാ സീറ്റ് വിഭജനത്തിൽ സിപിഎം കൈകൊണ്ട നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. 

ഇടത് മുന്നണിയിൽ ഘടക കക്ഷികൾക്ക് സീറ്റ് വിട്ടുകൊടുത്ത ചരിത്രം സിപിഎമ്മിനില്ല. ഘടകകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ ആർ എസ് പിയും ജനതാ ദളുമൊക്കെ മുന്നണി വിടുകയും ചെയ്ത ചരിത്രവുമുണ്ട്. എന്നാൽ ഇപ്പോൾ സീറ്റുകൾ വിട്ടുനൽകിയും മുന്നണിയെ ശക്തിപ്പെടുത്താനാണ് സിപിഎം ശ്രമം.

സിപിഐ പ്രതിനിധിയായി പി പി സുനീറും കേരള കോൺ​ഗ്രസ് എം പ്രതിനിധിയായി ജോസ് കെ മാണിയുമാണ് ഇക്കുറി രാജ്യസഭയിലെത്തുക. മുസ്ലീം ലീ​ഗിന്റെ അഡ്വ. ഹാരിസ് ബീരാനും ഇക്കുറി രാജ്യസഭയിലെത്തും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA